വാഷിങ്ടണ്‍: കേംബ്രിഡ്ജ് അനലിറ്റിക്ക അമ്പത് ദശലക്ഷം ആളുകളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്ത സംഭവത്തില്‍ ഫേസ്ബുക്കിനെ കൂട്ടുപ്രതിയാക്കി യു.എസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു. ഫേസ്ബുക്ക് ഉപഭോക്താക്കളുടെ അറിവില്ലാതെ അവരുടെ വിവരങ്ങള്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു കാമ്പെയ്‌നില്‍ ഉപയോഗിച്ച കേംബ്രിഡ്ജ് അനലിറ്റിക്കയുടെ പ്രചരണ തന്ത്രം “ന്യൂയോര്‍ക്ക് ടൈംസും” “ഒബ്സര്‍വറും” ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വ്യക്തമായത്.
ഫേസ്ബുക്കില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തിയതെങ്ങിനെ?
ഫേസ്ബുക്ക് ഉപേഭാക്താക്കളുടെ അടിസ്ഥാന പ്രൊഫൈല്‍ വിവരങ്ങളും അവരുടെ “ലൈക്കു”കള്‍ നിരീക്ഷിച്ച് ഇഷ്ടാനിഷ്ടാനങ്ങളും ശേഖരിക്കാന്‍ യു.എസ് രാഷ്ട്രീയ കണ്‍സള്‍ട്ടന്‍സി കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്ക അമേരിക്കന്‍ ഗവേഷകനായ അലക്സാണ്ടര്‍ കോഗനെ 2014ല്‍ നിയമിച്ചു. പേഴ്സണാലിറ്റീ സര്‍വേക്കായി കോഗന്‍ വികസിപ്പിച്ച “ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ്” എന്ന ആപ്ലിക്കേഷന്‍ 270,000 ഫേസ്ബുക്ക് ഉപഭോക്താക്കളാണ് ഉപയോഗിച്ചത്. ഈ ആപ്ലിക്കേഷന്‍ അതിന്റെ ഉപഭോക്താക്കളുടെ മാത്രമല്ല, അവരുടെ മുഴുവന്‍ ഫേസ്ബുക്ക്
സുഹൃത്തുക്കളുടേതടക്കം 50 ദശലക്ഷം ആളുകളുടെ വിവരങ്ങളാണ് ശേഖരിച്ചത്. ഉപഭോക്താക്കളുടെയും അവരുടെ ഫേസ്ബുക്ക് സുഹൃത്തുക്കളുടെയും വിവരങ്ങള്‍ ശേഖരിക്കുമെന്ന വിവരം ആപ്ലിക്കേഷന്‍ സേവന നിബന്ധനകളില്‍ വ്യക്തമാക്കിയിരുന്നു.
വിവര ശേഖരണം ഫേസ്ബുക്കിന്റെ സമ്മത്തോടെയോ?
ഈ വിവര ശേഖരണം ഫേസ്ബുക്കിന്റെ സമ്മത്തോടെയായിരുന്നു എന്ന് ഫേസ്ബുക്ക് നയങ്ങളില്‍ നിന്നും വ്യക്തമാണ്. മറ്റ് ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് 2007 മുതല്‍ ഫേസ്ബുക്ക് പ്ലാറ്റ്‌ഫോം അനുവദിച്ചു നല്‍കിയിട്ടുണ്ട്. കോഗന്‍ നിര്‍മിച്ച ആപ്ലിക്കേഷന് എഫ്.ബി പ്രൈവസി സെറ്റിങ്സ് കര്‍ശനമാക്കിയിട്ടില്ലാത്തവരുടെ സുഹൃത്തുക്കളുടെ വിവരങ്ങളും ശേഖരിക്കാന്‍ ഫേസ്ബുക്ക് അനുമതി നല്‍കിയിരുന്നു.
ഫേസ്ബുക്കിന്റെ പ്രതികരണം
കോഗന്‍ തങ്ങളോട് “നുണ” പറഞ്ഞെന്നും തങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നുമാണ് ഫേസ്ബുക്കിന്റെ ഇപ്പോഴത്തെ വാദം. ഒരു റിസേര്‍ച്ചുമായി ബന്ധപ്പെട്ടാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെന്നാണ് കോഗന്‍ തങ്ങളെ അറിയിച്ചിരുന്നതെന്നും ശേഖരിച്ച വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്കക്കു കൈമാറുകവഴി കോഗന്‍ എഫ്.ബി നയങ്ങള്‍ തെറ്റിച്ച് വിവരങ്ങള്‍ ദുരുപയോഗം ചെയ്തിരിക്കുകയാണെന്നും ഫേസ്ബുക്ക് ആരോപിച്ചു. അതേസമയം, കരാര്‍ ലംഘിച്ചിട്ടില്ലെന്നും വാണിജ്യാവശ്യത്തിനാണ് വിവരശേഖരണമെന്ന് ടേംസ് ആന്‍ഡ് കണ്‍ഡീഷന്‍സില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പറഞ്ഞ് കോഗനും രംഗത്തെത്തി. 2015ല്‍ ഈ സാഹചര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്, ശേഖരിച്ച വിവരങ്ങള്‍ കോഗനോടും അനുബന്ധ സ്ഥാപനങ്ങളോടും നശിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു എന്നും ഫേസ്ബുക്ക് പറയുന്നു. കേംബ്രിഡ്ജ് അനലിറ്റിക്കയടക്കമുള്ള സ്ഥാപനങ്ങള്‍ വിവരങ്ങള്‍ നശിപ്പിച്ചതായി അറിയിക്കുകയുണ്ടായി എന്നും ഫേസ്ബുക്ക് വ്യക്തമാക്കി. എന്നാല്‍ ശേഖരിച്ച വിവരങ്ങള്‍ ഇനിയും പൂര്‍ണമായി നശിപ്പിക്കപ്പെട്ടിട്ടില്ലെന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.
