മേലുദ്യോഗസ്ഥനു മേല്‍ തന്റെ മസില്‍പവറും വാക്ചാതുരിയും കൊണ്ട് അധീശത്വം സ്ഥാപിക്കുന്ന ബല്‍റാമും ഭരത്ചന്ദ്രനും ഒക്കെയാണു പൊതുസമൂഹത്തിന്റെ മനസ്സിലെ പൊലീസ് സങ്കല്‍പ്പങ്ങള്‍. ‘അതാവണമെടാ പൊലീസ്’ എന്ന ഡയലോഗ് ഡെലിവറികള്‍ക്കൊക്കെ കൈയും മെയ്യും മറന്ന് കൈയടിക്കാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നതും ഈ പൊതുബോധമാണ്.
പക്ഷേ ‘ഇതാവരുത് പൊലീസ്’ എന്നും ഇതാണു സമൂഹയാഥാര്‍ഥ്യം എന്നും പറയുകയാണു കണ്ണൂരിലെ സിവില്‍ പൊലീസ് ഓഫീസര്‍ കെ. രതീഷ്. എ.ആര്‍ ക്യാമ്പില്‍ അടിമയെപ്പോലെ പണിയെടുക്കേണ്ടിവരുന്ന ആ മനുഷ്യന്‍, ജാതിപ്പേരിനൊപ്പം അസഭ്യവും ചേര്‍ത്തുള്ള വിളികള്‍ കേട്ടാണ് ഇത്ര കാലം തന്റെ തൊഴിലെടുത്തത്. അധികാരശ്രേണിയിലടക്കം ദശാബ്ദങ്ങളായി നിലനില്‍ക്കുന്ന ജാതിവിവേചനത്തിനിരയായി അയാള്‍ ഇന്നലെ കാക്കി അഴിച്ചുവെച്ചു. സ്വന്തം ചോര വിയര്‍പ്പാക്കി പണിയെടുത്ത് നേടിയ തൊഴിലിടത്തില്‍ നിന്നു പോലും അയാള്‍ക്കു സ്വന്തം ജാതിയുടെയും നിറത്തിന്റെയും പേരില്‍ പടിയിറങ്ങേണ്ടിവന്നു.
ജാതിയുടെ പേരില്‍ കടുത്ത പീഡനമാണു നേരിട്ടതെന്നും ആത്മാഭിമാനം തകര്‍ക്കുന്ന തരത്തിലാണു തന്നെ അപമാനിച്ചതെന്നും ഈ സമൂഹത്തോട് രതീഷ് വിളിച്ചുപറയുന്ന നിമിഷം തന്നെയാണ് യാദൃശ്ചികമായി ഒരു സിനിമ നമുക്കിടയിലേക്കു ആ രാഷ്ട്രീയം പറഞ്ഞുകൊണ്ടു കടന്നുവരുന്നത്. ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ പിറന്ന ‘ഉണ്ട’.
ഉണ്ട ചര്‍ച്ചയാവുകയാണ്. ആദ്യദിനം തന്നെ ഒരു ‘സൂപ്പര്‍സ്റ്റാര്‍’ ചിത്രം ഏറെ ചര്‍ച്ചയാവുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. പക്ഷേ മമ്മൂട്ടിയെന്ന സൂപ്പര്‍സ്റ്റാറിന്റെ സാന്നിധ്യത്തെക്കുറിച്ചു മാത്രമായി ആ ചര്‍ച്ച മാറുന്നില്ലെന്നത് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.
സ്റ്റാര്‍ഡം മറികടന്ന് മലയാളസിനിമയില്‍ വിരലിലെണ്ണാവുന്ന സിനിമകളില്‍ മാത്രം മുഖം കാണിച്ചിട്ടുള്ള, താരമൂല്യമില്ലാത്ത നടന്‍ പ്രേക്ഷകമനസ്സുകളിലേക്ക് കസേര വലിച്ചിട്ടിരിക്കുന്ന കാഴ്ചയാണ് ഇന്നലെമുതല്‍ കാണുന്നത്. അത് ലുക്ക്മാന്‍ ലുക്കു എന്ന നടന്റെ നേട്ടം മാത്രമല്ല, അയാളിലെ കഥാപാത്രത്തിലൂടെ സിനിമ പറയാന്‍ ശ്രമിക്കുന്ന രാഷ്ട്രീയത്തിന്റെ വിജയം കൂടിയാണ്.
