ഇന്ത്യ - ഓസീസ് ഫൈനല്‍; ഒറ്റ വിക്കറ്റിന് വിറച്ച് ജയിച്ചു, ലോ സ്‌കോറിങ് ത്രില്ലറില്‍ കങ്കാരുപ്പട
Sports News
ഇന്ത്യ - ഓസീസ് ഫൈനല്‍; ഒറ്റ വിക്കറ്റിന് വിറച്ച് ജയിച്ചു, ലോ സ്‌കോറിങ് ത്രില്ലറില്‍ കങ്കാരുപ്പട
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 8th February 2024, 9:18 pm

അണ്ടര്‍ 19 ലോകകപ്പിന്റെ രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ഫൈനലിന് യോഗ്യത നേടി. സഹാറ പാര്‍ക് വില്ലോമൂറില്‍ നടന്ന് മത്സരത്തില്‍ ഒരു വിക്കറ്റിനാണ് ഓസീസിന്റെ ജയം.

പാകിസ്ഥാന്‍ ഉയര്‍ത്തിയ 180 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസ് ഒറ്റ വിക്കറ്റ് ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.

ഓപ്പണര്‍ ഹാരി ഡിക്‌സണിന്റെ അര്‍ധ സെഞ്ച്വറിയാണ് ഓസ്‌ട്രേലിയയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 75 പന്തില്‍ അഞ്ച് ബൗണ്ടറിയടക്കം 50 റണ്‍സ് നേടിയാണ് ഡിക്‌സണ്‍ പുറത്തായത്.

75 പന്തില്‍ 49 റണ്‍സ് നേടിയ ഒല്ലി പീക്കും ഓസീസ് നിരയില്‍ കരുത്തായി.

താരതമ്യേന ചെറിയ ടോട്ടല്‍ മറികടക്കാനെത്തിയ ഓസ്‌ട്രേലിയക്ക് മോശമല്ലാത്ത തുടക്കം ലഭിച്ചിരുന്നു. ആദ്യ വിക്കറ്റില്‍ 33 റണ്‍സാണ് ഓപ്പണര്‍മാര്‍ കൂട്ടിച്ചേര്‍ത്തത്. 31 പന്തില്‍ 14 റണ്‍സ് നേടിയ സാം കോണ്‍സ്റ്റാസിനെ പുറത്താക്കി അലി റാസ ആദ്യ രക്തം ചിന്തി.

പിന്നീടെത്തിയവരെല്ലാം നിന്നുവിറച്ചതോടെ പാകിസ്ഥാന്‍ മത്സരത്തിലേക്ക് തിരിച്ചെത്തി. ക്യാപ്റ്റന്‍ ഹ്യൂഗ് വെയ്ബ്ജന്‍ നാല് റണ്‍സിന് പുറത്തായപ്പോള്‍ ഹജ്‌റാസ് സിങ് അഞ്ചിനും വിക്കറ്റ് കീപ്പര്‍ റയാന്‍ ഹിക്‌സ് ഗോള്‍ഡന്‍ ഡക്കായും പുറത്തായി.

എന്നാല്‍ ആറാം നമ്പറില്‍ ഒലി പീക്കെത്തിയതോടെ ഓസ്‌ട്രേലിയ മത്സരത്തിലേക്ക് തിരിച്ചുവന്നു. ഡിക്‌സണൊപ്പം ചേര്‍ന്ന് താരം സ്‌കോര്‍ ഉയര്‍ത്തി. ഇരുവരുടെയും രക്ഷാപ്രവര്‍ത്തനം കുട്ടികങ്കാരുക്കള്‍ക്ക് തുണയായി.

ടീം സ്‌കോര്‍ 102ല്‍ നില്‍ക്കവെ ഡിക്‌സണെ പുറത്താക്കി അറാഫത് മിന്‍ഹാസ് കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെയെത്തിയ ടോം എഡ്വാര്‍ഡ് കാംബെല്ലിനെ കൂട്ടുപിടിച്ച് പീക് സ്‌കോര്‍ ഉയര്‍ത്തി. ടീം സ്‌കോര്‍ 146ല്‍ നില്‍ക്കവെ കാംബെലും 155ല്‍ നില്‍ക്കവെ പീക്കും പുറത്തായി.

ഒടുവില്‍ 49.1 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് 181 റണ്‍സ് നേടി.

പാകിസ്ഥാനായി അലി റാസ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അറാഫത് മിന്‍ഹാസ് രണ്ടും ഉബൈദ് ഷാ, നവീദ് അഹമ്മദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് തുടക്കം പാളിയിരുന്നു.ക്യാപ്റ്റന്‍ സാദ് ബായ്ഗ് അടക്കം നിറം മങ്ങിയ മത്സരത്തില്‍ അസാന്‍ അവായിസിന്റെയും അറാഫത് മിന്‍ഹാസിന്റെയും അര്‍ധ സെഞ്ച്വറികളാണ് പാകിസ്ഥാനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

അവായിസ് 91 പന്തില്‍ 52 റണ്‍സ് നേടി പുറത്തായപ്പോള്‍ 61 പന്തില്‍ 52 റണ്‍സടിച്ചാണ് മിന്‍ഹാസ് മടങ്ങിയത്. ഏഴ് താരങ്ങളാണ് പാകിസ്ഥാന്‍ നിരയില്‍ ഒറ്റയക്കത്തിന് ഔട്ടായി തിരിച്ചുനടന്നത്.

ഓസ്ട്രേലിയന്‍ പേസര്‍ ടോം സ്ട്രേക്കറിന്റെ തകര്‍പ്പന്‍ പ്രകടനമാണ് പാകിസ്ഥാനെ കശക്കിയെറിഞ്ഞത്. 9.5 ഓവര്‍ പന്തെറിഞ്ഞ താരം 24 റണ്‍സ് മാത്രം വിട്ടുനല്‍കി പാക് നായകന്റെതടക്കം ആറ് വിക്കറ്റുകളാണ് സ്ട്രേക്കര്‍ സ്വന്തമാക്കിയത്.

സ്ട്രേക്കറിന് പുറമെ റാഫേല്‍ മക്മില്ലന്‍, മഹ്ലി ബിയര്‍ഡ്മാന്‍, ടോം എഡ്വാര്‍ഡ് കാംബെല്‍, കാല്ലം വിഡ്ലെര്‍ എന്നിവരാണ് ശേഷിക്കുന്ന പാക് വിക്കറ്റുകള്‍ വീഴ്ത്തി അവരെ ഓള്‍ ഔട്ടിലേക്ക് തള്ളിയിട്ടത്.

ഫെബ്രുവരി 11നാണ് ലോകകപ്പിന്റെ ഫൈനല്‍ മത്സരം. ആദ്യ സെമി ജയിച്ചെത്തിയ ഇന്ത്യയെയാണ് നേരിടാനുള്ളത്.

ടൂര്‍ണമെന്റിലെ ആദ്യ സെമി ഫൈനലില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇന്ത്യ സൗത്ത് ആഫ്രിക്കയെ തോല്‍പിച്ച് കിരീട പോരാട്ടത്തിന് യോഗ്യത നേടിയിരുന്നു. സഹാറ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 245 റണ്‍സിന്റെ വിജയലക്ഷ്യം ഏഴ് പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.

 

 

Content highlight: Under 19 World Cup: Australia defeated Pakistan in 2nd Semi Final