ബെംഗലൂരു: കുടിയേറ്റ തൊഴിലാളികളെ മടക്കി അയക്കുന്ന ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കിയ കര്‍ണാടക ബി.ജെ.പി സര്‍ക്കാര്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ തീരുമാനം മാറ്റുന്നു. വെള്ളിയാഴ്ച മുതല്‍ ട്രെയിനുകള്‍ പുനരാരംഭിക്കാനാണ് തീരുമാനമായത്. ഇതിന് അനുമതി ആവശ്യപ്പെട്ട് യെദിയൂരപ്പ സര്‍ക്കാര്‍ ഒമ്പത് സര്‍ക്കാരുകള്‍ക്ക് കത്തയച്ചു. മെയ് എട്ടുമുതല്‍ 15 വരെ സര്‍വീസ് പുനരാരംഭിക്കാനാണ് പുതിയ നീക്കം.
ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ത്രിപുര, പശ്ചിമബംഗാള്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കര്‍ണാടക സര്‍ക്കാര്‍ കത്തയച്ചത്. സംസ്ഥാനങ്ങളുടെ അനുമതി ലഭിച്ച ശേഷം ട്രെയിനുകള്‍ ഓടിക്കണമെന്ന് റെയില്‍വേയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
സംസ്ഥാനത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തൊഴിലാളികളെ ലഭിക്കുന്നില്ലെന്ന് പ്രമുഖ നിര്‍മ്മാണ കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചതിന് പിന്നാലെയായിരുന്നു സര്‍ക്കാര്‍ ട്രെയിനുകള്‍ റദ്ദാക്കിയത്. ഇതിനെതിരെ വലിയ പ്രതിഷേധമായിരുന്നു കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ഉയര്‍ത്തിയത്. കര്‍ണാടക സര്‍ക്കാര്‍ കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെ നടത്തുന്നത് മനുഷ്യത്വ രഹിതമായ നീക്കമാണെന്നും അവകാശങ്ങളുടെ ലംഘനമാണെന്നുമാണ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പ്രതികരിച്ചത്.
സര്‍ക്കാര്‍ ട്രെയിനുകള്‍ റദ്ദാക്കിയതോടെ തൊഴിലാളികള്‍ പരിഭ്രാന്തരായിരിക്കുകയാണെന്നും അല്‍പംകൂടി മനുഷ്യത്വപരമായി നിലകൊള്ളണമെന്നും കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറും വിമര്‍ശിച്ചു.
അടിമകളെപ്പോലെ തൊഴിലാളികളെ കാണരുതെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന ഇപ്പോഴുമില്ലേ? അതില്‍ ഈ രാജ്യത്തിനായി ചില നിയമങ്ങള്‍ പറഞ്ഞിട്ടില്ലേ? ബി.ജെ.പി സര്‍ക്കാര്‍ മധ്യകാല യൂറോപിലെ അടിമത്വത്തിലേക്കാണ് തിരിച്ചുപോയിക്കൊണ്ടിരിക്കുന്നതെന്നും യെച്ചൂരി വിമര്‍ശിച്ചു.
കുടിയേറ്റ തൊഴിലാളികള്‍ക്ക് ട്രെയിന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ട്വിറ്ററിലടക്കം വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.