മണിസാര്‍ എന്ന കേന്ദ്രകഥാപാത്രം (മമ്മൂട്ടി) അടക്കം സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ പൊലീസുകാരുടെയെല്ലാം അടിസ്ഥാന വികാരം ഭയമാണ്. മാവോയിസ്റ്റുകളോടുള്ള ഭയത്തെക്കുറിച്ചാണ് തുടക്കത്തില്‍ പറഞ്ഞുപോകുന്നതെങ്കിലും സമൂഹത്തില്‍ അരികുവത്കരിക്കപ്പെട്ട ആദിവാസി വിഭാഗങ്ങളോടുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടിലേക്ക് സിനിമ പിന്നീട് പ്രവേശിക്കുകയാണ്.
കഥയുടെ ഭൂരിഭാഗവും ഒമ്പത് പൊലീസുകാരിലൂടെ സഞ്ചരിക്കുന്ന സിനിമയിലെ ബിജു കുമാര്‍ എന്ന പൊലീസ് കോണ്‍സ്റ്റബിളും, അത് അവതരിപ്പിച്ച ലുക്ക്മാന്‍ ലുക്കുവും പ്രേക്ഷകമനസ്സുകളില്‍ ഇടംപിടിച്ചുകഴിഞ്ഞു. ബിജുവിലൂടെ സമൂഹത്തിന്റെ എല്ലാ കോണുകളിലും ജാതി നിലനില്‍ക്കുന്നുവെന്നതിന്റെ യാഥാര്‍ഥ്യത്തിലേക്കാണ് ഖാലിദ് റഹ്മാന്‍ എന്ന സംവിധായകനും അദ്ദേഹത്തോടൊപ്പം തിരക്കഥയെഴുതിയ ഹര്‍ഷദും നമ്മെ നയിക്കുന്നത്. രതീഷ് രാജിവെയ്ക്കുകയാണ് ചെയ്തതെങ്കില്‍ ‘തിരികെ നാട്ടില്‍ച്ചെല്ലുമ്പോള്‍ ഞാന്‍ ക്യാമ്പില്‍ കാണില്ല’ എന്നു പറയേണ്ടിവരികയാണ് ബിജുവിന്.
‘എന്നെ കളിയാക്കുന്നത് നിങ്ങള്‍ക്ക് തമാശയായിരിക്കാം പക്ഷേ എനിക്കങ്ങനെയല്ല സാറേ’ എന്ന് രതീഷ് പറയാന്‍ ആഗ്രഹിച്ചതായിരിക്കാം ഇപ്പോള്‍ ബിജു നമ്മോടു പറയുന്നത്. നല്ലൊരു ജോലി കിട്ടിയാല്‍, നിലയും വിലയും ഉണ്ടായാല്‍, തങ്ങളോടുള്ള പൊതുസമൂഹത്തിന്റെ സമീപനത്തില്‍ മാറ്റം വരുമെന്ന് തന്റെ അമ്മ പറഞ്ഞതിന്റെ പേരില്‍ പൊലീസില്‍ ചേരുന്ന ബിജു, പിന്നീട് തന്റെ ജീവിതത്തിലുടനീളം സഹപ്രവര്‍ത്തകരില്‍ നിന്നും നേരിടുന്നത് കടുത്ത ജാതിവിവേചനമാണ്.
ക്യാമ്പില്‍ കസേര വലിച്ചിട്ടിരിക്കുന്ന ആദിവാസി യുവാവിനെ അംഗീകരിക്കാന്‍ തയ്യാറാവാത്ത സഹപ്രവര്‍ത്തകര്‍ക്ക് അവന്റെ ജാതിയും നിറവും എന്നും പ്രശ്‌നം തന്നെയായിരുന്നു. അവസരം കിട്ടുമ്പോഴൊക്കെ അവര്‍ അവനെ അധിക്ഷേപിക്കാറുണ്ട്.
സ്വന്തം വീട്ടില്‍ തൂറാന്‍ ഇടമില്ലാത്തതിന്റെ പേരില്‍ പരിഹസിക്കപ്പെടുമ്പോള്‍ ‘സ്വന്തം വീട്ടില്‍ തൂറുന്നത് വൃത്തികേടാണ് എന്നാണു ഞങ്ങള്‍ കരുതുന്നത്’ എന്ന ബിജുവിന്റെ മറുപടി എല്ലാറ്റിനുമുള്ള മറുപടി കൂടിയാണ്. ‘നമ്മുടെ ജീവിതം എങ്ങനെയാവണമെന്നത് വേറൊരാള്‍ തീരുമാനിക്കുന്ന അവസ്ഥ ഭീകരമാണ്. സഹിക്കാന്‍ പറ്റില്ല സാറേ.’ എന്ന് ബിജു പറയുന്നത് ജാതീയതയുടെ ഭീകരമായ അവസ്ഥയിലേക്കാണു വിരല്‍ചൂണ്ടുന്നത്.
