ഹിന്ദുത്വ അക്രമികള്‍ കൊലചെയ്ത സുബോധ് സിങ്ങിന്റെ അനുസ്മരണ യോഗത്തിന് യു.പി സര്‍ക്കാര്‍ വിലക്ക്: ക്ഷണം സ്വീകരിച്ചെത്തിയവര്‍ മടങ്ങി
national news
ഹിന്ദുത്വ അക്രമികള്‍ കൊലചെയ്ത സുബോധ് സിങ്ങിന്റെ അനുസ്മരണ യോഗത്തിന് യു.പി സര്‍ക്കാര്‍ വിലക്ക്: ക്ഷണം സ്വീകരിച്ചെത്തിയവര്‍ മടങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th December 2018, 12:52 pm

 

ലക്‌നൗ: യു.പിയില്‍ കൊല്ലപ്പെട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിന്റെ അനുസ്മരണം സംഘടിപ്പിക്കാന്‍ യു.പി സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. അനുസ്മരണ യോഗത്തില്‍ പങ്കെടുക്കാന്‍ ബുലന്ദ്ശഹര്‍ പൊലീസ് ആളുകളെ ക്ഷണിച്ചിരുന്നു. യോഗി സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ യോഗം റദ്ദാക്കുകയായിരുന്നു.

ബുധനാഴ്ച രാവിലെ പത്തു മണിക്ക് ബുലന്ദ്ശഹര്‍ പൊലീസ് സ്റ്റേഷനിലെത്താന്‍ ഉത്തര്‍പ്രദേശിന്റെ പൊലീസ് സ്റ്റേഷനുകളുടെ ചുമതലയുള്ളയാള്‍ മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചിരുന്നു. പൊലീസ് ഇന്‍സ്‌പെക്ടര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലായിരുന്നു ഇത്. സുബോധ് സിങ്ങിന്റെ അനുശോചന യോഗത്തില്‍ പങ്കെടുക്കാനും മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു.

ഇതനുസരിച്ച് മാധ്യമപ്രവര്‍ത്തകരും ക്ഷണിക്കപ്പെട്ട ചില അതിഥികളും പൊലീസ് സ്റ്റേഷനിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഉന്നത കേന്ദ്രത്തില്‍ നിന്നും അനുമതി നിഷേധിച്ചതോടെ അനുശോചന യോഗം റദ്ദാക്കിയെന്ന് പൊലീസ് ഓഫീസര്‍ അറിയിക്കുകയായിരുന്നു. ഡിപ്പാര്‍ട്ട്‌മെന്റിലെ എല്ലാ ഓഫീസര്‍മാരുടെയും ശമ്പളത്തില്‍ നിന്ന് ഒരു ദിവസത്തെ ശമ്പളം കുറയ്ക്കുമെന്നും അവരെ അറിയിച്ചതായി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതലയുള്ളയാള്‍ പറയുന്നു.

Also Read:സുരേന്ദ്രന്‍ എന്തിന് ശബരിമലയില്‍ പോയി; ഭക്തര്‍ കാണിക്കുന്ന പ്രവര്‍ത്തികളല്ല സുരേന്ദ്രന്‍ കാണിച്ചത്; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

നേരത്തെ 2013ലും 2016ലും യു.പിയില്‍ പൊലീസുകാര്‍ കൊല്ലപ്പെട്ടപ്പോഴെല്ലാം അനുശോചന യോഗം നടത്തുകയും അവര്‍ക്ക് നീതി ഉറപ്പാക്കാനുള്ള നടപടികള്‍ എടുക്കുകയും ചെയ്തിരുന്നു. 2016ല്‍ എസ്.പി മുകുള്‍ ദ്വിവേദി, പൊലീസ് കോണ്‍സ്റ്റബിള്‍ അങ്കിത് തോമര്‍ എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു. ഇവര്‍ക്കുവേണ്ടി ഇത്തരം യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കൂടാതെ അങ്കിത് തോമറിന് നീതിയാവശ്യപ്പെട്ട് പൊലീസുകാര്‍ കാമ്പെയ്ന്‍ നടത്തുകയും സോഷ്യല്‍ മീഡിയകളില്‍ പ്രൊഫൈല്‍ പിക്ചര്‍ മാറ്റുകയും ചെയ്തിരുന്നു.

ഇന്‍സ്‌പെക്ടര്‍ സുബോധിന്റെ കൊലയാളികളായ ഹിന്ദു ആള്‍ക്കൂട്ടത്തിന് നിലവിലെ യു.പി സര്‍ക്കാറിന്റെ പിന്തുണയുണ്ട് എന്നതാവാം സുബോധിനോടുള്ള ഈ അനീതിയ്ക്ക് കാരണമെന്ന് പൊലീസ് സേനയിലുള്ള നാദീര്‍ റാണ അഭിപ്രായപ്പെട്ടു.