| Thursday, 14th December 2023, 8:49 am

ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷം ചില അറബ് രാജ്യങ്ങളെയും സാമ്പത്തികമായി തകര്‍ക്കുമെന്ന് യു.എന്‍ പഠനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമ്മാന്‍: ഇസ്രഈല്‍ ഫലസ്തീന്‍ യുദ്ധം നിലവില്‍ ദുര്‍ബലരായ ചില അറബ് രാജ്യങ്ങളെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് യു.എന്‍ ഏജന്‍സിയുടെ പഠനം. ഫലസ്തീനിന്റെയും ഇസ്രഈലിന്റെയും അതിര്‍ത്തി രാജ്യങ്ങളായ ലെബനന്‍, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളെയായിരിക്കും പ്രതിസന്ധി രൂക്ഷമായി ബാധിക്കുക എന്നും യു.എന്‍.ഡി.പിയുടെ പഠനത്തില്‍ പറയുന്നു. ഈ മൂന്ന് രാജ്യങ്ങളില്‍ മാത്രമായി ചുരുങ്ങിയത് 10 ബില്യന്‍ ഡോളറിന്റെയെങ്കിലും നഷ്ടമുണ്ടാകുമെന്നും ഇത് 230,000ത്തില്‍ അധികം ആളുകളെ ദരിദ്രരാക്കുമെന്നുമാണ് പഠനത്തില്‍ പറയുന്നത്.

മൂന്ന് മാസത്തിനപ്പുറം യുദ്ധം നീണ്ടുനില്‍ക്കുകയാണെങ്കില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുമെന്ന് പറയുന്ന പഠനത്തില്‍ ഉടനടി മാനുഷിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണ് പരിഹാരമെന്നും പറയുന്നു. ‘യുദ്ധം ഫലസ്തീന്‍ ജനതയെ സംബന്ധിച്ച് വിനാശകരമാണ്. അതുപോലെ തന്നെ അതിന്റെ ആഘാതം അതിര്‍ത്തിയിലുള്ള അറബ് രാജ്യങ്ങളെയും ബാധിക്കും.

കൊവിഡ് 19 കാരണം ഈ രാജ്യങ്ങള്‍ ഇതിനോടകം തന്നെ വലിയ പ്രതിസന്ധി നേരിട്ട് കഴിഞ്ഞു. അതിന് പുറമെ ഉക്രൈന്‍ യുദ്ധവും സാമ്പത്തികമായി ഈ രാജ്യങ്ങളെ ബാധിച്ചിട്ടുണ്ട്. ആഗോള സാമ്പത്തിക പ്രതിസന്ധിയും വ്യപാര, വിനോദ സഞ്ചാര മേഖലകളില്‍ ഇസ്രഈല്‍ യുദ്ധമുണ്ടാക്കിയ പ്രതിന്ധിയും ഈ രാജ്യങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കും,’യു.എന്‍.ഡി.പിയുടെ അറബ് രാജ്യങ്ങള്‍ക്കായുള്ള റിജീയണല്‍ ബ്യൂറോ ഡയറക്ടര്‍ അബ്ദുല്ല അല്‍ ദര്‍ദാരി പറഞ്ഞു.

2003ല്‍ ഉള്‍പ്പടെ ഗസയില്‍ മുമ്പുണ്ടായ സംഘര്‍ഷങ്ങള്‍, ഇറാഖ് യുദ്ധം, സിറിയയിലെ പ്രതിസന്ധി, എണ്ണവിലയിലെ മാറ്റങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങളും ചരിത്ര സംഭവങ്ങളും ആധാരമാക്കിയാണ് യു.എന്‍.ഡി.പി പഠനം നടത്തിയിട്ടുള്ളത്. ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് മാസത്തിനപ്പുറം യുദ്ധം നീണ്ടുനീല്‍ക്കുകയാണെങ്കില്‍ ലെബനന്‍, ജോര്‍ദാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്ന പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നും പഠനത്തില്‍ പറയുന്നു.

ഭൂമിശാസ്ത്രമായി യുദ്ധം ഗസയില്‍ നിന്നും വ്യപിക്കുകയാണെങ്കില്‍ അയല്‍രാജ്യങ്ങളിലുണ്ടാകുന്ന പ്രത്യാഘാതത്തിന്റെ വ്യാപ്തിയും കൂടും. അയല്‍രാജ്യങ്ങളെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാനും ഗസയിലെ വിവരണാതീതമായ നാശനഷ്ടങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും അറുതിവരുത്താനുള്ള ഏക മാര്‍ഗം പെട്ടെന്ന് തന്നെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കലാണെന്നും പഠനത്തില്‍ പറയുന്നു.

content highlights: UN study that the Israeli-Palestinian conflict will destroy some Arab countries economically

We use cookies to give you the best possible experience. Learn more