|

'ഉണ്ട' അതിജീവനം മനുഷ്യപക്ഷത്തില്‍ നിന്ന് പറഞ്ഞ കഥ; മമ്മൂട്ടിയെന്ന താരമല്ല മമ്മൂട്ടിയെന്ന നടന്‍ ഉള്ള സിനിമ

ശംഭു ദേവ്

മമ്മൂട്ടി എന്ന നടനെ പൊലീസ് വേഷത്തില്‍ അത്രമേല്‍ കൈയ്യടക്കത്തോടെയും പക്വതയോടെയും അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഉണ്ട’. പേര് പുറത്ത് വിട്ടത്തിന് ശേഷം നിരവധി ട്രോളുകളിലൂടെയും, പരിഹാസ ഭാഷയിലൂടെയും ‘ഉണ്ട’ എന്ന പേര് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ശ്രദ്ധ ആകര്‍ഷണത്തിനപ്പുറം തിരക്കഥയോട് നീതിപുലര്‍ത്തുന്ന ചിത്രമാണ് ഉണ്ട.

അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ റിയലിസ്റ്റിക് പരിചരണത്തിലൂടെ പറഞ്ഞ പൊലീസ് ഓഫീസേഴ്സിന്റെ കഥയാണ് ചിത്രം. ഇലക്ഷന്‍ ഡ്യൂട്ടിക്ക് വേണ്ടി ഛത്തീസ്ഗഡിലേക്ക് പോകുന്ന ഒരുകൂട്ടം പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രമാണ് ഉണ്ട. അവിടെ എത്തിയതിന് ശേഷം അവര്‍ നേരിടേണ്ടി വരുന്ന പ്രതികൂല സാഹചര്യങ്ങളും അവയിലെ രാഷ്ട്രീയ വിനിമയവും ചിത്രം കാണിച്ചു തരുന്നുണ്ട്.

മമ്മൂട്ടി എന്ന നടന്‍ തന്റെ താരപദവി മാറ്റിവെച്ച് അവതരിപ്പിച്ച കഥാപാത്രമാണ് എസ്.ഐ മണികണ്ഠന്‍ എന്ന മണി സാര്‍ . മേല്‍ ഉദ്യോഗസ്ഥനെ ഡയലോഗ് പറഞ്ഞു വിറപ്പിക്കുന്ന, അതിമനുഷികനായ ഇന്‍സ്പെക്ടര്‍ ബല്‍റാം എന്ന കഥാപാത്രത്തില്‍ നിന്ന് കാലത്തിനൊപ്പം സഞ്ചരിക്കുന്ന കഥാപാത്രത്തില്‍ നിന്ന് ഉണ്ടയില്‍ എത്തുമ്പോള്‍ മമ്മൂട്ടി എന്ന നടന് സംഭവിക്കുന്ന മാറ്റവും വ്യക്തമായി കാണാം. അപകടം വരുമ്പോള്‍ പേടിച്ചു അനങ്ങാന്‍ കഴിയാതെ നില്‍ക്കുന്ന, കീഴ് ഉദ്യോസ്ഥരുടെ മുന്നില്‍ മാപ്പ് അപേക്ഷിക്കുന്ന ഒരു എസ്.ഐ.

അതിജീവനം മനുഷ്യപക്ഷത്തില്‍ നിന്ന് പറഞ്ഞ കഥയാണ് ഉണ്ട. പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതം അവരുടെ വൈകാരിക നിമിഷങ്ങളെയും ശുദ്ധ നര്‍മ്മത്തില്‍ പറയുന്ന ശൈലിയാണ് തിരക്കഥയില്‍ ഹര്‍ഷാദ് ഉപയോഗിച്ചിരിക്കുന്നത്. അമിത ഡ്രാമയും, എന്റര്‍ടൈന്മെന്റ് ജോക്കും മാത്രമായി പറഞ്ഞു ബോറടിപ്പിക്കാതെ പ്രേക്ഷക മനസ്സില്‍ പതിഞ്ഞുപോയ പല ക്‌ളീഷേകളെയും സംവിധായകന്‍ പൊളിച്ചെഴുതുന്നുണ്ട്. ഒപ്പം ഛത്തീസ്ഗഡില്‍ താമസിക്കുന്ന മനുഷ്യ ജീവിതങ്ങളിലൂടെ പറയുന്ന രാഷ്ട്രീയം, നിറവും, മുഖവും കൊണ്ട് മാവോയിസ്റ്റുകള്‍ എന്ന് മുദ്രകുത്തപ്പെടുന്നവരുടെ, ജാതി കൊണ്ടും പ്രദേശം കൊണ്ടും മുന്‍വിധികളുടെ ഇരയാക്കപ്പെടുന്ന മനുഷ്യരുടെ രാഷ്ട്രീയം. ഇതെല്ലാം ചിത്രത്തില്‍ വിഷയമാകുന്നുണ്ട്.

