2014 ന് ശേഷം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികളെടുത്തത് 570 കേസുകള്‍; യു.പി.എ സര്‍ക്കാരിന്റെ കാലത്തേതിനേക്കാള്‍ 340 % അധികം
national news
2014 ന് ശേഷം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികളെടുത്തത് 570 കേസുകള്‍; യു.പി.എ സര്‍ക്കാരിന്റെ കാലത്തേതിനേക്കാള്‍ 340 % അധികം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd December 2021, 10:30 pm

ന്യൂദല്‍ഹി: കേന്ദ്ര അന്വേഷണ ഏജന്‍സികളെ ബി.ജെ.പി ദുരുപയോഗം ചെയ്യുന്നെന്ന പ്രതിപക്ഷ ആരോപണത്തെ സാധൂകരിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് എന്‍.ഡി.ടി.വി. മോദി സര്‍ക്കാരിന്റെ ഏഴ് വര്‍ഷത്തെ കാലയളവിനിടയില്‍ പ്രതിപക്ഷത്തെ എല്ലാ കക്ഷികള്‍ക്കുമെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം നടക്കുന്നുണ്ട്.

ചില കേസുകളില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ 570 കേസുകളാണ് കേന്ദ്രസര്‍ക്കാര്‍ 2014 ന് ശേഷം എടുത്തിരിക്കുന്നത്.

പ്രതിപക്ഷ പാര്‍ട്ടികളെ കൂടാതെ ബി.ജെ.പിയ്‌ക്കെതിരെ ചോദ്യമുയര്‍ത്തുന്ന ആക്ടിവിസ്റ്റുകള്‍, സിനിമാ പ്രവര്‍ത്തകര്‍, എന്‍.ഡി.എ ഇതരകക്ഷികള്‍, അഭിഭാഷകര്‍, സ്വതന്ത്ര മാധ്യമസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെയെല്ലാം കേസെടുത്തിട്ടുണ്ട്.

അതേസമയം ബി.ജെ.പിയുമായോ സഖ്യകക്ഷികളുമായോ ബന്ധമുള്ള 39 പേര്‍ മാത്രമാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളായ സി.ബി.ഐ, ഇ.ഡി, ആദായ നികുതി വകുപ്പ് എന്നിവയുടെ അന്വേഷണം നേരിടുന്നത്.

പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്കെതിരെ 75 കേസാണ് ഉള്ളത്. ഏറ്റവും കൂടുതല്‍ കേസുള്ളതും കോണ്‍ഗ്രസിനെതിരെയാണ്.

36 പേര്‍ക്കെതിരെ കേസുള്ള തൃണമൂല്‍ കോണ്‍ഗ്രസാണ് രണ്ടാമത്. ആം ആദ്മി പാര്‍ട്ടിയ്ക്ക് 18 കേസാണുള്ളത്. അരവിന്ദ് കെജ്‌രിവാളും ഇതില്‍ അന്വേഷണം നേരിടുന്നുണ്ട്.

നാഷണല്‍ കോണ്‍ഫറന്‍സിനെതിരെ 14 ഉം പി.ഡി.പിയ്ക്കും ടി.ഡി.പിയ്ക്കുമെതിരെ 12 കേസുകളുമാണുള്ളത്. ഡി.എം.കെ (11) എന്‍.സി.പി, ആര്‍.ജെ.ഡി (8), ബി.ജെ.ഡി, ബി.എസ്.പി (7), ശിവസേന, ജെ.ഡി.എസ്, എസ്.പി (6) എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

സി.പി.ഐ.എം, മുസ്‌ലിം ലീഗ് നേതാക്കള്‍ക്കെതിരെ മൂന്ന് വീതം കേസുകളാണുള്ളത്.

ദൈനിക് ഭാസ്‌കര്‍, ഭാരത് സമാചാര്‍ എന്നിവയടക്കം 29 മാധ്യമസ്ഥാപനങ്ങളും മാധ്യമപ്രവര്‍ത്തകരും കേസ് നേരിടുന്നുണ്ട്.

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ചുമത്തിയ കേസുകളെക്കാള്‍ 340 ശതമാനം അധികമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 85 പേര്‍ക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്.

ശരാശരി വര്‍ഷത്തില്‍ 17 പേര്‍ക്കെതിരെയായിരുന്നു യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കേസെടുത്തിരുന്നതെങ്കില്‍ മോദി സര്‍ക്കാരിന്റെ കാലത്ത് അത് 75 ആണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Under BJP Government, Cases Against Political Rivals Explode: NDTV Analysis