തിരുവനന്തപുരം: പൊലീസുകാർ ചെയ്ത പോസ്റ്റൽ വോട്ടില്‍ വ്യാപകമായ ക്രമക്കേട് നടന്നതായി സ്ഥിരീകരിച്ച് ഇന്റലിജൻസ് റിപ്പോർട്ട്. പോസ്റ്റൽ വോട്ടുകളിൽ പൊലീസ് അസോസിയേഷന്റെ സ്വാധീനം ഉള്ളതായും ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്. പുറത്തുവന്ന വിവാദ ശബ്ദരേഖയിൽ പരമാർശം ഉള്ളവരെക്കുറിച്ച് അന്വേഷണം വേണമെന്നും എല്ലാ ജില്ലയിലും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. ഇന്റലിജൻസ് മേധാവി ഡി.ജി.പിക്ക് റിപ്പോർട്ട് കൈമാറി.
പൊലീസ് അസോസിയേഷൻ കൂട്ടത്തോടെ പോസ്റ്റൽ വോട്ടുകൾ ശേഖരിക്കുന്നതായി വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്തുവന്നതോടെയാണ് വിഷയം വിവാദത്തിലേക്ക് കൂപ്പുകുത്തുന്നത്. ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇത്തരത്തിലുള്ള ഒരു സന്ദേശം പ്രചരിച്ചത്. പൊലീസ് സംഘടനാ നേതാവിന്റെ സംഭാഷണമാണ് ശബ്ദരേഖയിലുള്ളത്.
വോട്ടുകള്‍ പോലീസ് അസോസിയേഷന് നേതാക്കള്‍ക്ക് മുന്‍കൂട്ടി നല്‍കണമെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. പോലീസുകാരുടെ പോസ്റ്റല്‍ വോട്ട് ശേഖരിച്ച ശേഷം അവയില്‍ തിരിമറി നടത്തിയ ശേഷം പെട്ടിയില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നതെന്നാണ് സൂചന. 58,000ഓളം പോലീസുകാരാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരുന്നത്.
തെരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക ക്രമക്കേട് നടന്നതായി റിപ്പോര്‍റ്റുകൾ വന്നിരുന്നു. പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ പൊലീസിലെ ഇടത് അനുകൂലികള്‍ വാങ്ങി വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്നായിരുന്നു പരാതി. തെരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പൊലീസുകാരെ സമ്മര്‍ദ്ദം ചെലുത്തി അസോസിയേഷന് നിര്‍ദേശിക്കുന്ന വിലാസത്തിലേക്ക് പോസ്റ്റല്‍ ബാലറ്റ് അയക്കാന്‍ ആവശ്യപ്പെടുകയും സംശയം തോന്നാതിരിക്കാന്‍ പല വിലാസങ്ങളിലേക്ക് പോസ്റ്റല്‍ ബാലറ്റുകള്‍ അയപ്പിക്കുകയാണ് ചെയ്യുക എന്നാണ് ആരോപണം.