പാകിസ്ഥാന്റെ വിക്കറ്റ് വീഴുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നിരാശ; വീഡിയോ പങ്കുവെച്ച് ഐ.സി.സി
Sports News
പാകിസ്ഥാന്റെ വിക്കറ്റ് വീഴുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നിരാശ; വീഡിയോ പങ്കുവെച്ച് ഐ.സി.സി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 8th February 2024, 6:54 pm

 

അണ്ടര്‍ 19 ലോകകപ്പിന്റെ രണ്ടാം സെമി ഫൈനല്‍ മത്സരം സഹാറ പാര്‍ക് വില്ലോമൂര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ തുടരുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 180 റണ്‍സിന്റെ ദുര്‍ബലമായ ടോട്ടലാണ് ഓസ്‌ട്രേലിയക്ക് മുമ്പില്‍ വെച്ചത്.

ക്യാപ്റ്റന്‍ സാദ് ബായ്ഗ് അടക്കം നിറം മങ്ങിയ മത്സരത്തില്‍ അസാന്‍ അവായിസിന്റെയും അറാഫത് മിന്‍ഹാസിന്റെയും അര്‍ധ സെഞ്ച്വറികളാണ് പാകിസ്ഥാനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. അവായിസ് 91 പന്തില്‍ 52 റണ്‍സ് നേടി പുറത്തായപ്പോള്‍ 61 പന്തില്‍ 52 റണ്‍സടിച്ചാണ് മിന്‍ഹാസ് മടങ്ങിയത്. ഏഴ് താരങ്ങളാണ് പാകിസ്ഥാന്‍ നിരയില്‍ ഒറ്റയക്കത്തിന് ഔട്ടായി തിരിച്ചുനടന്നത്.

മത്സരത്തില്‍ പാകിസ്ഥാന്റെ മുന്‍നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നിരുന്നു. പാകിസ്ഥാന്‍ വിക്കറ്റുകള്‍ വീഴുമ്പോഴുള്ള ഇന്ത്യന്‍ താരങ്ങളുടെ റിയാക്ഷനാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സൈഡ് ലൈനില്‍ കളി കാണവെ പാക് വിക്കറ്റുകള്‍ നിലംപൊത്തുമ്പോള്‍ നിരാശരായിരിക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ വീഡിയോ ഐ.സി.സി പങ്കുവെച്ചിരിക്കുകയാണ്.

എങ്ങനെയാണ് പാക് താരങ്ങള്‍ ഔട്ടായതെന്നും ആ പന്ത് എങ്ങനെ കളിക്കണമെന്നുമെല്ലാം ഇന്ത്യന്‍ താരങ്ങള്‍ വിശകലനം ചെയ്യുന്നതും വീഡിയോയിലുണ്ട്.

View this post on Instagram

A post shared by ICC (@icc)

ഒടുവില്‍ 48.5 ഓവറില്‍ 179 റണ്‍സിന് പാകിസ്ഥാന്‍ ഓള്‍ ഔട്ടാവുകയായിരുന്നു.

ഓസ്‌ട്രേലിയന്‍ പേസര്‍ ടോം സ്‌ട്രേക്കറിന്റെ തകര്‍പ്പന്‍ പ്രകടനമാണ് പാകിസ്ഥാനെ കശക്കിയെറിഞ്ഞത്. 9.5 ഓവര്‍ പന്തെറിഞ്ഞ താരം 24 റണ്‍സ് മാത്രം വിട്ടുനല്‍കി പാക് നായകന്റെതടക്കം ആറ് വിക്കറ്റുകളാണ് സ്‌ട്രേക്കര്‍ സ്വന്തമാക്കിയത്.

ഷാമില്‍ ഹുസൈന്‍, അസാന്‍ അവായിസ്, ക്യാപ്റ്റന്‍ സാദ് ബായ്ഗ്, ഉബൈദ് ഷാ, മുഹമ്മദ് സീഷന്‍, അലി റാസ എന്നിവരെയാണ് സ്‌ട്രേക്കര്‍ പുറത്താക്കിയത്.

View this post on Instagram

A post shared by ICC (@icc)

View this post on Instagram

A post shared by ICC (@icc)

സ്‌ട്രേക്കറിന് പുറമെ റാഫേല്‍ മക്മില്ലന്‍, മഹ്‌ലി ബിയര്‍ഡ്മാന്‍, ടോം എഡ്വാര്‍ഡ് കാംബെല്‍, കാല്ലം വിഡ്‌ലെര്‍ എന്നിവരാണ് ശേഷിക്കുന്ന പാക് വിക്കറ്റുകള്‍ വീഴ്ത്തി അവരെ ഓള്‍ ഔട്ടിലേക്ക് തള്ളിയിട്ടത്.

180 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ നിലവില്‍ 15 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് 51 എന്ന നിലയിലാണ്. 43 പന്തില്‍ 26 റണ്‍സുമായി ഹാരി ഡിക്‌സണും നാല് പന്തില്‍ മൂന്ന് റണ്‍സുമായി ഹജ്‌റാസ് സിങ്ങുമാണ് ക്രീസില്‍.

ടൂര്‍ണമെന്റിലെ ആദ്യ സെമി ഫൈനലില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇന്ത്യ സൗത്ത് ആഫ്രിക്കയെ തോല്‍പിച്ച് കിരീട പോരാട്ടത്തിന് യോഗ്യത നേടിയിരുന്നു. സഹാറ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 245 റണ്‍സിന്റെ വിജയലക്ഷ്യം ഏഴ് പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.

 

Content highlight: Under 19 World Cup: Indian players are disappointed when Pakistan’s wicket falls, ICC shares the video