കോടി ക്ലബ്ബിന്റെ മാത്രമല്ല അണ്ടര്‍റേറ്റഡ് ചിത്രങ്ങളുടെ കൂടി 2024
Entertainment
കോടി ക്ലബ്ബിന്റെ മാത്രമല്ല അണ്ടര്‍റേറ്റഡ് ചിത്രങ്ങളുടെ കൂടി 2024
ഹണി ജേക്കബ്ബ്
Monday, 30th December 2024, 1:31 pm

ഇതുപോലൊരു വര്‍ഷം തന്റെ പന്ത്രണ്ട് വര്‍ഷത്തെ കരിയറില്‍ കണ്ടിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ടൊവിനോ തോമസ് പറഞ്ഞിരുന്നു. അതെ മലയാള സിനിമ മേഖലയെ സംബന്ധിച്ചിടത്തോളം ഒരുപാട് വിസ്മയങ്ങള്‍ തീര്‍ത്ത വര്‍ഷമായിരുന്നു 2024. 206 ഓളം ചിത്രങ്ങള്‍ മലയാളത്തില്‍ നിന്ന് ഈ വര്‍ഷം റിലീസിനെത്തിയിരുന്നു. അതില്‍ 22 ചിത്രങ്ങള്‍ മാത്രമാണ് നിര്‍മാതാവിന് ലാഭമുണ്ടാക്കിയത്. എന്നാല്‍ ലാഭ നഷ്ട കണക്കുകള്‍ മാറ്റിനിര്‍ത്തിയാല്‍ മലയാള സിനിമ ക്വാളിറ്റികൊണ്ട് തിളങ്ങിയ വര്‍ഷമായിരുന്നു ഇത്.

വര്‍ഷത്തിന്റെ ആദ്യ പകുതി മലയാള സിനിമ മേഖലക്ക് ബമ്പറായിരുന്നു. ഇറക്കിയതില്‍ ഭൂരിഭാഗവും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു. മറ്റ് ഇന്‍ഡസ്ട്രികളെല്ലാം ഒരു ചിത്രമെങ്കിലും ഹിറ്റടിക്കാന്‍ കഷ്ടപ്പെട്ടപ്പോള്‍ മലയാളം തൊട്ടതെല്ലാം പൊന്നാക്കി. എന്നാല്‍ ഇതിനിടയില്‍ അര്‍ഹിച്ചിട്ടും മികച്ച വിജയം നേടാതെ പോയ ചിത്രങ്ങളും അനവധിയാണ്. കുറച്ചുകൂടെ പ്രേക്ഷകരെ അര്‍ഹിച്ച എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് തിയേറ്ററില്‍ തകര്‍ന്നടിഞ്ഞ ചിത്രങ്ങളെ കുറിച്ചും ഓര്‍ക്കാതെ ഈ വര്‍ഷത്തെ പറഞ്ഞുവിടാന്‍ കഴിയില്ല.

അത്തരത്തിലുള്ള ചില ചിത്രങ്ങളാണ് ഗോളം, മലൈക്കോട്ടൈ വാലിബന്‍, അഡിയോസ് അമിഗോ, ലെവല്‍ ക്രോസ്സ്, വിശേഷം, ഫാമിലി, അഞ്ചക്കള്ളകോക്കാന്‍, ഭരതനാട്യം, പെരുമാനി, പല്ലൊട്ടി തുടങ്ങിയവ.

മലയാളത്തിന്റെ മോഹന്‍ലാലിനെ അവതരിപ്പിച്ചുകൊണ്ടുള്ള ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബന്‍. റിലീസിന് മുമ്പ് വലിയ രീതിയില്‍ ഹൈപ്പ് ഉണ്ടായിരുന്ന ചിത്രത്തിന് എന്നാല്‍ തിയേറ്ററിലെത്തിയപ്പോള്‍ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. മലൈക്കോട്ടൈ വാലിബന്‍ ഒരു അണ്ടര്‍റേറ്റഡ് ആണെന്ന് പറയുമ്പോള്‍ ചിലപ്പോള്‍ വായിക്കുന്ന പലര്‍ക്കും ചെറിയ രീതിയില്‍ കല്ലുകടി തോന്നിയെന്ന് വരാം. എന്നാല്‍ മലയാള സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വേറിട്ടൊരു ചലച്ചിത്രാനുഭവം തന്നെയായിരുന്നു ഇത്. ഒരു മുത്തശ്ശിക്കഥ പോലെയും അമര്‍ ചിത്രകഥ പോലെയുമെല്ലാം സഞ്ചരിച്ച ചിത്രം തീര്‍ച്ചയായും ഇതില്‍ കൂടുതല്‍ പ്രേക്ഷകരെ അര്‍ഹിച്ചിരുന്നു.

