ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമങ്ങളുടെ ‘ഗുണങ്ങള്‍’ പ്രചരിപ്പിക്കാനുള്ള കിസാന്‍ മാഹാപഞ്ചായത്ത് പരാജയപ്പെട്ടതിന് പിന്നാലെ ബി.ജെ.പി.യെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.
പരിപാടി പരാജയപ്പെട്ടത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഇടപെടല്‍ കാരണമാണെന്നായിരിക്കും ബി.ജെ.പി പറഞ്ഞുപരത്താന്‍ പോകുന്നതെന്ന് മഹുവാ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പരിഹാസം.
” ഹരിയാനയില്‍ മുഖ്യമന്ത്രി ഖട്ടറിന്റെ ‘കിസാന്‍ മഹാപഞ്ചായത്ത് കര്‍ഷകര്‍ കുഴച്ചുമറച്ചു
അടുത്ത ഘട്ടങ്ങള്‍:
1. ബി.ജെ.പി പശ്ചിമബംഗാള്‍ ടി.എം.സിയെ കുറ്റപ്പെടുത്തും
2. ബി.ജെ.പി എംപിമാര്‍ ബഹുമാനപ്പെട്ട ഗവര്‍ണറെ സന്ദര്‍ശിക്കുന്നു
3. ”ക്രമസമാധാനം തകര്‍ക്കുന്നു” എന്ന് അങ്കിള്‍ജി അവകാശപ്പെടുന്നു
4. ടി.എം.സി നേതാക്കള്‍ക്കെതിരായ പുതിയ ഇ.ഡി, സി.ബി.ഐ നടപടി എടുക്കുന്നു.’
മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.
കാര്‍ഷിക നിയമങ്ങളുടെ പ്രയോജനങ്ങളെക്കുറിച്ച് സര്‍ക്കാര്‍ എന്താണ് പറയുന്നതെന്ന് വിശദീകരിക്കാന്‍ ബി.ജെ.പി നേതാക്കളുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ വിളിച്ച ‘കിസാന്‍ മഹാപഞ്ചായത്ത്’ ആണ് കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് പരാജയപ്പെട്ടത്.
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ പരിപരിപാടിയാണ് തുടങ്ങുന്നതിന് മുന്‍പ് തന്നെ തടസ്സപ്പെട്ടത്.
യോഗത്തിന് മുന്നോടിയായി കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും നിരവധി പൊലീസ് ഉദ്യോഗസ്ഥരെ ഗ്രാമത്തില്‍ വിന്യസിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ നിലവില്‍ ഖട്ടര്‍ പറയുന്നത് കേള്‍ക്കാനുള്ള മാനസികാവസ്ഥയില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കുകയായിരുന്നു. ഉച്ചയോടെ നൂറുകണക്കിന് കര്‍ഷകര്‍ ഒരു ടോള്‍ പ്ലാസയില്‍ ഒത്തുകൂടിയിരുന്നു. ജലപീരങ്കികളും കണ്ണീര്‍ വാതകപ്രയോഗവും നടത്തി കര്‍ഷകരെ തടയാന്‍ ശ്രമിച്ചെങ്കിലും ബാരിക്കേഡുകള്‍ തകര്‍ത്ത് പരിപാടിയുടെ വേദിയിലെത്തി കര്‍ഷകര്‍ ഒരുക്കങ്ങള്‍ തടഞ്ഞു.
എന്നാല്‍, അയ്യായിരത്തോളം പേര്‍ തന്നോട് സംസാരിക്കാനായി കാത്തിരിക്കുകയായിരുന്നുവെന്നും പ്രതിഷേധം കണക്കിലെടുത്ത്, ക്രമസമാധാനനില വഷളാക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് ഹെലികോപ്റ്റര്‍ തിരിച്ചുവിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പ്രതിഷേധക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ വെള്ളിയാഴ്ചയാണ് അടുത്ത ഘട്ട ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക