നഴ്‌സുമാര്‍ എന്തിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കണം?
Discourse
നഴ്‌സുമാര്‍ എന്തിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കണം?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd February 2014, 4:48 pm

സമൂഹത്തിനും മാനേജ്‌മെന്റിനും നഴ്‌സുമാരോടുള്ള കാഴ്ച്ചപ്പാടും വ്യവസ്ഥയും മാറിയിട്ടില്ല. നിലനില്‍ക്കുന്ന ഈ വ്യവസ്ഥ മാറേണ്ടതുണ്ടെന്നും അതിനായി നമ്മുടെ പ്രതിനിധി നിയമനിര്‍മ്മാണ സഭയില്‍ ഉണ്ടായിരിക്കണമെന്ന ആവശ്യത്തില്‍നിന്നാണ് മല്‍സരിക്കാനുള്ള തീരുമാനമുണ്ടായത്.


line

ഫേസ് ടു ഫേസ്/ ജാസ്മിന്‍ ഷാ

line
[]ജോലിസ്ഥലത്തെ പീഡനങ്ങളെ നിര്‍ബന്ധപൂര്‍വ്വം ഏറ്റുവാങ്ങേണ്ടിവന്ന ചരിത്രമാണ് നഴ്‌സുമാര്‍ക്ക് പറയാനുണ്ടായിരുന്നത്. കുറഞ്ഞ വേതനങ്ങളുടേയും സുരക്ഷയില്ലായ്മയുടേയും മറ്റു മാനസിക പീഡനങ്ങളുടേയും ഒരു വലിയ നിര.

എന്നാല്‍ അറബ് ലോകത്ത് ജാസ്മിന്‍ വിപ്ലവം പൊട്ടിപ്പുറപ്പെട്ട്, സ്വേച്ഛാധിപത്യ ഭരണങ്ങളെ ജനങ്ങള്‍ താഴെയിറക്കിയ അതേ സമയത്തായിരുന്നു ഇവിടെ കേരളത്തിലും മറ്റൊരു വിപ്ലവത്തിന് മുളപൊട്ടുന്നത്.

സംഘടിച്ചാല്‍ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയും എന്നത് ഒരിക്കല്‍കൂടി തെളിയിക്കുക വഴി നഴ്‌സുമാര്‍ അന്ന് നമുക്ക് പ്രചോദനമാകുകയായിരുന്നു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ എന്ന പേരില്‍ നഴ്‌സുമാര്‍ സംഘടിക്കുകയും കേരളത്തില്‍ അങ്ങോളമിങ്ങോളം സംഘടനയുടെ അലയൊലികള്‍ പ്രകടമാക്കുകയും ചെയ്തു. എന്നാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ച് യു.എന്‍.എ ഒരടികൂടി മുമ്പോട്ട് നീങ്ങിയിരിക്കുകയാണ്. യു.എന്‍.എ സംസ്ഥാന പ്രസിഡണ്ട് ജാസ്മിന്‍ ഷായുമായി ഡൂള്‍ന്യൂസ് പ്രതിനിധി ഇര്‍ഷാദ് തലകാപ്പ് നടത്തിയ അഭിമുഖം.

. യു.എന്‍.എ വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള സാഹചര്യം ഒന്ന് വിശദീകരിക്കാമോ ?

ഏഴ് മണ്ഡലങ്ങളിലാണ് യു.എന്‍.എ മല്‍സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് ഉദ്ദേശിക്കുന്നത്. നഴ്‌സിങ് മേഖലയില്‍ വര്‍ഷങ്ങളായി നേരിടുന്ന അവഗണനക്ക് ഇതേ വരെ ഒരു മാറ്റവും ഉണ്ടായിട്ടില്ല.

സമൂഹത്തിനും മാനേജ്‌മെന്റിനും നഴ്‌സുമാരോടുള്ള കാഴ്ച്ചപ്പാടും വ്യവസ്ഥയും മാറിയിട്ടില്ല. നിലനില്‍ക്കുന്ന ഈ വ്യവസ്ഥ മാറേണ്ടതുണ്ടെന്നും അതിനായി നമ്മുടെ പ്രതിനിധി നിയമനിര്‍മ്മാണ സഭയില്‍ ഉണ്ടായിരിക്കണമെന്ന ആവശ്യത്തില്‍നിന്നാണ് മല്‍സരിക്കാനുള്ള തീരുമാനമുണ്ടായത്.

. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് ചേര്‍ന്ന് മല്‍സരിക്കാനുള്ള തീരുമാനം ഉണ്ടോ…?

നിലവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി സഖ്യത്തില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചിട്ടില്ല. എങ്കിലും പിന്തുണക്കാനായി ആരെങ്കിലും മുന്നോട്ടു വന്നാല്‍ യു.എന്‍.എ സ്വീകരിക്കും. നിലവില്‍ അസംഘടിത മേഖലകളില്‍ നിന്ന് ചില സംഘടനകള്‍ തങ്ങളെ പിന്തുണക്കാമെന്ന് പറഞ്ഞ് മുന്നോട്ട് വന്നിട്ടുണ്ട്.

