| Tuesday, 15th August 2017, 3:52 pm

ചത്ത പശുവിന്റെ തോലുരിച്ചതിന് ഗുജറാത്തില്‍ ദളിതുകള്‍ക്ക് നേരെ വീണ്ടും ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫയല്‍ ചിത്രം

വഡോദര: ചത്ത പശുവിന്റെ തോലുരിച്ചതിന് ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ ദളിത് മാതാവിനും മകനും മര്‍ദ്ദനം. മണിബെന്‍ (45) മകനായ ശൈലേഷ് രോഹിത് (21) എന്നിവരെയാണ് സ്ഥലത്തെ ക്ഷത്രീയ സമുദായമായ ദര്‍ബാറില്‍ പെട്ട ഇരുപതംഗ സലംഘം മര്‍ദിച്ചത്. ആനന്ദിലെ കസോര്‍ ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയാണ് അക്രമണം ഉണ്ടായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരുവരെയും 20 മിനുട്ടോളം തടഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. സംഘത്തിലെ 5 പേരുടെ വിവരങ്ങള്‍ നല്‍കി ശൈലേഷ് പൊലീസിന് ശനിയാഴ്ച തന്നെ പരാതി നല്‍കിയിരുന്നു. പശുവിന്റെ തോലുരിക്കുന്നത് ദുര്‍ഗന്ധം പരത്തുന്നുവെന്ന് ആരോപിച്ച് രോഹിത് വാസിലെ വീട്ടിലെത്തിയാണ് ഇവര്‍ തങ്ങളെ മര്‍ദിച്ചതെന്ന് ശൈലേഷ് പരാതിയില്‍ പറയുന്നു. രോഹിത് വാസില്‍ 25ഓളം കുടുംബങ്ങളാണ് പശുക്കളുടെ തോലുരിഞ്ഞ് ഉപജീവനം നടത്തുന്നത്.

സംഭവത്തില്‍ ഐ.പി.സി, എസ്.സി, എസ്.ടി ആക്ട് (323,506 (2)) പ്രകാരം സൊചിത്ര പൊലീസ് കേസെടുത്തിട്ടുണ്ട്. ധോലാഭായ് പാര്‍മര്‍, വിജയ് ഫുലാ പാര്‍മര്‍, നരസിന്‍ഭായ് പാര്‍മര്‍ എന്നയാളുടെ മകന്‍, ജെയ്മിന്‍ പാര്‍മര്‍, കൗശിക് പാര്‍മര്‍ എന്നീ അഞ്ചു പേര്‍ക്കെതിരെയടക്കമാണ് കേസെടുത്തത്.


Read more:  ഇന്ത്യക്കാര്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് ഷാഹിദ് അഫ്രീദി


മറ്റു പ്രതികളുടെ പേരു വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും 7 പേര്‍ ഒളിവില്‍ പോയതായും പൊലീസ് ഡി.എസ്.പി ഡി.ഡി ദാമോര്‍ പറഞ്ഞു.
അയ്യായിരത്തിലധികം ക്ഷത്രീയ കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലമാണ് കസോര്‍. ആനന്ദ് ജില്ലയിലെ ഗ്രാമങ്ങളില്‍ ദളിതുകള്‍ നിരന്തരം അതിക്രമവും വിവേചനവും നേരിടുന്നുണ്ടെന്നും ക്ഷേത്രങ്ങളില്‍ പോലും പ്രവേശനം നിഷേധിച്ചിരിക്കുകയാണെന്നും ദളിത് അത്യാചാര്‍ നിവാരണ്‍ സമിതി പ്രസിഡന്റ് കിരണ്‍ സോളങ്കി പറയുന്നു.

കഴിഞ്ഞവര്‍ഷം ജൂലായ് 11-നാണ് ഉനയില്‍ ചത്തപശുവിന്റെ തോലുരിക്കുകയായിരുന്ന ദളിത് യുവാക്കളെ ഗോരക്ഷാ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചത്.


Also read:  കുമ്മനത്തിനെതിരെ പോസ്റ്റിട്ട യുവമോര്‍ച്ചാ നേതാവിനെ ആര്‍.എസ്.എസുകാര്‍ വെട്ടി


We use cookies to give you the best possible experience. Learn more