അണ്ടര്‍ 19 ലോകകപ്പിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇന്ത്യ കിരീടം നിലനിര്‍ത്താനുറച്ച് കളത്തിലിറങ്ങുമ്പോള്‍ ഇന്ത്യയില്‍ നിന്നും കിരീടം സ്വന്തമാക്കാനുറച്ചാണ് ക്രിക്കറ്റ് ലോകത്തിലെ പ്രധാന ടീമുകളുടെ കൗമാരക്കാര്‍ സെമി ഫൈനലിനിറങ്ങുന്നത്.
ഇന്ത്യ, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, പാകിസ്ഥാന്‍ എന്നീ ടീമുകളാണ് സെമി ഫൈനലിന് യോഗ്യത നേടിയിരിക്കുന്നത്. ഫെബ്രുവരി ആറ്, എട്ട് തിയ്യതികളിലായി സെമിയും ഫെബ്രുവരി 11ന് ഫൈനല്‍ മത്സരവും അരങ്ങേറും.
ഫെബ്രുവരി ആറിന് സഹാറ പാര്‍ക് വില്ലോമൂര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമി ഫൈനലില്‍ ഇന്ത്യ സൗത്ത് ആഫ്രിക്കയെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ സിക്‌സ് മത്സരത്തിലും ഒറ്റ മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ സെമിയിലെത്തിയിരിക്കുന്നത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഒറ്റ മത്സരത്തില്‍ മാത്രമാണ് സൗത്ത് ആഫ്രിക്ക പരാജയപ്പെട്ടത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ മഴ വില്ലനായതോടെ ഡക്‌വര്‍ത്-ലൂയീസ്-സ്‌റ്റേണ്‍ നിയമപ്രകാരം ഇംഗ്ലണ്ട് വിജയിക്കുകയായിരുന്നു.
സൂപ്പര്‍ സിക്‌സില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ വിജയിച്ചാണ് പാകിസ്ഥാന്‍ സെമി ഫൈനലിന് യോഗ്യത നേടിയത്. അവസാന പന്ത് വരെ ആവേശം അലതല്ലിയ മത്സരത്തില്‍ അഞ്ച് റണ്‍സിന് പാകിസ്ഥാന്‍ വിജയിച്ചുകയറുകയായിരുന്നു. ഇതോടെ പരാജയമറിയാതെ സെമിയില്‍ പ്രവേശിക്കാനും പാകിസ്ഥാനായി.
കരുത്തരായ ഓസ്‌ട്രേലിയയും ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു മത്സരവും പരാജയപ്പെട്ടിട്ടില്ല. കടലാസില്‍ കരുത്തരായ ഓസീസിന് മുമ്പില്‍ പാകിസ്ഥാന് പ്രതിബന്ധം തീര്‍ക്കാന്‍ സാധിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
ഓരോ ടീമുകളുടെയും സെമി ഫൈനലിലേക്കുള്ള യാത്ര
ഇന്ത്യ
ഗ്രൂപ്പ് ഘട്ടം
vs ബംഗ്ലാദേശ് – 84 റണ്‍സിന്റെ ജയം
vs അയര്‍ലന്‍ഡ് – 201 റണ്‍സിന്റെ ജയം
vs യു.എസ്.എ – 201 റണ്‍സിന്റെ ജയം
സൂപ്പര്‍ സിക്‌സ്
vs ന്യൂസിലാന്‍ഡ് – 214 റണ്‍സിന്റെ ജയം
vs നേപ്പാള്‍ – 132 റണ്‍സിന്റെ ജയം
സൗത്ത് ആഫ്രിക്ക
ഗ്രൂപ്പ് ഘട്ടം
vs വെസ്റ്റ് ഇന്‍ഡീസ് – 31 റണ്‍സിന്റെ ജയം
vs ഇംഗ്ലണ്ട് – 36 റണ്‍സിന്റെ തോല്‍വി (ഡി.എല്‍.എസ് നിയമപ്രകാരം)
vs സ്‌കോട്‌ലാന്‍ഡ് – ഏഴ് വിക്കറ്റ് ജയം
സൂപ്പര്‍ സിക്‌സ്
vs സിംബാബ്‌വേ – ഒമ്പത് വിക്കറ്റ് ജയം
vs ശ്രീലങ്ക – 119 റണ്‍സിന്റെ ജയം
ഓസ്‌ട്രേലിയ
ഗ്രൂപ്പ് ഘട്ടം
vs നമീബിയ – ആറ് വിക്കറ്റ് ജയം
vs സിംബാബ്‌വേ – 225 റണ്‍സിന്റെ ജയം
vs ശ്രീലങ്ക – 6 വിക്കറ്റ് ജയം
സൂപ്പര്‍ സിക്‌സ്
vs ഇംഗ്ലണ്ട് – 110 റണ്‍സിന്റെ ജയം (ഡി.എല്‍.എസ് നിയമപ്രകാരം)
vs വെസ്റ്റ് ഇന്‍ഡീസ് – നോ റിസള്‍ട്ട്
പാകിസ്ഥാന്‍
ഗ്രൂപ്പ് ഘട്ടം
vs അഫ്ഗാനിസ്ഥാന്‍ – 181 റണ്‍സിന്റെ വിജയം
vs നേപ്പാള്‍ – അഞ്ച് വിക്കറ്റ് ജയം
vs ന്യൂസിലാന്‍ഡ് – 10 വിക്കറ്റ് ജയം
സൂപ്പര്‍ സിക്‌സ്
vs അയര്‍ലന്‍ഡ് – മൂന്ന് വിക്കറ്റ് ജയം
vs ബംഗ്ലാദേശ് – അഞ്ച് റണ്‍സ് ജയം
സെമി ഫൈനല്‍ ലൈന്‍ അപ്പിനെ പിന്നാലെ ഇന്ത്യന്‍ ആരാധകരൊന്നാകെ ആവേശത്തിലാണ്. ഇന്ത്യ ഉറപ്പായും ഫൈനലില്‍ പ്രവേശിക്കുമെന്നും ആറാം കിരീടം സ്വന്തമാക്കുമെന്നുമാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ഇതില്‍ ഇന്ത്യയുടെ എതിരാളികള്‍ ആരാകുമെന്ന കണക്കുകൂട്ടലിലാണ് ആരാധകര്‍.
രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയ വിജയിക്കുകയാണെങ്കില്‍ 2023 ഐ.സി.സി ലോകകപ്പിന് സമാനമായി ഇന്ത്യ – ഓസ്‌ട്രേലിയ ഫൈനലും അഥവാ പാകിസ്ഥാന്‍ വിജയിക്കുകയാണെങ്കില്‍ ഇന്ത്യ – പാകിസ്ഥാന്‍ ക്ലാസിക് ഫൈനലിനുമാകും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുക.
ഇന്ത്യക്കെതിരെ കളത്തിലിറങ്ങുന്ന സൗത്ത് ആഫ്രിക്കയെയും ഒരിക്കലും വിലകുറച്ചു കാണാന്‍ സാധിക്കില്ല എന്നും ആരാധകര്‍ പറയുന്നുണ്ട്.
Content highlight: Under 19 World Cup: Semi Final line up