ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായതിന് പിന്നാലെ പ്രധാനപ്പെട്ട തീരുമാനവുമായി രംഗത്ത് വന്നിരിക്കുകയാണ് സിദ്ധരാമയ്യ. തന്റെ വാഹനം കടന്ന് പോകുമ്പോള്‍ മറ്റുളള വാഹനങ്ങളെ തടഞ്ഞ് നിര്‍ത്തുന്ന രീതി പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.
സീറോ ട്രാഫിക് പ്രോട്ടോക്കോള്‍ എടുത്തു കളയാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.
‘എന്റെ വാഹനം കടന്ന് പോകുമ്പോഴുള്ള സീറോ ട്രാഫിക് പ്രോട്ടോക്കോള്‍ എടുത്ത് കളയാന്‍ ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. സീറോ ട്രാഫിക് മൂലം പൊതു ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കണ്ടത് കൊണ്ടാണ് ഇത്തരത്തിലുള്ള തീരുമാനം കൈകൊണ്ടത്,’ സിദ്ധരാമയ്യ പറഞ്ഞു.
ശനിയാഴ്ചയാണ് സിദ്ധരാമയ്യ കര്‍ണാടകയിലെ ഇരുപത്തിനാലാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്‌ലോട്ടാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
പിന്നാലെ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ ഡി.കെ. ശിവകുമാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. ഇവരെ കൂടാതെ എട്ട് എം.എല്‍.എമാര്‍ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഉച്ചയ്ക്ക് 12.30ന്ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിച്ചത്.
ജി. പരമേശ്വര, മല്ലികാര്‍ജുന്‍ ഖാര്‍ഖെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഖെ, കെ.ജെ. ജോര്‍ജ്, എന്‍.എ ഹാരിസ്, കെ.എച്ച് മുനിയപ്പ, എം.ബി പട്ടീല്‍, സമീര്‍ അഹമ്മദ് ഖാന്‍, രാമലിംഗ റെഡ്ഡി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഖെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. എന്നാല്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുത്തില്ല. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍,മെഹബൂബ മുഫ്തി, കമല്‍ നാഥ്, സീതാറാം യെച്ചൂരി, കമല്‍ ഹാസന്‍, ഫാറൂഖ് അബ്ദുല്ല തുടങ്ങിയ പ്രമുഖരും സത്യപ്രതിജ്ഞ കാണാന്‍ എത്തിയിരുന്നു. ബി.ജെ.പി ഇതര നേതാക്കളെ മാത്രമാണ് ചടങ്ങിന് ക്ഷണിച്ചിരുന്നത്.
CONTENT HIGHLIGHT: Understanding people’s plight; Siddaramaiah to remove zero traffic