രണ്ട് ജയമകലെ ആറാം ലോകകപ്പ്; 2023 ലോകകപ്പിന്റെ സെമി ഫൈനലിന് സമാനം, ഇന്ത്യ ഇന്നിറങ്ങുന്നു
Sports News
രണ്ട് ജയമകലെ ആറാം ലോകകപ്പ്; 2023 ലോകകപ്പിന്റെ സെമി ഫൈനലിന് സമാനം, ഇന്ത്യ ഇന്നിറങ്ങുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 6th February 2024, 7:48 am

 

അണ്ടര്‍ 19 ലോകകപ്പിന്റെ ആദ്യ സെമി ഫൈനല്‍ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. സഹാറ പാര്‍ക് വില്ലോമൂര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍.

ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ സിക്‌സിലും ഒറ്റ മത്സരത്തില്‍ പോലും തോല്‍ക്കാതെയാണ് ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിനോട് ഡക്‌വര്‍ത്-ലൂയീസ്-സ്‌റ്റേണ്‍ നിയമപ്രകാരം പരാജയപ്പെട്ടതൊഴിച്ചുനിര്‍ത്തിയാല്‍ സൗത്ത് ആഫ്രിക്കയും ചില്ലറക്കാരല്ല.

 

 

 

ടൂര്‍ണമെന്റില്‍ ഇരുടീമുകളും ഇതാദ്യമായാണ് ഏറ്റുമുട്ടുന്നത്. കടലാസില്‍ കരുത്തര്‍ ഇന്ത്യയെങ്കിലും ഒരു പ്രവചനത്തിനും സെമി ഫൈനലില്‍ സ്ഥാനമില്ല.

ക്യാപ്റ്റന്‍ ഉദയ് ശരണിന് കീഴില്‍ മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുക്കുന്നത്. മുഷീര്‍ ഖാന്‍, അര്‍ഷില്‍ കുല്‍ക്കര്‍ണി, ക്യാപ്റ്റന്‍ ഉദയ് എന്നിവര്‍ ബാറ്റിങ്ങില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുമ്പോള്‍ സൗമി പാണ്ഡേയുടെ നേതൃത്വത്തിലാണ് ബൗളിങ് നിര പടയ്ക്ക് കോപ്പുകൂട്ടുന്നത്.

ഡെവാന്‍ മാറിയസ്, ക്യാപ്റ്റന്‍ ജുവാന്‍ ജെയിംസ് എന്നിവര്‍ അണിനിരക്കുന്നതാണ് പ്രോട്ടിയാസിന്റെ ബാറ്റിങ് നിര. ക്വേന മഫാക്കയാണ് ബൗളിങ്ങില്‍ സൗത്ത് ആഫ്രിക്കയുടെ കുന്തമുന. മഫാക്കയെ മറികടക്കാനുള്ള പ്ലാന്‍ തന്നെയായിരിക്കും സെമി ഫൈനലിനിറങ്ങും മുമ്പ് ഇന്ത്യ തയ്യാറാക്കുക.

2023 ഐ.സി.സി ഏകദിന ലോകകപ്പിന് സമാനമായി ഇന്ത്യ – സൗത്ത് ആഫ്രിക്ക സെമി ഫൈനലാണ് അണ്ടര്‍ 19 ലോകകപ്പിലും അരങ്ങേറുന്നത്.

ഇതിനോടകം അഞ്ച് കിരീടം സ്വന്തമാക്കിയ ഇന്ത്യ കിരീടം നിലനിര്‍ത്താന്‍ തന്നെയാണ് ഒരുങ്ങുന്നത്.

ഇന്ത്യ സ്‌ക്വാഡ്

ആദര്‍ശ് സിങ്, പ്രിയാന്‍ഷു മോലിയ, രുദ്ര മയൂര്‍ പട്ടേല്‍, സച്ചിന്‍ ദാസ്, ഉദയ് ശരണ്‍ (ക്യാപ്റ്റന്‍), അര്‍ഷിന്‍ കുല്‍ക്കര്‍ണി, മുഷീര്‍ ഖാന്‍, ആരാവല്ലി അവിനാഷ് റാവു (വിക്കറ്റ് കീപ്പര്‍), ഇന്നേഷ് മഹാജന്‍ (വിക്കറ്റ് കീപ്പര്‍), ആരാധ്യ ശുക്ല, ധനുഷ് ഗൗഡ, മുരുഗന്‍ പെരുമാള്‍ അഭിഷേക്, നമന്‍ തിവാരി, രാജ് ലിംബാനി, സൗമി കുമാര്‍ പാണ്ഡേ.

സൗത്ത് ആഫ്രിക്ക സ്‌ക്വാഡ്

ഡേവിഡ് ടീഗര്‍, ഡെവാന്‍ മാറിയസ്, റിച്ചാര്‍ഡ് സെലെറ്റ്‌സ്വെയ്ന്‍, സ്റ്റീവ് സ്റ്റോക്, ജുവാന്‍ ജെയിംസ് (ക്യാപ്റ്റന്‍), ഒലിവര്‍ വൈറ്റ്‌ഹെഡ്, റയീഖ് ഡാനിയല്‍സ്, റിലി നോര്‍ടണ്‍, റോമാഷന്‍ സോമ പില്ലായ്, എല്‍ഹുവാന്‍ ഡ്രെ പ്രിട്ടോറിയസ് (വിക്കറ്റ് കീപ്പര്‍), എന്റാന്‍ഡോ സുമ (വിക്കറ്റ് കീപ്പര്‍), ക്വേന മഫാക്ക, എന്‍കോബാനി മൊകേന, സിഫോ പോട്‌സെയ്ന്‍, ട്രിസ്റ്റണ്‍ ലസ്.

 

Content Highlight: Under 19 World Cup: India vs South Africa Semi Final