തനിനാടന്‍ വിഭവങ്ങളുടെ ഒരു വലിയ പട്ടികതന്നെ കേരളത്തിലെ ഓരോ പ്രദേശങ്ങള്‍ക്കുമുണ്ടാകും. അക്കൂട്ടത്തില്‍ മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഉണക്ക ചെമ്മീന്‍ ചമ്മന്തി. പണ്ടുകാലങ്ങളിലെ തീരദേശ നാട്ടിന്‍ പുറങ്ങളിലെ വീടുകളില്‍ സംഭരിച്ച് വെക്കാറുണ്ട് ഉണക്ക ചമ്മീന്‍. കഞ്ഞിക്കും കപ്പയ്ക്കുമൊപ്പം ഉണക്ക ചെമ്മീന്‍ ചമ്മന്തി ഒരു സ്വപ്‌നതുല്യമായ കോമ്പിനേഷന്‍ തന്നെയാണ്. ഇവിടെയിതാ സ്വാദിഷ്ടമായ ഉണക്കചെമ്മീന്‍ ചമ്മന്തി ഉണ്ടാക്കുന്നവിധം
ചേരുവകള്‍
1. ഉണക്ക ചെമ്മീന്‍ – അര കപ്പ്
2.തേങ്ങ ചിരകിയത് – മുക്കാല്‍ കപ്പ്
3. ചുവന്ന മുളക് – 7-8 എണ്ണം
4. ഇഞ്ചി- 1 ഇഞ്ച് കഷ്ണം
5. ചെറിയ ഉള്ളി- 4-5 എണ്ണം
6. പുളി – ഒരു നെല്ലിക്ക വലിപ്പത്തില്‍
7. കറിവേപ്പില- 10-12 എണ്ണം
8. ഉപ്പ് ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
1. ഉണക്ക ചെമ്മീന്‍ വൃത്തിയാക്കുക. ഒരു പാത്രം ചൂടാക്കി അതിലേക്ക് ചുവന്ന മുളകും ഉണക്ക ചെമ്മീനും ചേര്‍ത്ത് ചെമ്മീന്‍ ഇളം ബ്രൗണ്‍ നിറം ആവുന്നത് വരെ വറുത്തെടുക്കുക. മുളക് കരിയാതെ നോക്കുക- 5-10 മിനിറ്റ് മതിയാകും.
2. വറുത്തെടുത്ത ഉണക്ക ചെമ്മീന്‍, മുളക്, തേങ്ങ ചിരകിയത്, ഇഞ്ചി, ഉള്ളി, പുളി, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്ത് അരച്ചെടുക്കുക. വെള്ളം ചേര്‍ക്കാതെ തന്നെ അരച്ചെടുക്കണം. ഉപ്പും പുളിയും പാകത്തിന് ചേര്‍ക്കാം. ഉണക്കച്ചെമ്മീന്‍ ചമ്മന്തി റെഡി. ഇനി നല്ല ചൂടുള്ള കഞ്ഞിക്കൊപ്പം ഒന്നു കഴിച്ചു നോക്കൂ…