| Thursday, 8th February 2024, 10:10 pm

ആകെയെറിഞ്ഞത് 59 പന്ത്, അതില്‍ 46 പന്തും ഡോട്ട് 😲😲; ഓസ്‌ട്രേലിയയുടെ ഭാവി ഇതാ ഇവിടെ പന്തെറിയുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

അണ്ടര്‍ 19 ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലില്‍ പാകിസ്ഥാനെ തോല്‍പിച്ച് ഓസ്‌ട്രേലിയ ഫൈനലിന് യോഗ്യത നേടിയിരിക്കുകയാണ്. സഹാറ പാര്‍ക് വില്ലോമൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു വിക്കറ്റിന്റെ ആവേശകരമായ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്.

പാകിസ്ഥാന്‍ ഉയര്‍ത്തിയ 180 റണ്‍സിന്റെ വിജയലക്ഷ്യം അവസാന ഓവറിലെ ആദ്യ പന്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തി ഓസീസ് മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് തുടക്കം പാളിയിരുന്നു. ക്യാപ്റ്റനടക്കം നിരാശപ്പെടുത്തിയപ്പോള്‍ മൂന്നാം നമ്പറിലിറങ്ങിയ അസാന്‍ അവായിസും ഏഴാം നമ്പറിലിറങ്ങിയ അറാഫത് മിന്‍ഹാസുമാണ് ചെറുത്തുനിന്നത്.

അവായിസ് 91 പന്തില്‍ 52 റണ്‍സ് നേടി പുറത്തായപ്പോള്‍ 61 പന്തില്‍ 52 റണ്‍സടിച്ചാണ് മിന്‍ഹാസ് മടങ്ങിയത്. ഏഴ് താരങ്ങളാണ് പാകിസ്ഥാന്‍ നിരയില്‍ ഒറ്റയക്കത്തിന് ഔട്ടായി തിരിച്ചുനടന്നത്.

ഓസീസ് സൂപ്പര്‍ താരം ടോം സ്‌ട്രേക്കറിന്റെ പ്രകടനമാണ് പാകിസ്ഥാനെ കലാശപ്പോരാട്ടത്തിന് അവസരം നല്‍കാതെ പുറത്താക്കിയത്. 9.5 ഓവര്‍ പന്തെറിഞ്ഞ സ്‌ട്രേക്കര്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റുകളാണ് സ്വന്തമാക്കിയത്.

ഷാമില്‍ ഹുസൈന്‍, അസാന്‍ അവായിസ്, ക്യാപ്റ്റന്‍ സാദ് ബായ്ഗ്, ഉബൈദ് ഷാ, മുഹമ്മദ് സീഷന്‍, അലി റാസ എന്നിവരെയാണ് സ്ട്രേക്കര്‍ പുറത്താക്കിയത്.

ആകെയെറിഞ്ഞ 59 പന്തില്‍ 46 പന്തുകളും ഡോട്ടായിരുന്നു. അതായത് സ്‌ട്രേക്കറിന്റെ 13 ഡെലിവെറികളില്‍ മാത്രമാണ് പാകിസ്ഥാന് റണ്‍സ് കണ്ടെത്താന്‍ സാധിച്ചത്.

സ്ട്രേക്കറിന് പുറമെ റാഫേല്‍ മക്മില്ലന്‍, മഹ്‌ലി ബിയര്‍ഡ്മാന്‍, ടോം എഡ്വാര്‍ഡ് കാംബെല്‍, കാല്ലം വിഡ്‌ലെര്‍ എന്നിവരാണ് ശേഷിക്കുന്ന പാക് വിക്കറ്റുകള്‍ വീഴ്ത്തി അവരെ ഓള്‍ ഔട്ടിലേക്ക് തള്ളിയിട്ടത്.

ഫെബ്രുവരി 11നാണ് ലോകകപ്പിന്റെ ഫൈനല്‍ മത്സരം. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇന്ത്യയാണ് എതിരാളികള്‍.

ടൂര്‍ണമെന്റിലെ ആദ്യ സെമി ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ തോല്‍പിച്ചാണ് ഇന്ത്യ കിരീട പോരാട്ടത്തിന് യോഗ്യത നേടിയത്. സഹാറ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 245 റണ്‍സിന്റെ വിജയലക്ഷ്യം ഏഴ് പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.

Content Highlight: Under 19 World Cup: Tom Strakers’s brilliant innings against Pakistan

We use cookies to give you the best possible experience. Learn more