ഈ ഭീകരാവസ്ഥകളെയൊക്കെ അതിജീവിച്ചാണ് അയാള്‍ തന്റെ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. തുടക്കം മുതല്‍ പ്രതികരിക്കാനാവാത്തതിന്റെ പേരില്‍ നിശ്ശബ്ദനായി തുടരേണ്ടിവരുമ്പോഴും ബിജുവിന്റെ ഓരോ നോട്ടങ്ങളും നമ്മുടെ നെഞ്ചില്‍ ഉണ്ടപോലെ തറച്ചുകയറുന്നുണ്ട്.
മണ്ണിന്റെ അവകാശികളെന്നു വിശേഷിപ്പിക്കാന്‍ മാത്രം നാം ഉപയോഗിക്കുന്ന ആദിവാസികള്‍ ഉത്തരേന്ത്യന്‍ മണ്ണില്‍ ഭരണകൂടത്തിന് മാവോയിസ്റ്റുകളാണ്. അവര്‍ക്കവകാശപ്പെട്ട കുടിവെള്ളം പോലും കൈക്കലാക്കി അവര്‍ക്കു ചാപ്പ കുത്താന്‍ ശ്രമിക്കുന്ന ഭരണകൂടത്തിന്റെയും ഓരോ മധ്യവര്‍ഗക്കാരന്റെയും മുഖത്തേക്ക് ബിജു നോക്കുന്നുണ്ട്. ഒരു പത്തുവയസ്സുകാരനെപ്പോലും, അവന്റെ നിറവും ജാതിയും കണക്കിലെടുത്ത് മാവോയിസ്റ്റാണെന്നു മുദ്രകുത്തുമ്പോഴും ബിജു നോക്കുന്നുണ്ട്. ആ നോട്ടം തറഞ്ഞുകയറുന്നത് നമ്മുടെയൊക്കെ നെഞ്ചിലേക്കാണ്.
ഒടുവില്‍ അയാള്‍ പ്രതികരിക്കുകയാണ്. ഒപ്പം തന്നെ അയാളുടെ പ്രതികരണം കാലം ആവശ്യപ്പെടുന്നുണ്ടെന്നു പറഞ്ഞുവെയ്ക്കുക കൂടിയാണ് ഖാലിദ് തന്റെ രണ്ടാമത്തെ സിനിമയിലൂടെ. എല്ലാറ്റിനുമൊടുവില്‍ സവര്‍ണ്ണന്റെ ജാതിവെറിക്കു മുന്നില്‍ പരാജയപ്പെട്ട് തന്റെ അവകാശങ്ങള്‍ പോലും വേണ്ടെന്നു വെയ്ക്കപ്പെടാന്‍ നിര്‍ബന്ധിക്കപ്പെടുന്ന രതീഷിനും ബിജുവിനും ഒരേ മുഖമാണ്. ഒരാള്‍ യാഥാര്‍ഥ്യമാണെങ്കില്‍ അതിന്റെ കൃത്യമായ ആവിഷ്‌കാരമാണ് രണ്ടാമത്തേയാള്‍.
ഒടുവില്‍ നാട്ടിലേക്കു മടങ്ങവെ ‘ഊരുവിളക്ക്’ കത്തിക്കുന്ന ബിജു പറയാതെ പറയുന്നുണ്ട്, ‘ഇത് നിങ്ങളുടെ ഊരാണ്, ഈ ഊരുവിട്ട് നിങ്ങള്‍ പോകരുത്’ എന്ന്.
ഒരു ടാഗ്‌ലൈനായെങ്കിലും ജാതിയുടെ രാഷ്ട്രീയം സിനിമയില്‍ പറയാന്‍ കഴിഞ്ഞുവെങ്കില്‍ വിജയമായി കണക്കാക്കാവുന്ന കാലത്താണ് ‘ഉണ്ട’ നമുക്കുമുന്നില്‍ ചോദ്യങ്ങളുമായെത്തുന്നത്.