സംഘപരിവാറിന്റെ ദളിത് റാലിയില്‍ തങ്ങള്‍ പങ്കെടുക്കുമെന്ന വാര്‍ത്ത അസംബന്ധം: ഉന ഇരകള്‍
Daily News
സംഘപരിവാറിന്റെ ദളിത് റാലിയില്‍ തങ്ങള്‍ പങ്കെടുക്കുമെന്ന വാര്‍ത്ത അസംബന്ധം: ഉന ഇരകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st September 2016, 3:05 pm

ഉനയില്‍ ക്രൂരമായ പീഡനത്തിന് ഇരയായ വസ്രാം സര്‍വ്വയ്യ, അശോക് സര്‍വ്വയ്യ എന്നിവരാണ് വാര്‍ത്ത നിഷേധിച്ച് രംഗത്തുവന്നിരിക്കുന്നത്.


 

കോഴിക്കോട്‌: തെരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തര്‍പ്രദേശില്‍ സംഘപരിവാര്‍ സംഘടിപ്പിക്കുന്ന ദളിത് റാലിയില്‍ ഉന ഇരകള്‍ പങ്കെടുക്കുമെന്ന വാര്‍ത്തയ്‌ക്കെതിരെ ഉന ഇരകള്‍. വാര്‍ത്ത അസംബന്ധമാണെന്നും തങ്ങളെ അധിക്ഷേപിക്കാന്‍ ആര്‍.എസ്.എസ് ബോധപൂര്‍വ്വം നടത്തുന്ന പ്രചരണമാണിതെന്നും ഉന ഇരകള്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.

ഉനയില്‍ ക്രൂരമായ പീഡനത്തിന് ഇരയായ വസ്രാം സര്‍വ്വയ്യ, അശോക് സര്‍വ്വയ്യ എന്നിവരാണ് വാര്‍ത്ത നിഷേധിച്ച് രംഗത്തുവന്നിരിക്കുന്നത്. സി.പി.ഐ.എം സംഘടിപ്പിക്കുന്ന ദളിത് സ്വാഭിമാന സംഗമത്തില്‍ പങ്കുചേരാനായി കേരളത്തിലെത്തിയതായിരുന്നു ഇവര്‍.

ഇങ്ങനെയൊരു ആവശ്യവുമായി സംഘപരിവാര്‍ സംഘടകള്‍ തങ്ങളെ സമീപിച്ചിട്ടുപോലുമില്ല. ആര്‍.എസ്.എസിന്റെ തന്ത്രമാണിത്. മാധ്യമങ്ങളിലൂടെയാണ് ഇതിനെക്കുറിച്ച് അറിയുന്നത്. കണ്ണൂരില്‍ നാളെ നടത്താനിരിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വിശദീകരിക്കുമെന്നും അവര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.

ഭാരതീയ ബൗദ്ധ സംഘിന്റെ അധ്യക്ഷന്‍ ഭന്ദേ സംഘ്പ്രിയ രാഹുലിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇത്തരമൊരു വാര്‍ത്ത നല്‍കിയത്. വാര്‍ത്ത മറ്റുമാധ്യമങ്ങളും ഏറ്റുപിടിച്ചിരുന്നു. ഉനയില്‍ ആക്രമണത്തിന് ഇരയായ നാലുപേരും യാത്രയില്‍ പങ്കുചേരുമെന്നും പത്തു പന്ത്രണ്ട് ദിവസം ഇവര്‍ റാലിയുടെ ഭാഗമായുണ്ടാവുമെന്നുമാണ് രാഹുല്‍ പറഞ്ഞത്.

സി.പി.ഐ.എം അനുകൂല സംഘടനയായ പട്ടികജാതി ക്ഷേമ സമിതി കണ്ണൂരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കുചേരാന്‍ വേണ്ടിയാണ് ഇരുവരും കേരളത്തിലെത്തിയത്. ഇന്നുവൈകുന്നേരം കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലാണ് പരിപാടി നടക്കുക.

ചത്ത പശുവിന്റെ തൊലിയുരിഞ്ഞതിന്റെ പേരില്‍ ഉനയില്‍ നാലു ദളിത് യുവാക്കളാണ് ആക്രമിക്കപ്പെട്ടത്. ഇവരെ പൊതുമധ്യത്തില്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം ദേശീയ ശ്രദ്ധ നേടുന്നത്. ഗുജറാത്തില്‍ ഇപ്പോള്‍ നടക്കുന്ന ദളിത് മുന്നേറ്റത്തിനു കാരണമായത് ഈ സംഭവമായിരുന്നു.