ഏത് സര്‍ക്കാരിന്റെ കീഴിലാണ് 2002ല്‍ ഗുജറാത്തില്‍ മുസ്‌ലിം വിരുദ്ധ ആക്രമണം നടന്നത്? ബോര്‍ഡ് പരീക്ഷയിലെ ചോദ്യത്തിന് ക്ഷമ പറഞ്ഞ് സി.ബി.എസ്.ഇ
ന്യൂദല്‍ഹി : ബോര്‍ഡ് പരീക്ഷയില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് ക്ഷമ പറഞ്ഞ് സി.ബി.എസ്.ഇ.
12-ാം ക്ലാസിന്റെ സോഷ്യോളജി പരീക്ഷയിലാണ് ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ചോദ്യം ഉള്‍പ്പെടുത്തിയത്.
ഏത് സര്‍ക്കാരിന്റെ കീഴിലാണ് 2002ല്‍ ഗുജറാത്തില്‍ മുസ്‌ലിം വിരുദ്ധ ആക്രമണം നടന്നത് എന്നായിരുന്നുചോദ്യം. കോണ്‍ഗ്രസ്, ബി.ജെ.പി,ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ എന്നിങ്ങലെ നാല് ഓപ്ഷനും നല്‍കിയിരുന്നു.
ബുധനാഴ്ച നടന്ന പരീക്ഷയിലായിരുന്നു ചോദ്യം. എന്നാല്‍, തൊട്ടുപിന്നാലെ ഈ ചോദ്യം അനുചിതമായിരുന്നെന്നും ക്ഷമ ചോദിക്കുകയാണെന്നും പറഞ്ഞ് സി.ബി.എസ്.ഇ രംഗത്തെത്തി.
സി.ബി.എസ്.ഇ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച ചോദ്യമാണ് 12-ാം ക്ലാസ് സോഷ്യോളജി ടേം 1 പരീക്ഷയില്‍ വിഷയ വിദഗ്ധര്‍ തയ്യാറാക്കിയതെന്നും സി.ബി.എസ്.ഇ വരുത്തിയ തെറ്റ് അംഗീകരിക്കുകയും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്നുമാണ് ക്ഷമ ചോദിച്ചുകൊണ്ട് സി.ബി.എസ്.ഇ പ്രതികരിച്ചത്.
എന്‍.സി.ഇ.ആര്‍.ടി 12-ാം ക്ലാസ് സോഷ്യോളജി പാഠപുസ്തകമായ ‘ഇന്ത്യന്‍ സൊസൈറ്റി’യിലെ ‘സാംസ്‌കാരിക വൈവിധ്യത്തിന്റെ വെല്ലുവിളികള്‍’ എന്ന അധ്യായത്തിന് കീഴിലുള്ള ഒരു ഖണ്ഡികയില്‍ നിന്നാണ് ചോദ്യം തെരഞ്ഞെടുത്തതെന്ന് റിപ്പോര്‍ട്ട്.
Content Highlights: Under which govt did 2002 Gujarat violence happen? CBSE calls question an error