എന്നാല്‍ ഇവയില്‍ മാത്രമൊതുക്കാതെ പ്രേക്ഷകന്റെ അഭിരുചിയോട് ചേര്‍ന്ന് പറയുവാന്‍ സംവിധായകനും തിരക്കഥാകൃത്തിനും സാധിച്ചു.
മണി സാര്‍ എന്ന വേഷം മലയാള സിനിമയില്‍ മമ്മൂട്ടി എന്ന നടന്റെ വേറിട്ട പൊലീസ് കഥാപാത്രത്തിന്റെ ആവിഷ്‌കരമാണ്. മമ്മൂട്ടി എന്ന നടന്‍ തന്റെ താരപദവിയില്‍ നിന്ന് വിട്ട് മണ്ണിലേക്ക് ഇറങ്ങി വന്ന സിനിമയാണ് ഉണ്ട എന്ന് സംശയങ്ങളില്ലാതെ പറയാം.

പൊലീസ് ഉദ്യോസ്ഥരായി വന്ന എട്ട് പേരും എടുത്ത് പറയേണ്ട പ്രകടനം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്. ലുക്മാന്റെ പ്രകടനം ഏറെ ശ്രദ്ധയാകര്‍ശിച്ചു. രഞ്ജിത്(സംവിധായകന്‍) പൊലീസ് വേഷത്തില്‍ ആദ്യമായാണ് എത്തുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള അദ്ദേഹത്തിന്റെ സീനുകള്‍ രസമുള്ളവ ആയിരുന്നു. അര്‍ജുന്‍ അശോകന്‍, റോണി ഡേവിഡ്, ഷൈന്‍ ടോം ചാക്കോ,ഷഹീന്‍,ഗോകുലന്‍, അഭിറാം പൊതുവാള്‍ നൗഷാദ് ബോംബെ എന്നിവരെല്ലാം ഉണ്ടയില്‍ എടുത്തു പറയേണ്ട നടന്മാര്‍ തന്നെയാണ്. മണി സാറിന്റെ ഭാര്യയായി അവതരിപ്പിച്ച പുതുമുഖ നായികയും നല്ലൊരു കണ്ടെത്തലയിരുന്നു.

സജിത് പുരുഷന്റെ ഛായാഗ്രഹണം ടെക്നിക്കല്‍ വശത്തിന്റെ മൂര്‍ച്ച കൂട്ടുന്ന ഘടകമാണ്, രണ ഭൂമിയുടെ തീവ്രത കൂട്ടുന്നതിലും, മറ്റൊരു പശ്ചാത്തലത്തിലേക്ക് പറിച്ചു നടുന്ന കഥയുടെ താളത്തിനൊപ്പം സഞ്ചരിക്കുന്നതാണ്. പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതം കഥയുടെ പശ്ചാത്തലത്തിന്റെ ഭാഷയോടൊപ്പം നിന്നത് കൂടുതല്‍ സത്യസന്ധത പുലര്‍ത്തി, ഒപ്പം വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കറിന്റെ ശബ്ദ മിശ്രണവും, സാബു മോഹന്റെ കല സംവിധാനവും പ്രേക്ഷകനെ ചിത്രത്തിന്റെ പശ്ചാത്തലത്തിലേക്ക് വിശ്വാസനീയമായി പറിച്ചു നടുന്നതില്‍ മുന്നിട്ട് നിന്നു. ഒപ്പം സാങ്കേതിക തലത്തില്‍ ചിത്രത്തെ മുന്നിട്ട് നിര്‍ത്തി.

ശരിക്കും വെടിയുണ്ടയെക്കാള്‍ നിശ്ചയദാര്‍ഢ്യത്തിന് ശക്തിയുണ്ടെന്ന് കാണിച്ച ചിത്രമാണ് ‘ഉണ്ട’

ശംഭു ദേവ്

Latest Stories