national news
ജയ്ശ്രീറാം വിളിച്ച് മസ്ജിദ് തകര്‍ത്ത് ഹിന്ദുത്വവാദികള്‍; ആക്രമണം പൊലീസ് നോക്കിനില്‍ക്കെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Feb 16, 09:32 am
Thursday, 16th February 2023, 3:02 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയില്‍ നിര്‍മാണത്തിലിരിക്കുന്ന മുസ്‌ലിം പള്ളി തകര്‍ത്ത് തീവ്ര ഹിന്ദുത്വ സംഘടനകള്‍. ബന്ദ ജില്ലയിലെ ബല്‍ഖണ്ഡിയിലാണ് പള്ളിക്ക് നേരെ വിശ്വഹിന്ദു പരിഷത്, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്. നിര്‍മാണം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു ആക്രമണം എന്ന് സിയാസത് റിപ്പോര്‍ട്ട് ചെയ്യുന്നു.

മസ്ജിദിന്റെ രണ്ടാം നിലയുടെ നിര്‍മാണം പുരോഗമിക്കുന്നതിനിടെയായിരുന്നു ഹിന്ദുത്വ സംഘടനകള്‍ ആക്രമണം അഴിച്ചുവിട്ടത്. പള്ളി നവീകരിക്കാന്‍ ഭരണകൂടം അനുമതി നല്‍കിയിരുന്നുവെന്നും എന്നാല്‍ പുതിയ നിര്‍മാണങ്ങള്‍ അനുവദിക്കാനാവില്ലെന്നും ആരോപിച്ചായിരുന്നു ആക്രമണം.

‘പള്ളി പുതുക്കി പണിയാനാണ് അനുമതി നല്‍കിയത്. പുതിയ നിര്‍മാണങ്ങള്‍ക്കല്ല, ഇത് അനുവദിക്കാനാവില്ല,’ വി.എച്ച്.പി ബന്ദ ജില്ല പ്രസിഡന്റ് ചന്ദ്രമോഹന്‍ ഖേദി പറഞ്ഞു.

പൊലീസുകാര്‍ നോക്കിനില്‍ക്കെയായിരുന്നു മസ്ജിദിന് നേരെയുള്ള ഹിന്ദുത്വവാദികളുടെ ആക്രമണം. ജയ് ശ്രീറാം വിളിച്ചെത്തിയ സംഘം നിര്‍മാണ തൊഴിലാളികളെ ആക്രമിക്കുകയും നിര്‍മാണ സാമഗ്രികള്‍ റോഡിലേക്ക് വലിച്ചെറിയുകയുമായിരുന്നു.

 

അതേസമയം മധ്യപ്രദേശില്‍ ഹിന്ദുത്വവാദികള്‍ സംഘടിപ്പിച്ച വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. മധ്യപ്രദേശിലെ ഛതാര്‍പൂരിലാണ് വിദ്വേഷ പ്രസംഗം നടന്നത്. ഹിന്ദു രാഷ്ട്രം സ്ഥാപിച്ചാല്‍ രാജ്യത്ത് നിന്നും മസ്ജിദുകള്‍ പൊളിച്ചുനീക്കുമെന്നും പ്രാര്‍ത്ഥനകള്‍ ക്ഷേത്രങ്ങളില്‍ നിന്ന് മാത്രമേ കേള്‍ക്കാനാകൂയെന്നും ഹിന്ദുത്വവാദികള്‍ പറയുന്നത് വീഡിയോയില്‍ കാണാം.

‘ഹിന്ദു രാഷ്ട്രം സ്ഥാപിച്ചാല്‍ മസ്ജിദുകള്‍ പൊളിക്കും. പ്രാര്‍ത്ഥനകള്‍ ക്ഷേത്രങ്ങളില്‍ നിന്ന് മാത്രമേ കേള്‍ക്കാനാകൂ. ഹിന്ദു രാഷ്ട്രം നിര്‍മിക്കുമെന്ന് നമ്മള്‍ പ്രതിജ്ഞ ചെയ്ത് കഴിഞ്ഞു. മുസ്‌ലിങ്ങളുടെ ഭയം സത്യമാകാന്‍ കാലം അധികം ബാക്കിയില്ല. അവരുടെ എല്ലാ സ്വത്തുക്കളും നമ്മള്‍ ഇല്ലാതാക്കും,’ പ്രസംഗത്തില്‍ ഹിന്ദുത്വവാദികള്‍ പറയുന്നു.

മുസ്‌ലിങ്ങളുടെ രക്തം രാജ്യത്ത് ഒഴുകണമെന്നും ഹിന്ദുത്വവാദികള്‍ പറയുന്നു.

Content Highlight: Under-construction mosque vandalised in Uttarpradesh by vhp and bajrangdal