പൊലീസുകാരുടെ പോസ്റ്റൽ വോട്ടിൽ വ്യാപകമായ ക്രമക്കേടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
Kerala News
പൊലീസുകാരുടെ പോസ്റ്റൽ വോട്ടിൽ വ്യാപകമായ ക്രമക്കേടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th May 2019, 9:03 am

തി​രു​വ​ന​ന്ത​പു​രം: പൊലീസുകാർ ചെയ്ത പോസ്റ്റൽ വോ​ട്ടി​ല്‍ വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി സ്ഥി​രീ​ക​രി​ച്ച് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട്. പോസ്റ്റൽ വോട്ടുകളിൽ പൊലീസ് അസോസിയേഷന്റെ സ്വാധീനം ഉള്ളതായും ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്. പു​റ​ത്തു​വ​ന്ന വി​വാ​ദ ശബ്ദ​രേ​ഖ​യി​ൽ പ​ര​മാ​ർ​ശം ഉ​ള്ള​വ​രെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം വേ​ണമെന്നും എ​ല്ലാ ജി​ല്ല​യി​ലും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം നടത്തേണ്ടതുണ്ടെന്നും റി​പ്പോ​ർ​ട്ടി​ൽ നി​ർ​ദേ​ശ​മു​ണ്ട്. ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ധാ​വി ഡി​.ജി.​പി​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റി.

പൊലീസ് അസോസിയേഷൻ കൂട്ടത്തോടെ പോസ്റ്റൽ വോട്ടുകൾ ശേ​ഖ​രി​ക്കു​ന്ന​താ​യി വ്യ​ക്ത​മാ​ക്കു​ന്ന ശ​ബ്ദ​രേ​ഖ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് വിഷയം വിവാദത്തിലേക്ക് കൂപ്പുകുത്തുന്നത്. ഡ്യൂ​ട്ടി​യി​ലു​ള്ള പൊ​ലീ​സു​കാ​രു​ടെ വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പി​ലാ​ണ് ഇത്തരത്തിലുള്ള ഒരു സ​ന്ദേ​ശം പ്ര​ച​രി​ച്ച​ത്. പൊലീ​സ് സം​ഘ​ട​നാ നേ​താ​വി​ന്‍റെ സം​ഭാ​ഷ​ണ​മാ​ണ് ശ​ബ്ദ​രേ​ഖ​യി​ലു​ള്ള​ത്.

വോ​ട്ടു​ക​ള്‍ പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ നേ​താ​ക്ക​ള്‍​ക്ക് മു​ന്‍​കൂ​ട്ടി ന​ല്‍​ക​ണ​മെ​ന്നാ​ണ് ശ​ബ്ദ​രേ​ഖ​യി​ല്‍ പറയുന്നത്. പോ​ലീ​സു​കാ​രു​ടെ പോ​സ്റ്റ​ല്‍ വോ​ട്ട് ശേ​ഖ​രി​ച്ച ശേ​ഷം അ​വ​യി​ല്‍ തി​രി​മ​റി ന​ട​ത്തി​യ ശേ​ഷം പെ​ട്ടി​യി​ല്‍ നി​ക്ഷേ​പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. 58,000ഓ​ളം പോ​ലീ​സു​കാ​രാ​ണ് തെര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്.

തെരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക ക്രമക്കേട് നടന്നതായി റിപ്പോര്‍റ്റുകൾ വന്നിരുന്നു. പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ പൊലീസിലെ ഇടത് അനുകൂലികള്‍ വാങ്ങി വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്നായിരുന്നു പരാതി. തെരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പൊലീസുകാരെ സമ്മര്‍ദ്ദം ചെലുത്തി അസോസിയേഷന്‍ നിര്‍ദേശിക്കുന്ന വിലാസത്തിലേക്ക് പോസ്റ്റല്‍ ബാലറ്റ് അയക്കാന്‍ ആവശ്യപ്പെടുകയും സംശയം തോന്നാതിരിക്കാന്‍ പല വിലാസങ്ങളിലേക്ക് പോസ്റ്റല്‍ ബാലറ്റുകള്‍ അയപ്പിക്കുകയാണ് ചെയ്യുക എന്നാണ് ആരോപണം.