അണ്ടര്‍ 19 ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലില്‍ പൊരുതിത്തോറ്റാണ് പാകിസ്ഥാന്റെ ക്രിക്കറ്റ് കൗമാരം സൗത്ത് ആഫ്രിക്കയില്‍ നിന്നും തിരികെ വിമാനം കയറുന്നത്. സഹാറ പാര്‍ക് വില്ലോമൂറില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ഒരു വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ പരാജയം.
പാകിസ്ഥാന്‍ ഉയര്‍ത്തിയ 180 റണ്‍സിന്റെ വിജയലക്ഷ്യം അവസാന ഓവറിലെ ആദ്യ പന്തില്‍ മാത്രമാണ് ഓസ്‌ട്രേലിയക്ക് മറികടക്കാന്‍ സാധിച്ചത്.
ഒരുവേള പാകിസ്ഥാന്‍ വിജയിക്കുമെന്ന് തോന്നിച്ച ശേഷമായിരുന്നു ഏഷ്യന്‍ ടീമിന്റെ പരാജയം. അവസാന ഓവറുകളില്‍ വിക്കറ്റ് വീഴ്ത്തി ജയപ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും ഓസീസ് അവസാന നിമിഷം അതെല്ലാം തട്ടിത്തെറിപ്പിക്കുകയായിരുന്നു.
സെമിയില്‍ പരാജയപ്പെട്ടെങ്കിലും അടുത്ത ട്രാന്‍സിഷന്‍ പിരീഡില്‍ ടീമിനെ തോളിലേറ്റാന്‍ പോന്ന അടുത്ത തലമുറയെ കണ്ടെടുക്കാനും ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കാനും ഈ ലോകകപ്പിലൂടെ പാകിസ്ഥാന് സാധിച്ചിരുന്നു. അതില്‍ പ്രധാനിയാണ് അലി റാസയെന്ന 15കാരന്‍.
തീര്‍ത്തും റോ ടാലന്റാണ് അലി റാസയെന്ന ഈ വലംകയ്യന്‍ പേസര്‍. പാകിസ്ഥാന്‍ അണ്ടര്‍ 19 ടീമിന് പുറമെ റാവല്‍പിണ്ടി റൈഡേഴ്‌സിന് വേണ്ടി മാത്രമാണ് താരം കളിച്ചിട്ടുള്ളത്.
സെമിയില്‍ രണ്ട് മെയ്ഡന്‍ ഓവറുകളടക്കം പത്ത് ഓവര്‍ പന്തെറിഞ്ഞ താരം 34 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് വീഴ്ത്തിയത്. 3.40 എന്ന മികച്ച എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.
കങ്കാരുക്കളുടെ ആദ്യ വിക്കറ്റ് തന്നെ വീഴ്ത്തിയാണ് റാസ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ ഒരിക്കല്‍ക്കൂടി തന്നിലേക്ക് കൊണ്ടുവന്നത്. സാം കോണ്‍സ്റ്റാസിനെ ക്ലീന്‍ ബൗള്‍ഡാക്കി വിക്കറ്റ് വേട്ടക്ക് തുടക്കമിട്ട റാസ ഒലി പീക്കിനെയും ടോ സ്‌ട്രേക്കറിനെയും ക്യാപ്റ്റന്‍ സാദ് ബായ്ഗിന്റെ കൈകളിലെത്തിച്ച് പുറത്താക്കി. മഹ്‌ലി ബിയര്‍ഡ്മാനെ ബൗള്‍ഡാക്കി മടക്കിയാണ് താരം സെമിയില്‍ ഫോര്‍ഫര്‍ നേട്ടം ആഘോഷിച്ചത്.
ലോകകപ്പില്‍ പാകിസ്ഥാന്‍ ആറ് മത്സരം കളിച്ചപ്പോള്‍ വെറും മൂന്ന് മത്സരത്തില്‍ മാത്രമാണ് റാസക്ക് കളിക്കാന്‍ സാധിച്ചത്.
അയര്‍ലന്‍ഡിനെതിരായ സൂപ്പര്‍ സിക്‌സ് മത്സരത്തില്‍ രണ്ട് മെയ്ഡനടക്കം 10 ഓവര്‍ പന്തെറിഞ്ഞ റാസ 18 റണ്‍സ് മാത്രമാണ് വഴങ്ങിയത്. രണ്ട് വിക്കറ്റും നേടി.
ബംഗ്ലാദേശിനെതിരായ മത്സരത്തിലും താരം തകര്‍ത്തെറിഞ്ഞു. ഒരു മെയ്ഡനടക്കം പത്ത് ഓവര്‍ പന്തെറിഞ്ഞ താരം 44 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് നേടിയത്.
തീയുണ്ടകള്‍ക്ക് പഞ്ഞമില്ലാത്ത പാകിസ്ഥാന്റെ പേസ് ഫാക്ടറിയില്‍ നിന്നും ക്രിക്കറ്റ് ലോകത്തിന് ലഭിക്കാന്‍ പോകുന്ന പുത്തന്‍ താരോദയമായിരിക്കും റാസയെന്ന കാര്യത്തില്‍ സംശയമില്ല. ആഭ്യന്തര തലത്തിലും പി.എസ്.എല്ലിലും കളിച്ച് തന്റെ കഴിവിനെ മൂര്‍ച്ചകൂട്ടിയെടുത്താല്‍ അധികം വൈകാതെ സീനിയര്‍ ടീമിലെത്താനും റാസക്ക് സാധിച്ചേക്കും.
Content highlight: Under 19 World Cup: Pakistan’s Ali Raza’s brilliant performance in tournament