|

ഐ.എഫ്.എഫ്.കെ വേദിയില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി ഉണ്ട സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി ഉണ്ട സിനിമ ടീം. ഐ.എഫ്.എഫ്.കെയില്‍ ഉണ്ടയുടെ ആദ്യ പ്രദശനത്തിന് ശേഷമായിരുന്നു അണിയറ പ്രവര്‍ത്തകരുടെ പ്രതിഷേധം.

സംവിധായകന്‍ ഖാലിദ് റഹ്മാന്‍, തിരക്കഥാകൃത് ഹര്‍ഷദ് തുടങ്ങിയവരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

RejectCAB, BoycottNRC എന്ന് എഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പൗരത്വ ഭേദഗതി ബില്ലിനെതിരെയും ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെയും സിനിമ അണിയറ പ്രവര്‍ത്തകരുടെ പ്രതിഷേധം.

കഴിഞ്ഞ ദിവസമാണ് ലോക്‌സഭയില്‍ ദേശീയ പൗരത്വ ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാസാക്കിയത്. 80 ന് എതിരെ 311 വോട്ടുകള്‍ നേടിയാണ് ബില്‍ പാസായത്. നേരത്തെ വിവിധ എം.പിമാര്‍ ബില്ലില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിച്ചെങ്കിലും വോട്ടിനിട്ട് തള്ളുകയായിരുന്നു.

കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മുസ്ലീം ലീഗും ഉള്‍പ്പെടെ പ്രതിപക്ഷകക്ഷികളിലെ 82 അംഗങ്ങള്‍ ബില്‍ അവതരണത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ ശിവസേന, എ.ഐ.ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികള്‍ ബില്ലിനെ പിന്തുണയ്ക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഛത്തീസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന കേരള പൊലീസ് സംഘത്തിന്റെ കഥയാണ് ഉണ്ടയില്‍ പറഞ്ഞത്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഹര്‍ഷദാണ്.
മമ്മൂട്ടിയാണ് പ്രധാനകഥാപാത്രമായ എസ്.െഎ മണിയെ അവതരിപ്പിച്ചത്. വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, കലാഭവന്‍ ഷാജോണ്‍, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ലുക്മാനുല്‍ ലുക്കു, എന്നിവരാണ് ഉണ്ടയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ബോളിവുഡ് താരങ്ങളായ ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്വാന്‍ തിവാരി എന്നിവരും ചിത്രത്തിലുണ്ട്. ഡിസംബര്‍ ആറ് മുതല്‍ പന്ത്രണ്ട് വരെയാണ് തിരുവനന്തപുരത്ത് 24ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം അരങ്ങേറുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video