ചെന്നൈ: മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള സഖ്യ കക്ഷികള്‍ എതിര്‍പ്പറിയിച്ചതിനെത്തുടര്‍ന്ന് അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായുള്ള ധാരണാ നീക്കത്തില്‍ നിന്ന് പിന്‍മാറി ഡി.എം.കെ. ഈ മാസം ആറിന് ചെന്നൈയില്‍ നടക്കുന്ന മുസ്‌ലിം സംഘടനകളുടെ യോഗത്തിലേക്കു ഉവൈസിയെ ക്ഷണിച്ചിട്ടില്ലെന്ന് ഡി.എം.കെ ന്യൂനപക്ഷ വിഭാഗം നേതാവ് ഡോ.ഡി. മസ്താന്‍ അറിയിച്ചു.
ഉവൈസിയും മസ്താനും ഹൈദരാബാദില്‍ വെച്ച് വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. എ.ഐ.എം.ഐ.എം സംസ്ഥാന പ്രസിഡന്റ് വക്കീല്‍ അഹമ്മദും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. ഡി.എം.കെയുടെ ക്ഷണം സ്വീകരിച്ച് ഉവൈസി യോഗത്തില്‍ പങ്കെടുക്കുമെന്ന് എ.ഐ.എം.ഐ.എം നേതാക്കള്‍ അറിയിച്ചതിനു പിന്നാലെയാണ് ഡി.എം.കെ തീരുമാനം മാറ്റിയത്.
അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി അടുക്കാനുള്ള ഡി.ഐം.കെയുടെ നീക്കത്തില്‍ സഖ്യകക്ഷികള്‍ നേരത്തേ അതൃപ്തി വ്യക്തമാക്കിയിരുന്നു.
ഉവൈസിയെ തമിഴ്നാട്ടിലേക്ക് ക്ഷണിച്ച ഡി.എം.കെയുടെ നടപടിയില്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ലീഗിന് പുറമെ സഖ്യത്തിലെ മുസ്ലിം കക്ഷിയായ മനിതനേയ മക്കള്‍ കച്ചിയും അസ്വസ്ഥരായിട്ടുണ്ടെന്നാണ് വൃത്തങ്ങള്‍ പറയുന്നത്.
ഉവൈസിയെ തമിഴ്നാട് രാഷ്ട്രീയത്തില്‍ ഇടപെടുത്തുന്നത് അനാവശ്യമായ നടപടിയാണെന്നാണ് ഇവര്‍ വിലയിരുത്തുന്നത്.
അതേസമയം, അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം തമിഴ്‌നാട്ടില്‍ 25 സീറ്റുകളിലെങ്കിലും മത്സരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
നടന്‍ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയുമായി സഹകരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക