| Thursday, 8th September 2016, 6:08 pm

ഉനയില്‍ ഗോസംരക്ഷകര്‍ ദളിതരെ മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

4 പൊലീസുകാരുള്‍പ്പെടെ 34 പ്രതികളടങ്ങുന്നതാണ് കുറ്റപത്രം. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 44 പേരെ അറസ്റ്റുചെയ്തിട്ടുണ്ട്.


അഹമ്മദാബാദ്: ഗുജറാത്തിലെ ഗിര്‍സോമനാഥ് ജില്ലയിലെ ഉന പട്ടണത്തില്‍ ഗോസംരക്ഷക പ്രവര്‍ത്തകര്‍ ദളിത് യുവാക്കളെ നഗ്‌നരാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ ഗുജറാത്ത് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

4 പൊലീസുകാരുള്‍പ്പെടെ 34 പ്രതികളടങ്ങുന്നതാണ് കുറ്റപത്രം. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 44 പേരെ അറസ്റ്റുചെയ്തിട്ടുണ്ട്.

കഴിഞ്ഞ ജൂലൈയില്‍ ഗുജറാത്തിലെ ഉന പട്ടണത്തില്‍ ചത്തപശുവിന്റെ തോലുരിച്ചെന്നാരോപിച്ച് ദളിത് യുവാക്കളെ നഗ്‌നരാക്കി മര്‍ദ്ദിച്ച സംഭവം വന്‍പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 4 പൊലീസുകാരുള്‍പ്പെടെ 44 പേരെ അറസ്റ്റുചെഴ്തിട്ടുണ്ടെന്നും ഇതിലെ 34 പേര്‍ ഉള്‍പ്പെട്ട കുറ്റപത്രമാണ് ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ചതെന്നും ഇന്‍സ്‌പെക്ടര്‍ ജനറല്‍ എസ്.എസ് ത്രിവേദി പറഞ്ഞു.

ഇന്‍സ്പക്ടര്‍ന്മാരായ നിര്‍മ്മല്‍ സിംഗ്, നരേന്ദ്രപാണ്ഡെ ഹെഡ്‌കോണ്‍സ്റ്റബിള്‍ കാഞ്ചി, വനിത എ.എസ്.ഐ കാഞ്ചന്‍ ബെന്‍ എന്നിവരാണ് കുറ്റപത്രത്തിലുള്‍പ്പെട്ട പൊലീസുകാര്‍.

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ പദവി ദുരുപയോഗം ചെയ്ത് കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനിന്നുവെന്നാണ് ഇവര്‍ക്കെതിരായ കുറ്റം. നേരത്തെ ജുനഗഡ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ സി.ഐ.ഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരും ഉള്‍പ്പെട്ടിരുന്നു.

കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട 34 പ്രതികള്‍ക്കെതിരെയും വധശ്രമം, കവര്‍ച്ച, തട്ടികൊണ്ടുപോകല്‍, കലാപത്തിന് ആഹ്വാനം ചെയ്യല്‍ തുങ്ങിയവയ്ക്കു പുറമേ ഐ.പി.സി 355, 342, 147, 324, 120 തുടങ്ങിയ ഗുരുതരമായ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.

ഗോസംരക്ഷണത്തിന്റെ പേരില്‍ ദളിത് യുവാക്കളെ 5 മണിക്കൂറോളം നഗ്‌നരാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രധാന കുറ്റവാളികളായ പ്രമോദ്ഗിരി ഗോസ്വാമി, രാഗേഷ് ജോഷി, നാഗ്ജി വാനിയ തുടങ്ങിയവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more