കോഴിക്കോട്: നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷ(യു.എന്‍.എ) നിലെ സാമ്പത്തിക തട്ടിപ്പ് കേസിന്റെ അന്വേഷണം അട്ടിമറിച്ചതായി ആരോപണം. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് കണ്ടെത്തല്‍.
യു.എന്‍.എയിലെ സാമ്പത്തിക തട്ടിപ്പ് കേസ് ആദ്യം അന്വേഷിച്ചത് തൃശൂര്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.എ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുളള സംഘമാണ്. ഈ അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ടിനെതിരെയാണ് ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
സംഘടനയുടെ സംസ്ഥാന ട്രഷററുടെ മൊഴിക്കും ബാങ്ക് രേഖകള്‍ക്കും വിരുദ്ധമായ കാര്യങ്ങളാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. വിവിധ ജില്ലകളില്‍ നിന്ന് ലഭിച്ച അംഗത്വ ഫീസിന്റെ കണക്കുകള്‍ മൊഴിയിലുണ്ട്. എന്നാല്‍ തിരുവനന്തപുരം ജില്ലാ കമ്മറ്റി പണം നല്‍കിയെന്ന് മൊഴിയിലില്ല. പക്ഷെ റിപ്പോര്‍ട്ടില്‍ കാണിച്ചിട്ടുള്ളത് ഒരു ലക്ഷം രൂപ അംഗത്വ ഫീസ് നല്‍കിയെന്നാണ്.
ആകെ തുകയില്‍ മാറ്റം വരാതിരിക്കാനായി പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ല കമ്മിറ്റികള്‍ നല്‍കിയ തുകയില്‍ നിന്ന് ഒരു ലക്ഷം രൂപ കുറച്ച് കാണിക്കുകയും ചെയ്തു. എറണാകുളത്ത് നടന്ന യു.എന്‍.എയുടെ സംസ്ഥാന സമ്മേളന നടത്തിപ്പിനായി ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് 70661 നമ്പര്‍ ചെക്കില്‍ 17 ലക്ഷം രൂപ നല്‍കിയെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ ബാങ്ക് രേഖകള്‍ പ്രകാരം കൈമാറിയ തുക ഒരു ലക്ഷം രൂപ മാത്രമാണ്. ഇത്തരത്തില്‍ പ്രതികള്‍ക്ക് അനുകൂലമായ മൊഴി തിരുത്തിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിനെതിരെ ഉയര്‍ന്നിരിക്കുന്ന പ്രധാന ആരോപണം.
സംഘടനയുടെ അക്കൗണ്ടില്‍ നിന്നും മൂന്ന് കോടിയിലേറെ രൂപ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ അറിവോടെ തിരിമറി നടത്തിയെന്നായിരുന്നു പരാതി. ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് യു.എന്‍.എ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്.
മാസവരിസഖ്യ പിരിച്ച പണം മൂന്ന് അക്കൗണ്ടുകളിലായിട്ടാണ് നിക്ഷേപിച്ചിരുന്നത്. മൂന്ന് കോടിയിലധികം രൂപ അക്കൗണ്ടുകളില്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരു കോടി ചിലവഴിച്ചതിന് വ്യക്തമായ കണക്കുണ്ട്. എന്നാല്‍ ബാക്കി തുക അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചെങ്കിലും അതിന് വ്യക്തമായ കണക്കില്ലെന്നാണ് പരാതിയില്‍ പറയുന്നത്.
നഴ്‌സുമാരുടെ ലെവി പിരിച്ചതടക്കമുള്ള തുകയില്‍ നിന്നാണ് തിരിമറി. സംഘടനയുടെ ദേശീയ പ്രസിഡനന്റായ ജാസ്മിന്‍ ഷായുടെ ഡ്രൈവറാണ് അക്കൗണ്ടില്‍ നിന്ന് വലിയ തുക പിന്‍വലിച്ചിരിക്കുന്നതെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
സംഘത്തിലെ ഒരു വിഭാഗമാണ് മറ്റ് അംഗങ്ങളോട് സംസാരിക്കാതെ പലതവണയായി അക്കൗണ്ടില്‍ നിന്ന് മൂന്ന് കോടിയിലേറെ രൂപ പിന്‍വലിച്ചതെന്ന് പരാതിയില്‍ പറയുന്നു. പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടിരുന്നു.