| Saturday, 16th May 2020, 2:43 pm

'രണ്ടാം ഘട്ടത്തിലും അവഗണിക്കപ്പെട്ടാല്‍ തിരിച്ചുവരവ് അസാധ്യമാകും'; സുപ്രീം കോടതിയെ സമീപിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഗര്‍ഭിണികളായ മലയാളി നഴ്‌സുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നാട്ടിലേക്ക് മടങ്ങാന്‍ എത്രയും പെട്ടെന്ന് അവസരം ഒരുക്കണം എന്നാവശ്യപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്‌സുമാര്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കി.

ഗള്‍ഫില്‍ നിന്നുള്ള ഗര്‍ഭിണികളായ 56 നഴ്‌സുമാരാണ് കോടതിയെ സമീപിച്ചത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷനാണ് നഴ്‌സുമാര്‍ക്ക് വേണ്ടി ഹരജി സമര്‍പ്പിച്ചത്.

വന്ദേഭാരത് പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ അവഗണിക്കപ്പെട്ടവരാണ് കോടതിയെ സമീപിച്ചത്. രണ്ടാം ഘട്ടത്തില്‍ അവഗണിക്കപ്പെട്ടാല്‍ പ്രസവത്തിന് മുന്‍പ് തിരിച്ചുവരവ് അസാധ്യമാകുമെന്ന് ഹരജിയില്‍ പറയുന്നു. ഹരജി തിങ്കളാഴ്ച പരിഗണിക്കും.

എയര്‍ലൈന്‍ നിയമപ്രകാരം 36 ആഴ്ചയ്ക്ക് ശേഷം ഗര്‍ഭിണികള്‍ക്ക് വിമാനയാത്ര നടത്താന്‍ അനുമതി ലഭിക്കില്ല. അതിനാല്‍, എത്രയും വേഗം 56 നഴ്സുമാരെയും നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടു.

സൗദി അറേബ്യയില്‍ 55 പേരും കുവൈറ്റില്‍ ഒരു നഴ്സുമാണ് കുടുങ്ങിക്കിടക്കുന്നതെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കി. ഇതില്‍ 55 പേര്‍ മലയാളികളാണ്.

ഗര്‍ഭിണികളായതിനാല്‍ അടിയന്തര പ്രാധാന്യമുള്ള പട്ടികയില്‍ ഇടം ലഭിക്കാന്‍ അര്‍ഹതയുണ്ട്. എന്നാല്‍, വന്ദേ ഭാരത് ദൗത്യത്തില്‍ അര്‍ഹമായ പരിഗണന കിട്ടിയില്ലെന്ന് യു.എന്‍.എ പരാതിയില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more