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതുമായി ബന്ധപ്പെട്ട് പല പാര്‍ട്ടികളും ഞങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഓള്‍ ഇന്ത്യാ ടീച്ചേര്‍സ് അസോസിയേഷന്‍ തുടങ്ങി നിരവധി സംഘടനകള്‍ ഞങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

. തിരഞ്ഞെടുപ്പില്‍ സംഘടന മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ മുദ്രാവാക്യം എന്താണ്…?

തൊഴില്‍ സുരക്ഷക്കും ആരോഗ്യമുള്ള സമൂഹത്തിനുമായി ഒരു ജനകീയ ബദല്‍ എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. സ്ത്രീകള്‍ക്ക് തുല്യപരിഗണന, എല്ലാ തൊഴിലുകള്‍ക്കും പെന്‍ഷന്‍ നടപ്പാക്കുക, പ്രവാസികളായ നഴ്‌സുമാരുടെ പുനരധിവാസം, നിരോധിത മരുന്നുകളുടെ വില്‍പന തടയല്‍, വില വര്‍ധനക്കെതിരെ പ്രതികരണം എന്നിവയാണ് ഞങ്ങളുടെ മറ്റു ലക്ഷ്യങ്ങള്‍.

. നിലവിലെ നഴ്‌സുമാരുടെ സമരങ്ങളുടെ അവസ്ഥ എന്താണ്…?

പരിപൂര്‍ണ്ണമായ തൊഴില്‍ സുരക്ഷക്ക് വേണ്ടിയാണ് നഴ്‌സുമാര്‍ സമരരംഗത്തേക്ക് ഇറങ്ങിയത്. തൊഴില്‍ സുരക്ഷ എന്നത് മാനേജ്‌മെന്റ് നല്‍കേണ്ട ഔദാര്യമല്ല. മറിച്ച് നഴ്‌സുമാരുടെ തൊഴിലാളികളുടെ അവകാശമാണത്.

കേരളത്തില്‍ അനേകം ആശുപത്രികളില്‍ ഇപ്പോഴും ചൂഷണങ്ങള്‍ നടക്കുന്നുണ്ട്. കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ആശുപത്രി, എറണാകുളം അമൃത, കോഴിക്കേട് ബേബി മെമ്മോറിയല്‍, മലപ്പുറം അല്‍ശിഫ തുടങ്ങി കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലൊക്കെയും നഴ്‌സുമാര്‍ക്കെതിരെ ചൂഷണങ്ങള്‍ നടക്കുന്നുണ്ട്.

 

അടുത്ത പേജില്‍ തുടരുന്നു


രാജ്യത്തെ നിയമവ്യവസ്ഥ നല്‍കുന്ന പൂര്‍ണമായ വേതന-സുരക്ഷാ വ്യവസ്ഥകള്‍ നടപ്പിലാക്കുക എന്നതാണ് സമരത്തിന്റെ പൂര്‍ണ പരിഹാരമായി ഞങ്ങള്‍ കാണുന്നത്.


jasmin-shah-580-secondpage


. ബലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കേണ്ടത് സര്‍ക്കാരാണല്ലോ? പക്ഷെ നഴ്‌സുമാരുടെ സമരങ്ങള്‍ മാനേജ്‌മെന്റുകള്‍ക്കെതിരെ മാത്രമായി ഒതുങ്ങുന്നതായാണ് ഈയിടെ കാണ്ടുവരുന്നത്. എന്നാല്‍ ബലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തയ്യാറാകാത്ത സര്‍ക്കാരിനെതിരെ എന്ത് കൊണ്ട് സമരം ചെയ്യുന്നില്ല ?

തെറ്റായൊരു നിരീക്ഷണമാണത്. മാനേജ്‌മെന്റിനെതിരെ സമരം നടക്കുന്ന അതേ സമയത്തുതന്നെ സര്‍ക്കാരിനെതിരെയും നഴ്‌സുമാര്‍ സമരം നടക്കുന്നുണ്ട്. കഴിഞ്ഞമാസം 26 മുതല്‍ തൃശൂര്‍ കളക്ട്രേറ്റ് പടിക്കലില്‍ സര്‍ക്കാരിനെതിരെ രാപകല്‍ സമരം തുടങ്ങിയിട്ടുണ്ട്.

ഇവിടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കുത്തക മുതലാളിമാരേയും അവരുടെ ആവശ്യങ്ങളേയും സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്.

തൊഴില്‍ ചൂഷണങ്ങള്‍ക്കെതിരെ ഏതെങ്കിലും ആശുപത്രിയില്‍ സമരം നടക്കുകയാണെങ്കില്‍തന്നെ സര്‍ക്കാര്‍ ഇടപെട്ട് ആ ആശുപത്രിയിലെ പ്രശ്‌നം താല്‍കാലികമായി പരിഹരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ മുഴുവന്‍ ആശുപത്രികളിലേയും തൊഴിലാളികളുടെ ശാശ്വതമായ ഒരു പരിഹാരമാണ് ഞങ്ങളുടെ ആവശ്യം.

. യു.എന്‍.എയുടെ രൂപീകരണത്തിന് ശേഷം കേരളത്തിലെയും ഇന്ത്യയിലെ തന്നെ മിക്ക ആശുപത്രികളിലും സമരങ്ങള്‍ സംഘടിപ്പിക്കുകയും സര്‍ക്കാരും മാനേജ്‌മെന്റുകളും ചര്‍ച്ചകള്‍ക്ക് തയ്യാറാവുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ചര്‍ച്ചകളുടെ ഫലമായി വന്ന അവകാശ സംരക്ഷണ പ്രഖ്യാപനങ്ങള്‍ ഇപ്പോഴും മാനേജ്‌മെന്റുകള്‍ പാലിക്കുന്നുണ്ടോ?

നഴ്‌സുമാര്‍ പ്രതികരണ ശേഷി നേടി എന്നുള്ളതാണ് ഞങ്ങള്‍ നടത്തിയ സമരം കൊണ്ട് രൂപപ്പെട്ട ഏറ്റവും വലിയ ഗുണം. നഴ്‌സുമാരോടുള്ള ചൂഷണങ്ങള്‍ക്ക് കാര്യമായ മാറ്റങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നത് ഇന്നും യാഥാര്‍ത്ഥ്യമാണ്.

എന്നാല്‍ ബോണ്ട് വ്യവസ്ഥ ഇല്ലാതായി. രാജ്യത്തെ നിയമവ്യവസ്ഥ നല്‍കുന്ന പൂര്‍ണമായ വേതന-സുരക്ഷാ വ്യവസ്ഥകള്‍ നടപ്പിലാക്കുക എന്നതാണ് സമരത്തിന്റെ പൂര്‍ണ പരിഹാരമായി ഞങ്ങള്‍ കാണുന്നത്.

. തൃശൂര്‍ കളക്ട്രേറ്റിലെ രാപകല്‍ സമരത്തിന്റെ നിലവിലെ അവസ്ഥ…?

സര്‍ക്കാര്‍ ഞങ്ങളുമായി ചര്‍ച്ചക്ക് തയ്യാറായിട്ടുണ്ട്. എന്നാല്‍ നഴ്‌സിങ് മേഖലയിലെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും ശാശ്വതമായ പരിഹാരമാണ് ഞങ്ങളുടെ ആവശ്യം. കേരളത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും എത്തിപ്പെടാനായാണ് തൃശൂരില്‍ സമരം സംഘടിപ്പിച്ചത്.

. തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടോ…?

നിലവില്‍ അങ്ങനൊരു തീരുമാനം ഇല്ല. മാത്രമല്ല, മലയാളി നഴസുമാരെ അധിക്ഷേപിച്ച ആം ആദ്മി നേതാവ് കുമാര്‍ ബിശ്വാസിന്റെ നടപടിയോട് സംഘടനക്ക് പ്രതിഷേധമുണ്ട്.

. തൊഴിലാളി സംഘടനയായ യു.എന്‍.എ ഒരു ട്രേഡ് യൂണിയന്‍ കൂടിയാണല്ലോ. സംഘടനയോട് മറ്റു ട്രേഡ് യൂണിയനുകളുടെ സമീപനം എന്താണ്. സമരങ്ങള്‍ക്ക് എന്തെങ്കിലും പിന്തുണ ലഭിച്ചിട്ടുണ്ടൊ…?

ആരോഗ്യമേഖലയില്‍ വ്യവസ്ഥാപിതമായ ഒരു ട്രേഡ് യൂണിയന്‍ ഇല്ല. മറ്റു പരമ്പാരാഗത ട്രേഡ് യൂണിയനുകളെ പോലെ യു.എന്‍.എ പ്രവര്‍ത്തിക്കണമെന്ന് ഞങ്ങളോട് പലരും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പരമ്പരാഗത ട്രേഡ് യൂണിയനുകള്‍ അവരുടെ പ്രവര്‍ത്തന ശൈലി മാറ്റണമെന്നാണ് തങ്ങളുടെ ആവശ്യം. യു.എന്‍.എയുടെ പിറവിയോടെ ചില ട്രേഡ് യൂണിയനുകല്‍ തങ്ങളുടെ ശൈലികളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

സമര സമയത്ത് ചില പാര്‍ട്ടികള്‍ സമരത്തെ പിന്തുണക്കാറുണ്ടെങ്കിലും ആരോഗ്യമേഖലകളില്‍നിന്നും ഇതുവരെയായി ഒരു പിന്തുണയും കിട്ടിയിട്ടില്ല. ഡോക്ടര്‍മാര്‍ക്കും ആരോഗ്യമേഖലയിലെ മറ്റു മേഖലകളിലെ മറ്റുള്ളവര്‍ക്കും സംഘടനകള്‍ ഉണ്ടെങ്കിലും നഴ്‌സുമാര്‍ സംഘടിക്കുന്നത് മറ്റുള്ളവര്‍ക്ക് ദഹിക്കുന്നില്ല.