അണ്ടര്‍ 17 ലോകകപ്പ്; കാണികളുടെ എണ്ണത്തില്‍ കൊച്ചി ഏറ്റവും പുറകില്ലെന്ന് റിപ്പോര്‍ട്ടുകള്‍; ഐ.എസ്.എല്ലിലെ റെക്കോര്‍ഡുകള്‍ തിരിഞ്ഞു കുത്തുന്നു
Daily News
അണ്ടര്‍ 17 ലോകകപ്പ്; കാണികളുടെ എണ്ണത്തില്‍ കൊച്ചി ഏറ്റവും പുറകില്ലെന്ന് റിപ്പോര്‍ട്ടുകള്‍; ഐ.എസ്.എല്ലിലെ റെക്കോര്‍ഡുകള്‍ തിരിഞ്ഞു കുത്തുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th October 2017, 1:33 pm

കൊച്ചി: ഐ.എസ്.എല്‍ വിരുന്നെത്തിക്കഴിഞ്ഞാല്‍ കൊച്ചിയിലെത്തുന്ന കാണികളുടെ എണ്ണം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെയും സ്പാനിഷ് ലീഗിനെയും അനുസ്മരിക്കും വിധമാണ്. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഓരോ മത്സരത്തിലും കാണികളുടെ എണ്ണത്തില്‍ സ്‌റ്റേഡിയം റെക്കോര്‍ഡ് സ്ഥാപിക്കുന്നതും പതിവാണ്.


Also Read: ‘പ്ലാസ്റ്റിക്ക് ബാറ്റുപയോഗിക്കു അങ്ങിനെയെങ്കില്‍ മരങ്ങള്‍ സംരക്ഷിക്കാം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവശ്യപ്പെട്ട യുവരാജിനെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ


മറ്റു ക്ലബ്ബുകളുടെ ആരാധകരുമായി മഞ്ഞപ്പടയുടെ ആരാധകര്‍ കാണികളുടെ എണ്ണത്തെ മുന്‍നിര്‍ത്തി വാക്‌പോരിനിറങ്ങുന്നതിനും കഴിഞ്ഞ സീസണുകള്‍ സാക്ഷിയായിട്ടുണ്ട്. എന്നാല്‍ ലോക കൗമാര കാല്‍പന്ത് മാമാങ്കം കൊച്ചിയില്‍ വിരുന്നെത്തിയിട്ട് ആരാധകര്‍ കളിയെ വേണ്ടത്ര രീതിയില്‍ സ്വീകരിച്ചില്ലെന്നാണ് പുറത്ത് വരുന്ന കണക്കുകള്‍ പറയുന്നത്.

ലോകകപ്പുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്ന അനൗദ്യോഗിക കണക്കുകള്‍ പറയുന്നത് ഏറ്റവും കുറവ് കാണികള്‍ എത്തുന്ന സ്റ്റേഡിയം കൊച്ചിയാണെന്നാണ്. കൊല്‍ക്കത്ത കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഫുട്‌ബോളിന് ഏറ്റവും കൂടുതല്‍ വേരോട്ടമുള്ള സംസ്ഥാനമായ കേരളമാണ് കണക്കുകളില്‍ പിന്നില്‍ നില്‍ക്കുന്നത് എന്നത്. ഐ.എസ്.എല്ലിലെ മറ്റു ക്ലബ്ബുകളുടെ ആരാധകര്‍ ഇത് ഉയര്‍ത്തിക്കാട്ടി ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.

 

പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കുറവ് കാണികള്‍ എത്തിയത് കൊച്ചിയില്‍ നടന്ന രണ്ടാം മത്സരത്തിലാണ് അയ്യായിരത്തില്‍ താഴെയാള്‍ക്കാരാണ് ഈ മത്സരത്തില്‍ കൊച്ചിയിലെത്തിയത്. ഐ.എസ്.എല്‍ മത്സരങ്ങള്‍ക്ക് അമ്പതിനായിരത്തോളം പേരെത്തുന്ന സ്റ്റേഡിയത്തിലാണ് ഈ അവസ്ഥ.

സുരക്ഷാ കാരണം മുന്‍ നിര്‍ത്തി കാണികളുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതാണ് ഈ അവസ്ഥയിലേക്ക് കേരളത്തെ നയിച്ചത്. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായിട്ട് 29,000 കാണികള്‍ക്കാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം നല്കുക.


Dont Miss: ‘രാഹുലേ മുത്തേ നീ തകര്‍ത്തു’; കൊളംബിയയെ വിറപ്പിച്ച മലയാളിത്താരത്തിന്റെ ഗോള്‍ ശ്രമവും മത്സരത്തിലെ സുന്ദര നിമിഷങ്ങളും കാണാം


41,000 പേരെ മത്സരം കാണാന്‍ അനുവദിക്കുമെന്നായിരുന്നു സംഘാടകര്‍ നേരത്തെ അറിയിച്ചിരുന്നതെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ കാണികളുടെ എണ്ണം വെട്ടിച്ചുരുക്കുകയായിരുന്നു. 29,000 കാണികളും സുരക്ഷ ഉദ്യോഗസ്ഥരുമടക്കം പരമാവധി 32,000 പേര്‍ക്ക് മാത്രമായിരിക്കും സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ കഴിയുക.

കൊച്ചിയില്‍ നടന്ന ആദ്യ മത്സരത്തില്‍ 21, 362 പേരെത്തിയിരുന്നെന്നും കണക്കുകള്‍ പറയുന്നു. വരും മല്‍സരങ്ങളില്‍ കൂടി കൊച്ചിയില്‍ ഇതാണു അവസ്ത എങ്കില്‍ ഇന്ത്യയിലെ മികച്ച ഫുട്‌ബോള്‍ ഫാന്‍സ് എന്ന അവകാശ വാദത്തില്‍ മലയാളികള്‍ക്കു തല്‍ക്കാലം തല കുനിക്കേണ്ടി വരും.

കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ കാണികളെത്തുന്നത് കൊല്‍ക്കത്ത സ്റ്റേഡിയത്തിലാണ് ആദ്യ മത്സരത്തില്‍ 46, 154 പേരും രണ്ടാം മത്സരത്തില്‍ 55,800 പേരും ഇവിടെ കളികാണാനെത്തിയിരുന്നു. ഇന്ത്യുടെ ആദ്യ മത്സരം കാണാന്‍ ദല്‍ഹിയില്‍ 46,750 പേരാണ് എത്തിയതെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു