മോസ്കോ: ദശാബ്ദങ്ങളായി ക്യൂബക്കെതിരായി യു.എസ് തുടരുന്ന ഉപരോധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ അവതരിപ്പിച്ച വാർഷിക പ്രമേയത്തിന് മൃഗീയ ഭൂരിപക്ഷം.
190 രാജ്യങ്ങൾ സന്നിഹിതമായ സഭയിൽ ഇസ്രഈൽ, അമേരിക്ക ഒഴികെയുള്ള രാജ്യങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ഉക്രൈൻ മാത്രമാണ് വോട്ടിങ്ങിൽ വിട്ടുനിന്നത്.
ക്യൂബക്ക് മേൽ ഏർപ്പെടുത്തിയ എല്ലാ തരത്തിലുമുള്ള സാമ്പത്തിക ഉപരോധങ്ങളിൽ നിന്നും ലോകരാജ്യങ്ങൾ പിന്മാറണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ക്യൂബക്ക് മേൽ ഇപ്പോഴും സാമ്പത്തിക, വാണിജ്യ ഉപരോധങ്ങൾ നിലനിൽക്കുന്നുണ്ട് എന്നതിൽ ജനറൽ അസംബ്ലി ആശങ്ക പ്രകടിപ്പിച്ചു.
ക്യൂബക്ക് മേൽ ഇനിയും ഏതെങ്കിലും രാജ്യങ്ങൾ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് അത് അസാധുവാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
ഇത് മുപ്പത്തിയൊന്നാമത്തെ പ്രാവശ്യമാണ് പ്രമേയം അവതരിപ്പിക്കുന്നത്. കഴിഞ്ഞ വർഷവും യു.എസും ഇസ്രഈലും മാത്രമായിരുന്നു പ്രമേയത്തെ എതിർത്തത്. ഉക്രൈന് പുറമേ ബ്രസീലും അന്ന് വോട്ട് ചെയ്യുന്നതിൽ നിന്ന് വിട്ടു നിന്നിരുന്നു.
സമാധാന അന്തരീക്ഷത്തിൽ യു.എസ് നടത്തുന്ന സാമ്പത്തിക യുദ്ധമാണ് അമേരിക്കൻ നയങ്ങൾ എന്ന് വോട്ടിങ്ങിന് മുമ്പായി യു.എൻ ജനറൽ അസംബ്ലിയിൽ ക്യൂബൻ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗസ് പരീല പറഞ്ഞു.
ക്യൂബ ഒരിക്കലും അമേരിക്കക്ക് ഭീഷണിയല്ലെന്നും രാജ്യത്തിന്റെ ഭരണഘടനാ സംവിധാനം തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് നിയമവിരുദ്ധവും ക്രൂരവും മനുഷ്യത്വരഹിതവുമായ അമേരിക്കൻ നയങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
സാമ്പത്തിക ഉപരോധത്തിനൊപ്പം രാജ്യത്തിനെതിരെ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നതായും അദ്ദേഹം ആരോപിച്ചു. ഫലസ്തീൻ ജനങ്ങൾക്ക് പിന്തുണ അറിയിച്ച റോഡ്രിഗസ് പരീല ഗസയിലെ ആക്രമണം ഇസ്രഈൽ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം യു.എസ് പ്രതിനിധിയായ പോൾ ഫോംസ്ബീ പ്രമേയത്തെ എതിർക്കുന്നതായും സാമ്പത്തിക ഉപരോധം അമേരിക്കൻ ആയുധപ്പുരയിലെ ഒരു ഉപകരണം മാത്രമാണെന്നും ക്യൂബയിലെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകമാത്രമാണ് തങ്ങൾ ലക്ഷ്യമിടുന്നത് എന്നും അറിയിച്ചു.
1959ൽ യു.എസ് പിന്തുണയോടെയുള്ള ഏകാധിപത്യ ഭരണത്തെ പരാജയപ്പെടുത്തി ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ക്യൂബയിൽ അധികാരത്തിലെത്തിയതിന് പിന്നാലെ 1960ലാണ് യു.എസ് ആദ്യമായി ക്യൂബയുമായുള്ള നയതന്ത്ര ബന്ധങ്ങൾ അവസാനിപ്പിച്ചത്. 1962ൽ സോവിയറ്റ് യൂണിയനുമായുള്ള ആണവ മിസൈൽ തർക്കത്തിൽ യു.എസ് ക്യൂബക്ക് മേൽ സൈനിക ഉപരോധം ഏർപ്പെടുത്തിയിരുന്നു. അന്ന് മുതൽ സാമ്പത്തിക ഉപരോധം തുടരുകയാണ്.
ബറാക് ഒബാമയുടെ ഭരണത്തിൽ നിയന്ത്രണങ്ങൾ പിൻവലിച്ചിരുന്നെങ്കിലും ഡോണാൾഡ് ട്രംപ് അധികാരത്തിൽ വന്നപ്പോൾ വീണ്ടും നിയന്ത്രണങ്ങൾ കൊണ്ടുവന്നു.
അമേരിക്കൻ ഉപരോധങ്ങൾ കാരണം ഭക്ഷണം, ഇന്ധനം, മരുന്നുകൾ എന്നിവയുടെ ദൗർലഭ്യം അനുഭവിക്കുകയാണെന്നാണ് ക്യൂബ പറയുന്നത്.
CONTENT HIGHLIGHT: UN votes overwhelmingly to condemn US embargo of Cuba