| Thursday, 6th April 2023, 7:14 pm

തീവ്രവാദ ആരോപണം; സൗദി തടവിലാക്കിയ ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തകനെ വിട്ടയക്കണമെന്ന് യു.എന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: തീവ്രവാദക്കുറ്റം ചുമത്തി തടവിലാക്കിയ ജോര്‍ദാനിയന്‍ മാധ്യമ പ്രവര്‍ത്തകനെ എത്രയും വേഗം മോചിപ്പിക്കണമെന്ന് സൗദിയോട് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ. 2019ല്‍ ദമാമില്‍ നിന്ന് അറസ്റ്റ് ചെയ്ത ഫലസ്തീന്‍ പൗരനും ജോര്‍ദാനിലെ റിപ്പോര്‍ട്ടറുമായ അബ്ദുല്‍ റഹ്മാന്‍ ഫര്‍ഹാനയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.എന്നിന്റെ മനുഷ്യാവകാശ സംഘടനയാണ് മുന്നോട്ട് വന്നിരിക്കുന്നത്.

തടവിലാക്കപ്പെട്ടതിന് ശേഷം ക്രൂരമായ പീഡനങ്ങള്‍ക്ക് അദ്ദേഹം വിധേയനായെന്ന് യു.എന്‍ സംഘം കണ്ടെത്തിയതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. ഫര്‍ഹാനയടക്കം അറുപതോളം ഫലസ്തീന്‍ അനുകൂല നേതാക്കളെ കഴിഞ്ഞ രണ്ട് വര്‍ഷമായി സൗദി ഭരണകൂടം തടവിലാക്കിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാര്‍ മോഷ്ടിച്ചെന്ന പരാതിയില്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതിന് ശേഷം എട്ട് മാസത്തോളം ഏകാന്ത തടവില്‍ പാര്‍പ്പിച്ചെന്നാണ് പുറത്ത് വരുന്ന വിവരം. ഈ കാലയളവില്‍ തന്റെ കുടുംബവുമായി ബന്ധപ്പെടാനോ വക്കീലിനെ കാണാനോ അദ്ദേഹത്തെ അനുവദിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അദ്ദേഹത്തെ വൈദ്യുതി ആഘാതമേല്‍പ്പിച്ചും പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദ്ദിച്ചെന്നും പരാതിയുണ്ട്. സഹതടവുകാരേക്കാള്‍ കുറഞ്ഞ സമയം മാത്രമാണ് ബന്ധുക്കളുമായി ബന്ധപ്പെടാന്‍ ഫര്‍ഹാനയെ അനുവദിച്ചതെന്നും കുറ്റമേല്‍ക്കാന്‍ നിര്‍ബന്ധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി ജോര്‍ദ്ദാനിലെ അല്‍-സബീല്‍ പത്രത്തിന്റെ റിപ്പോര്‍ട്ടറാണ് 66 കാരനായ ഫര്‍ഹാന. 2019-20 കാലയളവില്‍ ഫലസ്തീന്‍ സംഘടനയായ ഹമാസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചെന്നാരോപിച്ച് 60ലധികം ഫലസ്തീനികളെയാണ് സൗദി ഭരണകൂടം തടവിലാക്കിയിട്ടുള്ളത്.

ഇവരില്‍ പലരും ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് ജയിലുകളില്‍ നേരിടുന്നതെന്നും യു.എന്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസ്രഈലുമായുണ്ടാക്കിയ ‘നൂറ്റാണ്ടിന്റെ കരാറിന്’ ശേഷമാണ് സൗദിയില്‍ ഫലസ്തീനികള്‍ക്കെതിരായ ആക്രമണങ്ങളില്‍ വര്‍ധനവുണ്ടായതെന്നാണ് ആരോപണം.

അതേസമയം യു.എന്‍ ആരോപണങ്ങളെ തള്ളി സൗദി ഭരണകൂടം രംഗത്തെത്തി. അബ്ദുല്‍ റഹ്മാന്‍ ഫര്‍ഹാനയുടെ ചികിത്സയെക്കുറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തെളിവില്ലാതെയും കെട്ടിച്ചമച്ച വാര്‍ത്തകളാണിതെന്നും സൗദി പറഞ്ഞതായും മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: UN wants saudi to release jordanian journalist

We use cookies to give you the best possible experience. Learn more