ബീജിങ്: ചൈനയില്‍ പട്ടാള അട്ടിമറി നടന്നെന്നും പ്രസിഡന്റ് ഷി ചിന്‍പിങ് വീട്ടുതടങ്കലിലാണെന്നുമുള്ള തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു.
ചൈനീസ് തലസ്ഥാനമായ ബീജിങിലെ വിമാനത്താവളത്തില്‍ നിന്നുള്ള ചില ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയതിന്റെയും രാജ്യത്തെ സൈനിക സന്നാഹം കൂടുതല്‍ ശക്തിയാക്കിയതിന്റെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഈ അഭ്യൂഹങ്ങളും പ്രചരിക്കുന്നത്.
ഷി ചിന്‍പിങ്ങിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കിയെന്നും അദ്ദേഹത്തെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ) വീട്ടുതടങ്കലിലാക്കിയെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
ചൈനീസ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളടക്കമുള്ള ചില അക്കൗണ്ടുകളാണ് ഷി ചിന്‍പിങ് സൈനിക അധികാരങ്ങളില്‍ നിന്നും പി.എല്‍.ഒയുടെ തലവന്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്യപ്പെട്ടതായും അദ്ദേഹം വീട്ടുതടങ്കലിലാണെന്നും അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
ഷാങ്ഹായ് കോ ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഷി ഉസ്‌ബെക്കിസ്ഥാനിലെ സമര്‍കണ്ടിലേക്ക് പോയ സമയത്തായിരുന്നു അട്ടിമറി നടന്നതെന്നാണ് ഇവര്‍ പറയുന്നത്.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ജനറല്‍ Li Qiaoming പുതിയ പ്രസിഡന്റായി അധികാരമേറ്റെന്നും ചില റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോ സ്‌റ്റേറ്റ് മീഡിയയോ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, ചൈനീസ് സര്‍ക്കാരിലെ പൊലീസ് വിഭാഗം മുന്‍ മന്ത്രി സണ്‍ ലിജുനിനെ (Sun Lijun) അഴിമതിക്കേസില്‍, 91 മില്യണ്‍ ഡോളര്‍ കൈക്കൂലി വാങ്ങിയതിന് ജീവപര്യന്ത്യം തടവിന് വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പട്ടാള അട്ടിമറിയുടെ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.
Content Highlight: Unconfirmed Social media buzz saying Military coup in China and president Xi Jinping is under house arrest