| Saturday, 15th July 2023, 10:12 pm

ക്രോഡീകരിക്കാത്ത മുസ്‌ലിം വ്യക്തിനിയമങ്ങള്‍ സ്ത്രീകള്‍ക്ക് വെല്ലുവിളികളുയര്‍ത്തുന്നു: ദേശീയ വനിതാ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ക്രോഡീകരിക്കാത്ത മുസ്‌ലിം വ്യക്തിനിയമങ്ങള്‍ സ്ത്രീകള്‍ക്ക് വെല്ലുവിളികളുയര്‍ത്തുന്നുണ്ടെന്ന് ദേശീയ വനിതാ കമ്മീഷന്‍. അതില്‍ തെറ്റായ വ്യാഖ്യാനങ്ങളുണ്ടെന്നും ശനിയാഴ്ച നടന്ന യോഗത്തില്‍ കമ്മീഷന്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ കമ്മീഷന്‍ മുസ്‌ലിം വ്യക്തി നിയമം അവലോകനം ചെയ്യുകയും മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്‌തെന്നും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും പ്രതികരണം തേടാന്‍ നിയമകമ്മീഷന്‍ ആഹ്വാനം ചെയ്തിരുന്നു. അതിന്റെ പശ്ചാത്തലത്തിലായിരുന്നു ദേശീയ കമ്മീഷന്‍ യോഗം ചേര്‍ന്നത്.

ക്രോഡീകരിക്കപ്പെട്ട നിയമങ്ങള്‍ ആവശ്യമാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ് സ്ത്രീകളെ സംരക്ഷിക്കാന്‍ സാധിക്കാത്ത നിയമങ്ങള്‍ക്ക് എങ്ങനെയാണ് മുസ്‌ലിം സ്ത്രീകളെ സംരക്ഷിക്കാന്‍ സാധിക്കുകയെന്നും അവര്‍ പറഞ്ഞു.

‘ഒരു ഏകീകൃത സിവില്‍ കോഡിന്റെ അഭാവത്തിലൂടെ നമ്മുടെ വൈവിധ്യമാര്‍ന്ന രാജ്യത്ത് അസമത്വങ്ങളും പൊരുത്തക്കേടുകളും നിലനില്‍ക്കുന്നു. ഇത് സാമൂഹിക ഐക്യം, സാമ്പത്തിക വളര്‍ച്ച, ലിംഗനീതി എന്നിവയിലേക്കുള്ള പുരോഗതിയെ തടസ്സപ്പെടുത്തുന്നുവെന്നാണ് ചര്‍ച്ചയില്‍ ഊന്നിപ്പറഞ്ഞത്,’ ദേശീയ കമ്മീഷന്‍ പ്രസ്താവനയിലൂടെ പറഞ്ഞു.

അറ്റോണി ജനറല്‍, സുപ്രീം കോടതിയിലെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍, ഹൈക്കോടതികളിലെ പ്രതിനിധികള്‍, നിയമ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍, നിയമമേഖലയിലെ പ്രഗത്ഭര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ചര്‍ച്ചയ്ക്കിടയില്‍ അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി വിവാഹ സങ്കല്‍പ്പങ്ങള്‍ പരിഷ്‌കരിക്കണമെന്നും അഭിപ്രായപ്പെട്ടു.

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യ പരിഗണനയും പദവിയും വേണമെന്നും അദ്ദേഹം പറഞ്ഞു. മതം നോക്കാതെ വൈവാഹിക ബന്ധങ്ങളില്‍ പ്രവേശിക്കാനും പുറത്തുകടക്കാനും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിവാഹമോചന പ്രക്രിയകളിലും പരിഷ്‌കരണം ആവശ്യമാണെന്ന് യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.

content highlights: Uncodified Muslim personal laws pose challenges for women: National Commission for Women

We use cookies to give you the best possible experience. Learn more