പൊതുകടം രണ്ടരലക്ഷം കോടി, ജനം പട്ടിണിയിൽ; മുഖംതിരിച്ച് ബി.ജെ.പി സർക്കാർ; 2000 കോടി രൂപയുടെ പ്രതിമ നിർമാണവുമായി മധ്യപ്രദേശ്
national news
പൊതുകടം രണ്ടരലക്ഷം കോടി, ജനം പട്ടിണിയിൽ; മുഖംതിരിച്ച് ബി.ജെ.പി സർക്കാർ; 2000 കോടി രൂപയുടെ പ്രതിമ നിർമാണവുമായി മധ്യപ്രദേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th January 2022, 8:22 am

ഭോപ്പാല്‍: സംസ്ഥാനം ശതകോടികളുടെ കടത്തില്‍ പെട്ട് നില്‍ക്കുമ്പോഴും പുതിയ പ്രതിമ പദ്ധതിയുമായി മധ്യപ്രദേശ് സര്‍ക്കാര്‍. 2.5 ലക്ഷം കോടിയുടെ കടം നിലനില്‍ക്കെ 2,000 കോടിയുടെ പുതിയ പ്രതിമ നിര്‍മിക്കാനാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ആത്മീയാചാര്യനായ ആദിശങ്കരന്റെ (ശങ്കരാചാര്യര്‍) 108 അടി ഉയരമുള്ള പ്രതിമ നിര്‍മിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി.

പ്രതിമയോടൊപ്പം തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മ്യൂസിയവും നിര്‍മിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. ഇതിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി ശങ്കരാചാര്യ ട്രസ്റ്റുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.

പ്രതിമയുടെ രൂപരേഖ

108 അടിയില്‍ വിവിധ ലോഹങ്ങള്‍ കൊണ്ടായിരിക്കും പ്രതിമയുടെ നിര്‍മാണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതോടൊപ്പം വേദാന്ത പഠനത്തിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള മ്യൂസിയവും നിര്‍മിക്കുമെന്നും, അതുവഴി സംസ്ഥാനത്തെ ലോകത്തിന്റെ എല്ലാ ഭാഗവുമായി ബന്ധിപ്പിക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.

‘സ്റ്റാച്യൂ ഒഫ് വണ്‍നെസ്സ്’ എന്ന് പേരിട്ടിരിക്കുന്ന പ്രതിമയും 7.5 ഹെക്ടറില്‍ നിര്‍മിക്കുന്ന മ്യൂസിയവുമാണ് പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുള്ളത്. ഇതുകൂടാതെ നര്‍മദ നദിയുടെ കരയില്‍ 5 ഹെക്ടര്‍ വിസ്താരത്തില്‍ ഗുരുകുലവും, 10 ഹെക്ടര്‍ വിസ്താരത്തില്‍ അദ്വൈത വേദാന്ത സന്‍സ്ഥാനും നിര്‍മിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

എന്നാല്‍ പ്രതിമാ നിര്‍മാണവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ പ്രതിപക്ഷപാര്‍ട്ടിയായ കോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്ട്. വിഷയത്തെ കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകളും അഭിപ്രായങ്ങളും സംസ്ഥാന ബജറ്റിന് ശേഷമാകാം എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. സംസ്ഥാനത്തിന്റെ പൊതുകടം ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.

‘എപ്പോഴാണോ സംസ്ഥാന ബജറ്റില്‍ ഇതിനുള്ള തുക മാറ്റി വെക്കുന്നത്, അപ്പോള്‍ ഈ വിഷയത്തെ കുറിച്ച് സംസാരിക്കാം,’ എന്നാണ് പ്രതിപക്ഷ നേതാവ് കമല്‍നാഥ് പറഞ്ഞത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ ജിത്തു പട്‌വാരിയും പദ്ധതിയെ പരസ്യമായി വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.

I am in MP, will remain in MP': Kamal Nath after meeting Sonia Gandhi | India News,The Indian Express

കമല്‍നാഥ്

സംസ്ഥാന ബജറ്റിനെക്കാളും വലിയ കടം ഉണ്ടായിരിക്കുമ്പോളാണ് ഇത്തരത്തിലുള്ള പദ്ധതിയുമായി മധ്യപ്രദേശ് സര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്. സംസ്ഥാന ബജറ്റിലെ തുക 2.41 ലക്ഷം കോടിയും സ്ഥാനത്തിന്റെ പൊതുകടം 2.56 ലക്ഷം കോടിയുമാണ്. സംസ്ഥാനത്തിലെ ഒരോ ആളുടെയും പ്രതിശീര്‍ഷകടം 34,000 രൂപയാണ്.

കനത്ത മഴയിലും ആലിപ്പഴവീഴ്ചയിലും സംസ്ഥാനത്ത് വ്യാപക കൃഷിനാശമുണ്ടായ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ പദ്ധതി. 18 ജില്ലകളിലായി നൂറുകണക്കിന് ഏക്കറോളമുള്ള കൃഷിയാണ് നശിച്ചത്. എന്നാല്‍ കര്‍ഷകര്‍ക്ക് അടിയന്തര സഹായം നല്‍കുന്ന തരത്തില്‍ ഒരു പ്രഖ്യാപനവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

അടുത്തിടെ ശിവപുരി ജില്ലയിലെ കര്‍ഷകന്‍ കൃഷിനാശത്തെ തുടര്‍ന്ന് മുന്‍ എം.എല്‍.എ മഹേന്ദ്ര സിംഗ് യാദവിന്റെ കാലില്‍ വീണ് കരയുന്ന വീഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Under ₹ 2.5 Lakh Crore Debt, Madhya Pradesh Plans ₹ 2,000 Crore Statue