ആപ്പിള്‍ എക്‌സിക്യുട്ടീവിനെ യു.പി പൊലീസ് വെടിവെച്ചു കൊന്നു: വെടിവെച്ചത് സ്വയം പ്രതിരോധത്തിനെന്ന് പൊലീസ്
national news
ആപ്പിള്‍ എക്‌സിക്യുട്ടീവിനെ യു.പി പൊലീസ് വെടിവെച്ചു കൊന്നു: വെടിവെച്ചത് സ്വയം പ്രതിരോധത്തിനെന്ന് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th September 2018, 1:50 pm

 

ലഖ്‌നൗ: ആപ്പിള്‍ എക്‌സിക്യുട്ടീവ് വിവേക് തിവാരിയെ യു.പി പൊലീസ് വെടിവെച്ചു കൊന്നു. ലഖ്‌നൗ ഗോമതിനഗറില്‍ വെള്ളിയാഴ്ചയാണ് സംഭവം.

പൊലീസ് ആവശ്യപ്പെട്ടിട്ടും വാഹനം നിര്‍ത്താത്തതിനെ തുടര്‍ന്നാണ് വെടിവെച്ചതെന്നാണ് പൊലീസ് ന്യായവാം.

ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകയായ സ്ത്രീയ്‌ക്കൊപ്പം വീട്ടിലേക്കു തിരിക്കുകയായിരുന്നു അദ്ദേഹം. സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. അതിനു തയ്യാറാവാതിരുന്നതോടെയാണ് പൊലീസ് വെടിവെച്ചെന്നാണ് റിപ്പോര്‍ട്ട്.

Also Read:പീഡന പരാതിയില്‍ പി.കെ ശശി എം.എല്‍.എയ്‌ക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്

ഗോമതി നഗര്‍ പൊലീസ് സ്റ്റേഷനിലെ ഓഫീസറായ പ്രശാന്ത് ചൗധരിയാണ് തിവാരിക്കുനേരെ വെടിവെച്ചത്. പരുക്കേറ്റ ഇയാളെ ലോഹിയ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.

വെടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. “ഇടതുഭാഗത്തെ ചെവിയ്ക്ക് അരികില്‍ വെടിയേറ്റിട്ടുണ്ട്. ചികിത്സയ്ക്കിടെയാണ് മരിച്ചത്.” ലോഹിയ ആശുപത്രിയിലെ ഡയറക്ടറായ ദേവേന്ദ്ര സിങ് നെഗി പറഞ്ഞു.

സ്വയം പ്രതിരോധത്തിനായാണ് വെടിവെച്ചതെന്നാണ് ചൗധരി പറയുന്നത്. ” ബുള്ളറ്റ് ഏറ്റതിനുശേഷം അയാള്‍ രക്ഷപ്പെട്ടു. അയാള്‍ക്ക് വെടിയേറ്റതാണോയെന്ന കാര്യം എനിക്കുറപ്പുണ്ടായിരുന്നില്ല.” എന്നും ചൗധരി പറഞ്ഞു.