| Friday, 14th June 2019, 10:47 am

ഉണ്ട സിനിമയാവുന്നത് ഈ വാര്‍ത്തയില്‍ നിന്ന്; ആ വാര്‍ത്തയറിയാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മമ്മൂട്ടി നായകനാവുന്ന ഉണ്ട സിനിമ ഇന്ന് റിലീസ് ചെയ്തു. ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഛത്തീസ്ഗഢിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് പോകുന്ന കേരളത്തിലെ പൊലീസുകാരുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ.

8 കോടി രൂപയ്ക്ക് 57 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന് ‘യു’ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
മമ്മൂട്ടിക്കൊപ്പം ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, ലുക്മാന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഈ ചിത്രം രൂപം കൊണ്ടത ഒരു പത്രവാര്‍ത്തയില്‍ നിന്നാണെന്ന് തിരക്കഥാകൃത്ത് ഹര്‍ഷദ് നേരത്തെ പറഞ്ഞിരുന്നു. ആ വാര്‍ത്തയും ആ വാര്‍ത്ത കണ്ടതിന് ശേഷം സിനിമ രൂപം കൊണ്ടത് എങ്ങനെയെന്നും പറയുകയാണ് ഹര്‍ഷദ്. ഫേസ്ബുക്കിലൂടെയാണ് ഹര്‍ഷദിന്റെ പ്രതികരണം.

ഇതാണാ പത്രവാര്‍ത്ത. ‘ചത്തിസ്ഗഡില്‍ തെരെഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പോലീസ് സംഘം ദുരിതത്തില്‍. ‘ 2014 ലെ ലോകസഭാ ഇലക്ഷനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ഈ ബോക്‌സ് ഐറ്റത്തിന്റെ ചുവട് പിടിച്ചാണ് ഖാലിദ് റഹ്മാന്‍ അന്നേ യാത്ര തുടങ്ങിയത്. അതിനിടയില്‍ അവന്‍ ‘അനുരാഗ കരിക്കിന്‍വെള്ളം’ ചെയ്ത് പ്രേക്ഷകരുടെയും ക്രിട്ടിക്‌സിന്റെയും അംഗീകാരം നേടിയെടുത്തു. പിന്നീട് 2016 ലാണ് തിരക്കഥാകൃത്ത് എന്ന നിലയില്‍ ഞാന്‍ ഈ യാത്രയില്‍ റഹ്മാന്റെ കൂടെ ചേരുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തെ ബേസ് ചെയ്തുകൊണ്ട് എഴുതേണ്ട സിനിമ എന്നതിനേക്കാള്‍ ഇയ്യൊരു പ്രൊജക്ടില്‍ എന്നെ ആകര്‍ഷിച്ചത് ഞങ്ങള്‍ തമ്മില്‍ അന്ന് നടന്ന ഒരു സംഭാഷണമാണ്.
അപ്പോള്‍ റഹ്മാനേ ഈ സിനിമയിലെ വില്ലനാരാണ്..?
ഭയം. പേടി… പേടിയാണ് ഇതിലെ വില്ലന്‍!!

ഭയം പലതരത്തിലാണല്ലോ. മനുഷ്യന്മാര് തമ്മില്‍ തമ്മിലുള്ളത്‌, മനുഷ്യര്‍ക്ക് മനുഷ്യരല്ലാത്തവരോടുള്ളത്. സ്‌റ്റേറ്റിന് മനുഷ്യരോടുള്ളത്., മനുഷ്യര്‍ക്ക് സ്‌റ്റേറ്റിനോടുള്ളത്, അങ്ങിനെ ഭയം പലവിധം!. Fear is a major weapon of domination in the new world എന്ന് പണ്ടാരാണ്ടോ പറഞ്ഞു വെച്ചിണ്ടുണ്ടല്ലോ.  പിന്നീട് സംഭവം നടന്ന സ്ഥലമായ ബസ്തറിലേക്കുള്ള യാത്രകള്‍. സിനിമക്ക് ആവശ്യമായത് തേടിയുള്ള യാത്രകള്‍. ഏത് നിമിഷവും എന്തും സംഭവിക്കാമെന്ന അവസ്ഥയില്‍ ജീവിക്കുന്ന ജനങ്ങളെ കണ്ടു. ഏത് ഘട്ടത്തിലും ഒറ്റുകാരനായോ ഭീകരവാദിയായോ മുദ്ര കുത്തപ്പെടാന്‍ പരുവപ്പെട്ട മനുഷ്യരെ കണ്ടു. ഇത് അവരുടെയും കൂടി സിനിമയാണ്. നമുക്കറിയാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ടുകഥകളാണെന്നല്ലേ പഴമൊഴി!!.

പിന്നീട് 2018 ല്‍ #മമ്മൂക്ക ഈ യാത്രയില്‍ ജോയിന്‍ ചെയ്തതോടെ കാര്യങ്ങള്‍ വേഗത്തിലായി. കൃഷ്ണന്‍ സേതുകുമാര്‍ പ്രൊഡ്യൂസറായി വന്നു. സജിത്ത് പുരുഷന്റെ ക്യാമറ, പ്രശാന്ത് പിള്ളയുടെ മ്യൂസിക്, ശ്യാം കൗശലിന്റെ ആക്ഷന്‍, അങ്ങിനെ പരിചയസമ്പന്നരായ ക്രൂ മെമ്പേഴ്‌സ് വന്നു. ചെറുപ്പക്കാരും താരതമ്യേന പുതുക്കക്കാരുമായ സഹതാരങ്ങള്‍ വന്നു. കേരളത്തിലും കര്‍ണാടകയിലും ചത്തിസ്ഗഡിലുമായുള്ള ചിത്രീകരണങ്ങള്‍. ഒടുവില്‍ ഇന്ന് ആ സിനിമ#ഉണ്ട എന്ന പേരില്‍ നിങ്ങളുടെ മുന്നിലേക്കെത്തുന്നു. കാണുക. അഭിപ്രായം അറിയിക്കുക .
സ്‌നേഹം.

We use cookies to give you the best possible experience. Learn more