| Tuesday, 30th January 2024, 10:09 pm

ജഡേജയുടെയും കുല്‍ദീപിന്റെയും പിന്മുറക്കാരന്‍ പിറവിയെടുത്തിരിക്കുന്നു; ഉടന്‍ ഇന്ത്യന്‍ ടീമില്‍ കണ്ടേക്കാം

സ്പോര്‍ട്സ് ഡെസ്‌ക്

അണ്ടര്‍ 19 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ തങ്ങളുടെ വിജയഗാഥ തുടരുകയാണ്. മംഗൗങ് ഓവലില്‍ നടന്ന മത്സരത്തില്‍ 214 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയിരിക്കുന്നത്. ടൂര്‍ണമെന്റില്‍ ഇന്ത്യ 200+ മാര്‍ജിനില്‍ വിജയിക്കുന്ന തുടര്‍ച്ചയായ മൂന്നാം മത്സരമാണിത്.

സൂപ്പര്‍ താരം മുഷീര്‍ ഖാന്റെ ഓള്‍ റൗണ്ട് പ്രകടനവും സൗമി പാണ്ഡേയുടെയും രാജ് ലിംബാനിയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനവുമാണ് ഇന്ത്യക്ക് മികച്ച വിജയം സമ്മാനിച്ചത്.

മുഷീര്‍ 1226 പന്തില്‍ 131 റണ്‍സ് നേടുകയും രണ്ട് വിക്കറ്റ് നേടുകയും ചെയ്തപ്പോള്‍ പാണ്ഡേ നാലും ലിംബാനി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി മത്സരം ഇന്ത്യയുടേതാക്കി.

മുഷീര്‍ ഖാന് മേല്‍ പ്രശംസകള്‍ കൂമ്പാരമാകുമ്പോള്‍ അര്‍ഹിച്ച അഭിനന്ദനങ്ങള്‍ ലഭിക്കാതെ പോകുന്ന താരമാണ് സൗമി പാണ്ഡേ. ടൂര്‍ണമെന്റില്‍ ഉടനീളം സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്താണ് ഈ ഇടംകയ്യന്‍ ഓര്‍ത്തഡോക്‌സ് സ്പിന്നര്‍ ഇന്ത്യന്‍ ബൗളിങ് നിരയുടെ ആണിക്കല്ലാകുന്നത്.

രണ്ട് മെയ്ഡന്‍ അടക്കം പത്ത് ഓവര്‍ പന്തെറിഞ്ഞ പാണ്ഡേ വെറും 19 റണ്‍സ് മാത്രം വഴങ്ങിയാണ് നാല് വിക്കറ്റ് വീഴ്ത്തിയത്. 1.90 എന്ന മികച്ച എക്കോണമിയിലാണ് താരം ന്യൂസിലാന്‍ഡിനെതിരെ പന്തെറിഞ്ഞത്.

ന്യൂസിലാന്‍ഡിനെതിരെ മാത്രമല്ല, ടൂര്‍ണമെന്റില്‍ ഇന്ത്യക്കായി കളിച്ച എല്ലാ മത്സരത്തിലും താരം തന്റെ കയ്യൊപ്പ് പതിപ്പിച്ചിരുന്നു.

ലോകകപ്പില്‍ ഇതുവരെ 12 വിക്കറ്റ് നേടിയ പാണ്ഡേ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുമെത്തിയിരിക്കുകയാണ്.

ഈ ലോകകപ്പില്‍ സൗമി പാണ്ഡേയുടെ പ്രകടനങ്ങള്‍

vs ബംഗ്ലാദേശ് : 9.5-1-24-4

vs അയര്‍ലന്‍ഡ്: 9-0-21-3

vs യു.എസ്.എ: 10-2-13-1

vs ന്യൂസിലാന്‍ഡ്: 10-2-19-4

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഇടംകയ്യന്‍ സ്പിന്നര്‍മാരുടെ പട്ടികയിലേക്കാണ് സൗമി പാണ്ഡേ എന്ന 19കാരന്‍ നടന്നുകയറുന്നത്. സമീപഭാവിയില്‍ തന്നെ പാണ്ഡേയെ സീനിയര്‍ ടീമില്‍ കണ്ടാലും ഒട്ടും അത്ഭുതപ്പെടാനില്ല.

Content highlight: Under 19 World Cup: Soumy Pandey’s brilliant bowling performance

We use cookies to give you the best possible experience. Learn more