| Saturday, 5th February 2022, 11:04 pm

ലോകത്തിന്റെ നെറുകയില്‍ ഇന്ത്യയെത്തുമോ? ചെറിയ സ്‌കോറില്‍ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

അണ്ടര്‍ 19 കിക്കറ്റ് ലോകകപ്പില്‍ മുത്തമിടാന്‍ ഇന്ത്യയ്ക്ക് വേണ്ടത് 190 റണ്‍സ്. ഫൈനല്‍ മത്സരത്തില്‍ 44.5 ഓവറില്‍ 189 റണ്‍സിന് ഇംഗ്ലണ്ടിനെ കൂടാരം കയറ്റിയാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ കരുത്ത് കാട്ടിയത്. അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ഇന്ത്യ അഞ്ചാമതും ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലെത്തും.

9.5 ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ രാജ് ബാവയും ഒന്‍പത് ഓവറില്‍ 34 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ രവി കുമാറുമാണ് ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറില്‍ തളച്ചത്. ക്രുശാലന്‍ താംബൊ ഒരു വിക്കറ്റും സ്വന്തമാക്കി.

ഏഴിന് 91 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ എട്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജെയിംസ് റോയും ജെയിംസ് സെല്‍സുമാണ് പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.

ജെയിംസ് റോ 116 പന്തില്‍ 12 ഫോറടക്കം 95 റണ്‍സാണ് നേടിയത്. 65 പന്തില്‍ നിന്നും 2 ബൗണ്ടറിയുള്‍പ്പടെ 34 റണ്‍സുമായി പുറത്താകാതെ നിന്ന സെല്‍സ് മികച്ച പിന്തുണയാണ് റോയ്ക്ക് നല്‍കിയത്. ഇരുവരും എട്ടാം വിക്കറ്റില്‍ 93 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

ജോര്‍ജ് തോമസ് (27), റെഹാന്‍ അഹമ്മദ് (10), അലക്സ് ഹോര്‍ട്ടോണ്‍ (10) എന്നിവര്‍ മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ രണ്ടക്കം കടന്നവര്‍.

അപാര ഫോമില്‍ തുടരുന്ന നായകന്‍ യാഷ് ധുള്ളും ഷെയ്ക് റഷീദും മറ്റ് താരങ്ങളും കഴിഞ്ഞ മത്സരത്തിന്റെ മികവ് പുറത്തെടുത്താല്‍ ഇന്ത്യ വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലെത്തും.

Content Highlight: Under 19 World Cup, England put 190 runs target for India

We use cookies to give you the best possible experience. Learn more