| Monday, 30th September 2019, 11:01 am

യു.എന്‍.എ സാമ്പത്തിക തട്ടിപ്പ്; ജാസ്മിന്‍ ഷായുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് വന്നത് രണ്ട് വര്‍ഷത്തിനിടെ 74 ലക്ഷം രൂപ, തെളിവുകള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടിന്റെ തെളിവുകള്‍ പുറത്ത്. കേസിലെ പ്രതിയും സംഘടനയുടെ ദേശീയ സെക്രട്ടറിയുമായ ജാസ്മിന്‍ ഷായുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 74 ലക്ഷത്തോളം രൂപ വകമാറ്റിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജാസ്മിന്‍ ഷായുടെ ഭാര്യയും ഈ കേസില്‍ പ്രതിയാണ്. ഇവരുടെ പേരില്‍ ആറ് ബാങ്ക് അക്കൗണ്ടുകളുണ്ട്.

ക്രൈംബ്രാഞ്ച് ജാസ്മിന്‍ ഷായുടെ ഭാര്യയുടെ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഈ അക്കൗണ്ടിലേക്ക് ഈ കേസിലെ പ്രതികളായുള്ള നാല് പേരില്‍ നിന്ന് 74 ലക്ഷം രൂപ മാറിയിട്ടുള്ളതായി കണ്ടെത്തി.

ജാസ്മിന്‍ ഷായുടെ ഭാര്യ വിദേശത്താണ്. അവരുടെ നാട്ടിലുള്ള അക്കൗണ്ടാണിത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

യു.എന്‍.എയുടെ അക്കൗണ്ടില്‍ നിന്നുള്ള പണം മറ്റ് പലരും വഴി ജാസ്മിന്‍ ഷാ നേരിട്ട് ഭാര്യയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതാണ് എന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്നത്.

കേസിലെ രണ്ടാം പ്രതിയായ ജാസ്മിന്‍ ഷായുടെ ഡ്രൈവറുടെ അക്കൗണ്ടില്‍ നിന്ന് 20 ലക്ഷത്തോളം രൂപയാണ് രണ്ട് വര്‍ഷത്തിനിടയില്‍ ജാസ്മിന്‍ ഷായുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് വന്നത്. ഡ്രൈവറായിട്ടുള്ള ഒരാള്‍ വിദേശത്തുള്ള ഒരാളുടെ അക്കൗണ്ടിലേക്ക് എന്തിന് ഇത്രയേറെ പണം അയക്കുന്നു എന്നുള്ളതാണ് പ്രധാനപ്പെട്ട ചോദ്യം.

അതോടൊപ്പം തന്നെ യു.എന്‍.എയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലെ പ്യൂണിന്റെ അക്കൗണ്ടില്‍ നിന്ന് ഏതാണ്ട് 18 ലക്ഷം രൂപ ജാസ്മിന്‍ ഷായുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്.

ഇതെല്ലാം തന്നെ യു.എന്‍.എയുടെ ഫണ്ട് വകമാറ്റിയതിന്റെ തെളിവാണ് എന്നുള്ള നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് എത്തിയിട്ടുള്ളത്. ആറ് അക്കൗണ്ടുകളില്‍ ഒരു അക്കൗണ്ട് മാത്രമാണ് പരിശോധിച്ചിട്ടുള്ളത്. മറ്റ് അക്കൗണ്ടുകളും ക്രൈംബ്രാഞ്ച് പരിശോധിക്കും.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more