മലയാളത്തിന് നിന്ന് അടുത്തതായി പിറന്ന അണ്ടര്‍റേറ്റഡ് മൂവിയാണ് ഗോളം. അണ്ടര്‍റേറ്റഡ് എന്ന വാക്കിനോട് നൂറ് ശതമാനവും ചേരുന്ന പേരാണ് ഗോളം. സംജാദ് സഹ-രചനയും സംവിധാനവും നിര്‍വഹിച്ച ഈ വര്‍ഷമിറങ്ങിയ മികച്ച ത്രില്ലര്‍ ചിത്രങ്ങളോടൊപ്പം ചേര്‍ത്തുവായിക്കേണ്ട സിനിമയാണ് ഗോളം. ഒരു ശതമാനം പോലും ലാഗില്ലാതെ കാണുന്ന ഓരോ പ്രേക്ഷകനും അടുത്തത് എന്താണെന്ന ആകാംക്ഷ നിറച്ച ചിത്രമായിരുന്നു ഇത്. മികച്ച തിയേറ്റര്‍ എക്‌സ്‌പെരിയന്‍സ് ലഭിക്കുമായിരുന്ന ഗോളവും എന്നാല്‍ പരാജയപ്പെടുകയായിരുന്നു. ചിത്രം ഒ.ടി.ടി ഇറങ്ങിയ ശേഷം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

വ്യത്യസ്ത ലുക്കില്‍ ആസിഫ് അലി എത്തിയ സിനിമയായിരുന്നു അഡിയോസ് അമിഗോ. പറവൂരുകാരനായി ആസിഫ് എത്തിയപ്പോള്‍ കട്ടക്ക് നില്‍ക്കാന്‍ സുരാജ് വെഞ്ഞാറമൂടും ഉണ്ടായിരുന്നു. കോമഡിക്കും മാനുഷീക മൂല്യങ്ങള്‍ക്കും പ്രാധാന്യം നല്‍കിയ ചിത്രത്തിനും സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ ഒ.ടി.ടി ഇറങ്ങിയ ശേഷം പലരും അഡിയോസ് അമിഗോയുടെ പരാജയത്തെ കുറിച്ചോര്‍ത്ത് നെടുവീര്‍പ്പിട്ടു.

ആസിഫ് അലിയുടെ തന്നെ ഈ വര്‍ഷമിറങ്ങിയ മറ്റൊരു മാസ്റ്റര്‍ പീസ് ചിത്രമാണ് ലെവല്‍ ക്രോസ്സ്. ആസിഫ് അലി, അമല പോള്‍, ഷറഫുദ്ദീന്‍ എന്നീ മൂന്നേ മൂന്ന് ആര്‍ട്ടിസ്റ്റുകളെ മാത്രം വെച്ച് അര്‍ഫാസ് അയൂബ് രചനയും സംവിധാനവും നിര്‍വഹിച്ച പരീക്ഷണ ചിത്രമായിരുന്നു ഇത്. ഒന്ന് തെറ്റിയാല്‍ പാളിപ്പോകാവുന്ന ചിത്രത്തെ വളരെ കയ്യടക്കത്തോടെ സംവിധായകന്‍ അവതരിപ്പിച്ചപ്പോള്‍ കാണുന്നവര്‍ക്ക് ലെവല്‍ ക്രോസ്സ് സിനിമ ആസ്വാദനത്തിന്റെ നെക്സ്റ്റ് ലെവല്‍ അപ്ഡേഷന്‍ ആയിരുന്നു. എന്നാല്‍ ലെവല്‍ ക്രോസ്സും തിയേറ്ററില്‍ ദാരുണമായി തകര്‍ന്നടിഞ്ഞു.

ആനന്ദ് മധുസൂദനന്‍, ചിന്നു ചാന്ദ്നി എന്നിവരുടെ അസാധ്യ പെര്‍ഫോമന്‍സ് ഹൈലൈറ്റായ സിനിമയായിരുന്നു വിശേഷം. ഈ വര്‍ഷമിറങ്ങിയ മികച്ച ഫീല്‍ ഗുഡ് ചിത്രങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ചിത്രത്തിന് എന്നാല്‍ അര്‍ഹിച്ചിട്ടും മികച്ച വിജയം തിയേറ്ററില്‍ നിന്ന് നേടാന്‍ കഴിഞ്ഞില്ല.

അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ട മലയാള ചിത്രമായിരുന്നു ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ഫാമിലി. വിനയ് ഫോര്‍ട്ട്, ദിവ്യ പ്രഭ, മാത്യു തോമസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ത്രില്ലര്‍ ഴോണറിലായിരുന്നു ഒരുക്കിയിരുന്നത്. രാജ്യാന്തരതലത്തില്‍ വരെ അംഗീകാരങ്ങള്‍ നേടിയ സിനിമയുടെ റിലീസുപോലും കേരളത്തിലെ ഓഡിയന്‍സില്‍ പലരും അറിഞ്ഞിരുന്നില്ല.മലയാളി പ്രേക്ഷകര്‍ക്ക് അത്രകണ്ട് സുപരിചിതമല്ലാത്ത മലയാളം വെസ്റ്റേണ്‍ ട്രീറ്റ്മെന്റിലൂടെ പൊറാട്ട് എന്ന ഫോക്ക് കലാരൂപത്തെ മുന്‍നിര്‍ത്തി കൊണ്ട് അവതരിപ്പിച്ച ചിത്രമാണ് അഞ്ചക്കള്ളകോക്കാന്‍. 1980കളുടെ അവസാനത്തില്‍ കേരള – കര്‍ണാടക അതിര്‍ത്തിയിലെ കാളഹസ്തി എന്ന ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് അഞ്ചക്കള്ളകോക്കാന്‍ പറഞ്ഞത്. ഈ വര്‍ഷം ഇറങ്ങിയ ചിത്രങ്ങളില്‍ മികച്ച തിയേറ്റര്‍ എക്സ്പീരിയന്‍സ് നല്‍കിയ സിനിമകളിലൊന്നാണ് ഇത്. മികച്ച അഭിപ്രായങ്ങള്‍ തുടക്കം മുതല്‍ ചിത്രത്തിന് ലഭിച്ചിരുന്നെങ്കിലും അര്‍ഹിച്ച വിജയമോ അംഗീകാരമോ നേടാന്‍ ചിത്രത്തിനായില്ല.കൃഷ്ണദാസ് മുരളി ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഈ വര്‍ഷം തിയേറ്ററുകളിലെത്തി ഭരതനാട്യം. സൈജു കുറുപ്പ്, സായ് കുമാര്‍, കലാരഞ്ജിനി, ശ്രീജ രവി തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ഹ്യൂമറിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം ബോക്സ് ഓഫീസില്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. അതേസമയം ഒ.ടി.ടിയില്‍ റിലീസ് ചെയ്തതോടെ മികച്ച അഭിപ്രായം ഭരതനാട്യം നേടിയിരുന്നു.അപ്പന്‍ എന്ന ചിത്രത്തിന് ശേഷം മജു തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് പെരുമാനി. വളരെ വ്യത്യസ്തമായ ഗ്രാമത്തിന്റെയും അവിടുത്തെ വ്യത്യസ്തരായ കുറേ മനുഷ്യരുടെയും കഥയാണ് പെരുമാനി എന്ന ചിത്രം പറഞ്ഞത്. ദൃശ്യാവിഷ്‌ക്കരണ രീതി കൊണ്ടും വ്യത്യസ്തമായ കഥ പറച്ചില്‍ കൊണ്ടും വേറിട്ട് നില്‍ക്കുന്ന ചിത്രമായിരുന്നു പെരുമാനി. എന്നിരുന്നാലും പെരുമാനിയേയും പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നില്ല.

മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സിനിമയായിരുന്നു പല്ലൊട്ടി 90’s കിഡ്‌സ്. നവാഗതനായ ജിതിന്‍ രാജ് സംവിധാനം ചെയ്ത ചിത്രം ഗൃഹാതുരത്ത്വത്തെ വളരെ മനോഹരമായി സ്‌ക്രീനില്‍ അവതരിപ്പിച്ച ചിത്രമായിരുന്നു. ബാല്യകാലത്തിന്റെ നന്മയും മധുരവും പകര്‍ന്ന് നല്‍കിയ ചിത്രം മികച്ച അഭിപ്രായം നിരൂപകരില്‍ നിന്ന് നേടിയിട്ടും തിയേറ്ററില്‍ പരാജയപ്പെടുകയായിരുന്നു.

ബോക്‌സ് ഓഫീസില്‍ നിന്ന് നേടുന്ന അക്കങ്ങളുടെ എണ്ണം കൊണ്ട് മാത്രം ഒരു സിനിമയെ വിലയിരുത്താന്‍ കഴിയില്ലെന്ന് ഈ ചിത്രങ്ങള്‍ കാണിച്ചുതരുന്നത്. നിര്‍മാതാവിന് ലാഭം ഉണ്ടാക്കി കൊടുക്കുക മാത്രമല്ല നല്ല സിനിമയുടെ ലക്ഷണം. കളക്ഷന്‍ റെക്കോഡിനും അപ്പുറം സിനിമയെ സിനിമയാക്കുന്ന മറ്റ് അനവധി ഘടകങ്ങളുണ്ട്. ഒരുപക്ഷെ ഈ ചിത്രങ്ങള്‍ അണ്ടര്‍റേറ്റഡ് അല്ലാതിരുന്നെങ്കില്‍, തിയേറ്ററില്‍ മികച്ച വിജയം നേടിയിരുന്നെങ്കില്‍ മലയാളസിനിമയുടെ മൊഞ്ച് ഒന്നുകൂടി കൂടിയേനെ.

Content Highlight: Underrated Malayalam Movies In 2024

ഹണി ജേക്കബ്ബ്
ഡൂള്‍ന്യൂസില്‍ ട്രെയിനി സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം