| Thursday, 21st June 2018, 11:49 am

സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കര്‍ഷക സംഘടനകള്‍; ചെന്നൈ-സേലം എട്ടുവരിപ്പാതയ്‌ക്കെതിരെ പ്രതിഷേധം രൂക്ഷമാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ചെന്നൈ-സേലം എട്ടുവരിപ്പാതയുടെ നിര്‍മാണത്തിനു തടസ്സം നില്‍ക്കുന്നവരെ ഒഴിവാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ “അപ്രഖ്യാപിത അടിയന്തരാവസ്ഥ” കൊണ്ടുവന്നിരിക്കുകയാണെന്ന് തമിഴ്‌നാട് വ്യവസായികള്‍ സംഘം സെക്രട്ടറി പി.ഷണ്‍മുഖം. പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ പൊലീസിനെ ഉപയോഗിച്ച് നേരിടുകയാണ് സംസ്ഥാന ഭരണകൂടമെന്നും കര്‍ഷക സംഘടനകള്‍ ആരോപിച്ചു.

പദ്ധതിയുടെ തിക്തഫലങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തിരുവണ്ണാമലയില്‍ ഒത്തുചേര്‍ന്ന 24 കര്‍ഷകരെ ബുധനാഴ്ച പൊലീസ് അറസ്റ്റു ചെയ്ത് നീക്കിയിരുന്നു. കര്‍ഷക സംഘടനകളുടെ ഭാരവാഹികളെയടക്കം കസ്റ്റഡിയിലെടുത്ത് അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയത് കര്‍ഷകര്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. സര്‍ക്കാര്‍ നടപടികള്‍ കടുപ്പിച്ചതോടെ കൂടുതല്‍ ശക്തമായ സമരമുറകള്‍ക്കൊരുങ്ങുകയാണ് കര്‍ഷകസംഘടനകള്‍.

എക്‌സ്പ്രസ് ഹൈവേ പദ്ധതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന കര്‍ഷകരെയും ഗ്രാമീണരെയും അന്യായമായി തടവില്‍ വെക്കുന്നത് അടിയന്തിരാവസ്ഥയ്ക്കു സമാനമായ സന്ദര്‍ഭം സൃഷ്ടിക്കുന്നെന്നും, ഇതിനു വഴങ്ങുകയില്ലെന്നും കര്‍ഷകസംഘടനകള്‍ പറയുന്നു. തങ്ങളുടെ സമ്മതമില്ലാതെ സ്ഥാപിച്ചിട്ടുള്ള സര്‍വ്വേക്കല്ലുകള്‍ പിഴുതെറിയുമെന്നും സമരക്കാര്‍ പറയുന്നു.


Also Read: അര്‍ണബ് ഗോസ്വാമിയെ കണ്ട് പിന്തുണ തേടി ബി.ജെ.പി വക്താവ് സംപിത് പത്ര; ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ


“പദ്ധതിക്കെതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്താനായി ജൂണ്‍ 26ന് എല്ലാ കര്‍ഷകരും വീടിനും കൃഷിസ്ഥലത്തിനും മുന്നില്‍ കരിങ്കൊടി ഉയര്‍ത്തും. ജനങ്ങളുടെ ആവശ്യം പരിഗണിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയാല്‍, ഹൈവേ പദ്ധതിക്ക് അനുമതി നല്‍കിക്കൊണ്ടുള്ള ഓര്‍ഡര്‍ ജൂലായ് 6നു കത്തിക്കുകയും ചെയ്യും.” ഷണ്മുഖം പറയുന്നു.

“തൂത്തുക്കുടിയില്‍ പ്രതിഷേധിച്ച 13 പേരെ വെടിവച്ച് കൊലപ്പെടുത്തിയതിനു ശേഷം എ.ഐ.എ.ഡി.എം.കെ സര്‍ക്കാര്‍ എക്‌സ്പ്രസ് ഹൈവേക്കെതിരെയുള്ള പ്രക്ഷോഭങ്ങളെ ലക്ഷ്യം വച്ചിരിക്കുകയാണ്. മീറ്റിങ്ങുകളില്‍ പങ്കെടുക്കുന്നത് തടയാനായി ഗ്രാമങ്ങളില്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. കര്‍ഷകരെ അറസ്റ്റു ചെയ്ക് നീക്കാന്‍ അവര്‍ക്കു സാധിച്ചെങ്കിലും, മീറ്റിങ്ങ് ഞങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചു.” അഖിലേന്ത്യാ കിസാന്‍ സഭ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണന്‍ പറഞ്ഞു.

മുഖ്യമന്ത്രി പളനിസ്വാമിയുടെ സ്വപന പദ്ധതിയായ 10,000 കോടിയുടെ എക്‌സ്പ്രസ്സ് ഹൈവേ കൃഷിഭൂമിയും ജൈവസമ്പത്തും നശിപ്പിക്കുമെന്നു കാണിച്ച് കര്‍ഷകര്‍ സമരത്തിലാണ്. സമരവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച പരിസ്ഥിതി പ്രവര്‍ത്തകരെയും കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more