ദളിത് പീഡനത്തിനെതിരെ പ്രതിരോധം തീര്‍ത്ത് കണ്ണൂരില്‍ സ്വാഭിമാന സംഗമം: ഉന ഇരകള്‍ പങ്കെടുത്തു
Daily News
ദളിത് പീഡനത്തിനെതിരെ പ്രതിരോധം തീര്‍ത്ത് കണ്ണൂരില്‍ സ്വാഭിമാന സംഗമം: ഉന ഇരകള്‍ പങ്കെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd September 2016, 9:49 am

കണ്ണൂരിലെ ടൗണ്‍ സ്‌ക്വയറില്‍ നടന്ന പരിപാടിയില്‍ ഉനയില്‍ പീഡനത്തിന് ഇരയായ അശോക് സര്‍വ്വയ്യ, വസ്രം സര്‍വ്വയ്യ എന്നിവരും ദളിത് ആക്ടിവിസ്റ്റുകളായ സഞ്ജയ് സന്ദോര്‍വ്വ, കേവല്‍സിങ് റാത്തോഡ്, ഗുജറാത്ത് കലാപകാരികളുടെ പ്രതീകമായി മാറിയ അശോക് പര്‍മാര്‍ മോച്ചി എന്നിവരും പങ്കുചേര്‍ന്നു.

കണ്ണൂര്‍: ദളിത് പീഡനത്തിനെതിരെ പ്രതിരോധം തീര്‍ത്ത് കണ്ണൂരില്‍ പട്ടികജാതി ക്ഷേമസമിതിയുടെ സ്വാഭിമാന സംഗമം. ഗുജറാത്തിലെ ഉനയില്‍ ഗോരക്ഷാ സേനയുടെ ആക്രമണത്തിന് ഇരയായ ദളിത് യുവാക്കളും സ്വാഭിമാന സംഗമത്തിന്റെ ഭാഗമായി.

കണ്ണൂരിലെ ടൗണ്‍ സ്‌ക്വയറില്‍ നടന്ന പരിപാടിയില്‍ ഉനയില്‍ പീഡനത്തിന് ഇരയായ അശോക് സര്‍വ്വയ്യ, വസ്രം സര്‍വ്വയ്യ എന്നിവരും ദളിത് ആക്ടിവിസ്റ്റുകളായ സഞ്ജയ് സന്ദോര്‍വ്വ, കേവല്‍സിങ് റാത്തോഡ്, ഗുജറാത്ത് കലാപകാരികളുടെ പ്രതീകമായി മാറിയ അശോക് പര്‍മാര്‍ മോച്ചി എന്നിവരും പങ്കുചേര്‍ന്നു.

ഉനയില്‍ പീഡനത്തിന് ഇരയായവര്‍ അവരുടെ അനുഭവം വിവരിച്ചപ്പോള്‍ അവരുടെ വാക്കുകള്‍ ഉള്‍ക്കൊള്ളാന്‍ സംഗമത്തിന് എത്തിയവര്‍ക്ക് ഭാഷ തടസമായില്ല. ജാതീയ പീഡനങ്ങളും വിവേചനവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടിച്ചമര്‍ത്തപ്പെടുന്നവരുടെ ഐക്യനിര രൂപപ്പെടണമെന്ന് സംഗമം ആഹ്വാനംചെയ്തു. ഉനയിലെ ദളിത് പീഡനദൃശ്യങ്ങളടങ്ങിയ സിഡിയും പ്രദര്‍ശിപ്പിച്ചു.

സി.പി.ഐ.എം കണ്ണൂര്‍  ജില്ലാ സെക്രട്ടറി പി ജയരാജന്‍, പി.കെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ് അജയകുമാര്‍, സംഘാടക സമിതി ചെയര്‍മാന്‍ എന്‍ ചന്ദ്രന്‍ എന്നിവര്‍ സംഗമത്തിന് തിരിതെളിച്ചു. സംഗമം പി ജയരാജന്‍  ഉദ്ഘാടനംചെയ്തു. പി.കെ.എസ് ജില്ലാ പ്രസിഡന്റ് ടി. പവിത്രന്‍ അധ്യക്ഷനായി. സാമൂഹ്യപ്രവര്‍ത്തകന്‍ ഖലിം സിദ്ദീഖി, എം പ്രകാശന്‍, എ.എന്‍ ഷംസീര്‍ എം.എല്‍.എ, സഹീദ് റൂമി എന്നിവര്‍ സംസാരിച്ചു. പി.കെ.എസ് ജില്ലാ സെക്രട്ടറി ഇ ഗംഗാധരന്‍ സ്വാഗതം പറഞ്ഞു.