സ്നോഡന്‍ വിമര്‍ശിക്കുന്നു
ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ ഫേസ്ബുക്കും കേംബ്രിഡ്ജ് അനലിറ്റക്കയും പത്രത്തിനെതിരെ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും പ്രസിദ്ധീകരണം തടയാന്‍ തുടര്‍ച്ചയായി ശ്രമിക്കുകയും ചെയ്തതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടര്‍ കരോള്‍ കാഡ്വാല്ലഡ്ര്‍ വ്യക്തമാക്കിയിരുന്നു. വാര്‍ത്ത പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ മറ്റുള്ളവരില്‍ കുറ്റം ചുമത്തി ഫേസ്ബുക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളുടെ വിവരങ്ങളെ ചൂഷണം ചെയ്തും വിറ്റുമാണ് ഫേസ്ബുക്ക് പണം സമ്പാദിക്കുന്നതെന്ന വിമര്‍ശനം മുന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി ഉദ്യോഗസ്ഥനും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പൗരന്‍മാരുടെ വ്യക്തിവിരങ്ങള്‍ ചോര്‍ത്തുന്നതായി വെളിപ്പെടുത്തുകയും ചെയ്ത എഡ്വേഡ് സ്നോഡനും കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. “സാമൂഹിക മാധ്യമം”എന്ന് ബ്രാന്‍ഡ് ചെയ്യപ്പെട്ട ഒരു “സര്‍വെയിലന്‍സ് കമ്പനി”യാണ് ഫേസ്ബുക്ക് എന്നും അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്കിലെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയതല്ല; ഫേസ്ബുക്ക് ഈ കൃത്യത്തില്‍ കൂട്ടുപ്രതികളാണ് അദ്ദേഹം പറഞ്ഞു.
എന്താണ് കേംബ്രിഡ്ജ് അനലിറ്റിക്ക?
ഫേസ്ബുക്കിലൂടെയും മറ്റ് ആപ്ലിക്കേഷനുകളിലൂടെയും വ്യക്തിവിവരങ്ങള്‍ ശേഖരിച്ച് അവരുടെ ഇടപെടലുകളെ മനസ്സിലാക്കി തെരഞ്ഞെടുപ്പു വേളയില്‍ കാമ്പെയ്‌നുകള്‍ വഴി വോട്ടര്‍മാരെ സ്വാധീനിക്കുകയെന്നതാണ് കേംബ്രിഡ്ജ് അനലിറ്റിക്ക ചെയ്തുവരുന്നത്. റിനൈസ്ന്‍സ് ടെക്നോളജീസിന്റെ മുന്‍ സി.ഇ.ഒയും ട്രംപിന്റെ കടുത്ത അനുകൂലിയുമായ സ്റ്റീവ് ബാന്നണായിരുന്നു കേംബ്രിഡ്ജ് അനലിറ്റിക്കയുടെ മുഖ്യ നിക്ഷേപകന്‍. എട്ട് ലക്ഷത്തിലധികം യു.എസ് ഡോളറാണ് ഈ ആപ്ലിക്കേഷനു വേണ്ടി കേംബ്രിഡ്ജ് അനലിറ്റിക്ക കോഗന് നല്‍കിയതെന്ന് കമ്പനിയുടെ സാമ്പത്തിക ഇടപാടുകളുടെ കണക്കുകള്‍ നിരത്തി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നിയമ ലംഘനം?
യു.കെയില്‍ വ്യക്തി വിവരങ്ങള്‍ സമ്മതത്തോടെയല്ലാതെ ശേഖരിക്കുന്നതിനും വില്‍ക്കുന്നതിനും കര്‍ശനമായ സംരക്ഷണ നിയമങ്ങളുണ്ട്. മുന്‍പ് ഉയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തില്‍ വ്യക്തികളുടെ കൃത്യമായ സമ്മതത്തോടെയല്ലാതെ വിവരങ്ങള്‍ വില്‍ക്കില്ലെന്ന് 2011ല്‍ ഫേസ്ബുക്ക് ഫെഡറല്‍ ട്രേഡ് കമ്മീഷന് ഉറപ്പു നല്‍കിയിരുന്നു. ഈ നിയമങ്ങള്‍ ഫേസ്ബുക്ക് ലംഘിച്ചുണ്ടോ എന്നാണ് കമ്മീഷന്‍ ഇപ്പോള്‍ അന്വേഷിക്കുന്നത്. സംഭവത്തില്‍ ഫേസ്ബുക്കിന്റെ ഇടപെടല്‍ വ്യക്തമായാല്‍ കനത്ത പിഴ നല്‍കേണ്ടിവരും എന്നാണ് സൂചന. വിവാദങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 17 മുതല്‍ ഫേസ്ബുക്ക് ഓഹരി വന്‍ ഇടിവാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
(കടപ്പാട്: ബ്ലൂംബെര്‍ഗ്‌ടെക്‌നോളജി)
Related News:
കേംബ്രിഡ്ജ് അനലിറ്റിക്ക വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്ത സംഭവത്തില്‍ ഫേസ്ബുക്ക് കൂട്ടുപ്രതി