ന്നാ താന്‍ കേസ് കൊട് എന്ന തന്റെ പുതിയ സിനിമയില്‍ കാഞ്ഞങ്ങാട് സ്ലാങ്ങില്‍ സിങ്ക് സൗണ്ട് ചെയ്യേണ്ടി വന്നപ്പോഴുണ്ടായ ചില രസകരമായ കാര്യങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബല്‍. സെറ്റില്‍ ഡയറക്ടര്‍ മാത്രമല്ല കൂടെ അഭിനയിക്കുന്നവര്‍ വരെ തന്റടുത്ത് വന്നിട്ട് ചാക്കോച്ച അങ്ങനെയല്ല ഇങ്ങനെയാണ് ഡയലോഗുകള്‍ പറയേണ്ടതെന്ന് പറഞ്ഞു തന്നിരുന്നെന്നും ചാക്കോച്ചന്‍ പറയുന്നു.
ഈ സിനിമയില്‍ 90% ആളുകളും ചീമേനിയില്‍ നിന്നുമുളളവരാണ് സ്ലാങ്ങിന്റെ കാര്യത്തില്‍ അവരെന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. സിനിമ സിങ്ക് സൗണ്ട് ആയത് കൊണ്ട് തന്നെ തെറ്റുകള്‍ സംഭവിക്കുമ്പോള്‍ അപ്പോള്‍ തന്നെ ക്ലിയര്‍ ചെയ്താണ് ഷൂട്ട് മുന്നോട്ട് പോയത്. അതുകൊണ്ട് തന്നെ സിനിമയില്‍ സ്ലാംങ് അത്ര പ്രശ്‌നമുണ്ടാവില്ല എന്ന വിശ്വസമുണ്ടായിരുന്നു. പക്ഷെ സിനിമ കണ്ട ആളുകള്‍ സ്ലാങ് ഓക്കെയാണെന്ന് പറഞ്ഞപ്പോള്‍ ആണ് സമാധാനമായതെന്നും ചാക്കോച്ചന്‍ ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സിനിമകളില്‍ സിങ്ക് സൗണ്ട് ചെയ്യുന്നതില്‍ ഞാന്‍ അഡിക്ടായിരിക്കുകയാണ്. പൊതുവെ ഡബ്ബിങ് പേടിയുളള ഞാന്‍ വൈറസ് സിനിമ മുതലാണ് സിങ്ക് സൗണ്ടില്‍ ചെയ്യുന്ന സിനിമകളുടെ ഭാഗമായത്.
ആദ്യം കുറിച്ച് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് പട ,നായാട്ട് എന്നീ സിനിമകളില്‍ കൂടി സിങ്ക് സൗണ്ട് ആയതിന് ശേഷം ഞാനതിന് അഡിക്ടായിരിക്കുകയാണ്. സിങ്ക് സൗണ്ട് സിനിമകളെ ഒന്നുകൂടെ നാച്ചുറല്‍ ആക്കുമെന്നും ചാക്കോച്ചന്‍ പറഞ്ഞു.
ഓഗസ്റ്റ് 11 നാണ് ന്നാ താന്‍ കേസ് കൊട് റിലീസ് ചെയ്തത്. വിവാദങ്ങളോടെയാണ് രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
‘തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ,’ എന്ന പോസ്റ്ററിലെ ക്യാപ്ഷനാണ് ചിത്രത്തെ വിവാദത്തിലേക്ക് എത്തിച്ചത്. ഇതേത്തുടര്‍ന്ന് പോസ്റ്ററിനെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ചിത്രത്തിനെതിരെ ബോയ്‌കോട്ട് ക്യാമ്പയ്ന്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു.
വിവാദങ്ങള്‍ക്കിടയിലും ചിത്രം വന്‍ കളക്ഷനാണ് നേടിയിരിക്കുന്നത്. 1.25 കോടിയാണ് ചിത്രം ആദ്യദിനത്തില്‍ നേടിയത്. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും വലിയ ആദ്യദിന കളക്ഷനാണിത്.
ഗായത്രി ശങ്കര്‍ നായികയായ ചിത്രത്തില്‍ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സന്തോഷ് ടി. കുരുവിളയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
Content Highlight: Kunchacko boban about nna than casekodu movie sinc sound and slang