അണ്ടര്‍ 19 ലോകകപ്പിന്റെ സെമി ഫൈനലില്‍ പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് 180 റണ്‍സിന്റെ വിജയലക്ഷ്യം. സഹാറ പാര്‍ക് വില്ലോമൂര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 48.5 ഓവറില്‍ 179ന് ഓള്‍ ഔട്ടാവുകയായിരുന്നു.
ക്യാപ്റ്റന്‍ സാദ് ബായ്ഗ് അടക്കം മങ്ങിയ മത്സരത്തില്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ അസാന്‍ അവായിസിന്റെയും ഏഴാം നമ്പറില്‍ ക്രീസിലെത്തിയ അറാഫത് മിന്‍ഹാസിന്റെയും അര്‍ധ സെഞ്ച്വറികളാണ് പാകിസ്ഥാനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
ആവായിസ് 91 പന്തില്‍ 52 റണ്‍സ് നേടി പുറത്തായപ്പോള്‍ 61 പന്തില്‍ 52 റണ്‍സടിച്ചാണ് മിന്‍ഹാസ് മടങ്ങിയത്. ഏഴ് താരങ്ങളാണ് പാകിസ്ഥാന്‍ നിരയില്‍ ഒറ്റയക്കത്തിന് ഔട്ടായി തിരിച്ചുനടന്നത്.
ടോം സ്‌ട്രേക്കറിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞത്. 9.5 ഓവര്‍ പന്തെറിഞ്ഞ സ്‌ട്രേക്കര്‍ 24 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തി. 2.44 ആണ് താരത്തിന്റെ എക്കോണമി.
റാഫേല്‍ മക്മില്ലന്‍, മഹ്‌ലി ബിയര്‍ഡ്മാന്‍, ടോം എഡ്വാര്‍ഡ് കാംബെല്‍, കാല്ലം വിഡ്‌ലെര്‍ എന്നിവരാണ് ശേഷിക്കുന്ന പാക് വിക്കറ്റുകള്‍ വീഴ്ത്തി അവരെ ഓള്‍ ഔട്ടിലേക്ക് തള്ളിയിട്ടത്.
180 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ നിലവില്‍ അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 21 എന്ന നിലയിലാണ്. 18 പന്തില്‍ ഏഴ് റണ്‍സുമായി സാം കോണ്‍സ്റ്റാസും 12 പന്തില്‍ 12 റണ്‍സുമായി ഹാരി ഡിക്‌സണുമാണ് ക്രീസില്‍.
Content highlight: Under 19 World Cup: Pakistan vs Australia updates