| Tuesday, 7th May 2019, 7:59 pm

ജയിച്ചാല്‍ ബി.ജെ.പിയില്‍ ചേരുകയോ അവരുടെ സര്‍ക്കാരിനെ പിന്തുണയ്ക്കുകയോ ചെയ്യില്ല; പ്രകടന പത്രികയില്‍ ഉറപ്പ് നല്‍കി എ.എ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനാജി: ഗോവയില്‍ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ബി.ജെ.പിയ്‌ക്കെതിരായ നിലപാട് പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി വാല്‍മീകി നായിക്. മനോഹര്‍ പരീക്കറിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന പനാജി നിയമസഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപ തെരഞ്ഞെടുപ്പിലാണ് വാല്‍മീകി നായിക് മത്സരിക്കുന്നത്.

ബി.ജെ.പിയില്‍ ചേരില്ലെന്നും അവരുണ്ടാക്കുന്ന സര്‍ക്കാരിനെ പിന്തുണയ്ക്കില്ലെന്നും ജനങ്ങള്‍ക്ക് നല്‍കുന്ന സത്യവാങ്മൂലമാണെന്നും ഇതിന് നിയമ സാധുതയുണ്ടെന്നും വാല്‍മീകി നായിക് പറഞ്ഞു.

ഇത്തരമൊരു ഉറപ്പ് ജനങ്ങള്‍ക്ക് നല്‍കാന്‍ തന്റെ എതിര്‍സ്ഥാനാര്‍ത്ഥികളായ കോണ്‍ഗ്രസിന്റെ അന്റണ്‍ഷിയോ മൊസെറാറ്റെ, ഗോവ സുരക്ഷാ മഞ്ചിന്റെ സുഭാഷ് വെല്ലിങ്കര്‍ എന്നിവരെയും എ.എ.പി നേതാവ് വെല്ലുവിളിച്ചിരിക്കുകയാണ്.

2017 നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം 5 പ്രതിപക്ഷ എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

കഴിഞ്ഞയാഴ്ച ദല്‍ഹിയിലെ രണ്ട് ആംആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. അനില്‍ ബാജ്‌പേയി, ദേവീന്ദര്‍ സിങ് സെഹ്‌റാവത്ത് എന്നീ നേതാക്കളാണ് ബി.ജെ.പിയിലേക്ക് കൂറുമാറിയിരുന്നത്.

ബി.ജെ.പി പ്രതിപക്ഷ എം.എല്‍.എമാരെയും എം.പിമാരെയും പാര്‍ട്ടിയിലെത്തിക്കാന്‍ കുതിരക്കച്ചവടം നടത്തുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയായിരുന്നു നേതാക്കളുടെ കൂറുമാറ്റം. പത്തുകോടി വാഗ്ദാനം നല്‍കി ഏഴ് എം.എല്‍.എമാരെ ബി.ജെ.പി സമീപിച്ചുവെന്ന് നേരത്തെ അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. പതിനാല് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ഉടന്‍ ചേരുമെന്നായിരുന്നു ഇതിനോടുള്ള കേന്ദ്രമന്ത്രി വിജയ് ഗോയലിന്റെ പ്രതികരണം.

We use cookies to give you the best possible experience. Learn more