ചൊവ്വാഴ്ച അഖിലേഷ് യാദവ്-മായാവതി സഖ്യത്തില്‍ ചേര്‍ന്ന നിഷാദ് പാര്‍ട്ടി 'മഹാഗഡ്ബന്ധന്‍' വിട്ടു
D' Election 2019
ചൊവ്വാഴ്ച അഖിലേഷ് യാദവ്-മായാവതി സഖ്യത്തില്‍ ചേര്‍ന്ന നിഷാദ് പാര്‍ട്ടി 'മഹാഗഡ്ബന്ധന്‍' വിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th March 2019, 7:54 am

ലക്‌നൗ: കഴിഞ്ഞ വര്‍ഷം നടന്ന ഗോരഖ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്.പി സ്ഥാനാര്‍ത്ഥിയായി നിന്ന് ബി.ജെ.പിയെ തോല്‍പ്പിച്ച നിഷാദ് പാര്‍ട്ടി മഹാഗഡ്ബന്ധന്‍ വിട്ടു. ചൊവ്വാഴ്ച മുന്നണിയില്‍ ചേര്‍ന്ന നിഷാദ് പാര്‍ട്ടി മൂന്നാം ദിവസം തന്നെ മുന്നണി വിട്ടിരിക്കുകയാണ്. ഇന്നലെ പാര്‍ട്ടി നേതാക്കളായ സഞ്ജയ് നിഷാദും മകനും ഗോരഖ്പൂര്‍ എം.പിയുമായ പ്രവീണ്‍ നിഷാദും യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചിതിന് പിന്നാലെയാണ് തീരുമാനം.

തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നിഷാദ് പാര്‍ട്ടി വക്താവ് പറഞ്ഞു. അതേസമയം പ്രവീണ്‍ നിഷാദ് സമാജ്‌വാദി പാര്‍ട്ടി സ്ഥാനം രാജിവെക്കുമോയെന്ന് ചോദിച്ചപ്പോള്‍ അറിയില്ലെന്ന മറുപടിയാണ് നല്‍കിയത്.

സീറ്റ് ധാരണയാവാത്തതാണ് നിഷാദ് പാര്‍ട്ടി മുന്നണി വിടാന്‍ കാരണമെന്നാണ് സൂചന. മഹാരാജ് ഗഞ്ച് സീറ്റില്‍ സ്വന്തം ചിഹ്നത്തില്‍ മത്സരിക്കണമെന്നാണ് നിഷാദ് പാര്‍ട്ടിയുടെ ആവശ്യം. എന്നാല്‍ സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കണമെന്നാണ് സമാജ്‌വാദി പാര്‍ട്ടിയുടെ ആവശ്യം. യു.പിയില്‍ നേരത്തെ തന്നെ മഹാസഖ്യ കക്ഷികള്‍ക്കിടയില്‍ സീറ്റ് ധാരണയായിട്ടുള്ളതാണ്.

ഗോരഖ്പൂര്‍ സീറ്റില്‍ പ്രവീണ്‍ നിഷാദിനെ വീണ്ടും മത്സരിപ്പിക്കുമെന്നും നിഷാദ് പാര്‍ട്ടിയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ചും മുന്നണിയില്‍ ചര്‍ച്ചയുണ്ടായിരുന്നില്ല.

യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചെങ്കിലും നിഷാദ് പാര്‍ട്ടി എന്‍.ഡി.എയിലേക്ക് പോകുമോയെന്ന് വ്യക്തമല്ല.

2018ല്‍ ഗോരഖ്പൂരിലും ഫൂല്‍പൂരിലുമാണ് ബി.ജെ.പിയ്‌ക്കെതിരെ പരീക്ഷണമെന്ന നിലയ്ക്ക് എസ്.പിയും ബി.എസ്.പിയും ആദ്യം ഒന്നിച്ചത്. 1989ന് ശേഷം ബി.ജെ.പി തോറ്റിട്ടില്ലാത്ത, യോഗി ആദിത്യനാഥിന്റെ സിറ്റിങ് സീറ്റായിരുന്നു ഗോരഖ്പൂര്‍.