ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ പതാകക്കൊപ്പം ചില ഉദ്യോഗസ്ഥര്‍ ഫോട്ടോയെടുത്തത് വിവാദമായതിന് പിന്നാലെ മാപ്പ് ചോദിച്ച് ഐക്യരാഷ്ട്രസഭ.
യു.എന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ അമിന മുഹമ്മദ് (Amina Mohammed) ഈയാഴ്ച അഫ്ഗാന്‍ സന്ദര്‍ശിച്ചിരുന്നു. അഫ്ഗാന്‍ വിദ്യാഭ്യാസമടക്കമുള്ള വിഷയങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെയും അവകാശ ലംഘനങ്ങളെയും കുറിച്ച് താലിബാന്‍ അധികാരികളുമായി അമിന സംസാരിച്ചിരുന്നു.
നാല് ദിവസത്തേക്കായിരുന്നു അമിന മുഹമ്മദിന്റെ സന്ദര്‍ശനം. യു.എന്‍ വിമന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിമ ബഹൗസ് (Sima Bahous), ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഓഫ് ദ ഡിപ്പാര്‍ട്‌മെന്റ് ഓഫ് പൊളിറ്റിക്കല്‍ അഫയേഴ്‌സ് ആന്‍ഡ് പീസ് ഓപ്പറേഷന്‍സ് ഖാലിദ് ഖിയാരി (Khaled Khiari) എന്നിവരും അമിന മുഹമ്മദിനൊപ്പം സന്ദര്‍ശനത്തിന്റെ ഭാഗമായിരുന്നു.
സന്ദര്‍ശനത്തിന്റെ ഭാഗമായി യു.എന്‍ പ്രതിനിധി സംഘം കാബൂളിലെയും കാണ്ഡഹാറിലെയും താലിബാന്‍ നേതാക്കളെ കാണുകയും രാജ്യത്തുടനീളം സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വിദ്യാഭ്യാസത്തിലും ജോലിയിലുമുള്ള നിയന്ത്രണങ്ങളെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
അമിന മുഹമ്മദ് താലിബാന്റെ നേതാക്കളെ കണ്ട് ചര്‍ച്ച നടത്തുന്നതിനിടെയാണ് ഹാളിന് പുറത്ത് താലിബാന്‍ പതാകയ്ക്ക് മുന്നില്‍ ചില യു.എന്‍ സുരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ ഫോട്ടോക്ക് പോസ് ചെയ്തതും ഇത് വലിയ വിമര്‍ശനത്തിനിടയാക്കിയതും.
”അത്തരമൊരു ഫോട്ടോ ഒരിക്കലും എടുക്കാന്‍ പാടില്ലായിരുന്നു. ജഡ്ജ്‌മെന്റിലെ കാര്യമായ വീഴ്ചയാണ് ഇത് വ്യക്തമാക്കുന്നത്.
തെറ്റാണ് സംഭവിച്ചത്. അതിന് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു,” യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ വക്താവ് ഫര്‍ഹാന്‍ ഹഖ് (Farhan Haq) മാധ്യമങ്ങളോട് പ്രതികരിച്ചു.
Content Highlight: UN staff Photo with Taliban flag draws criticism, Apology followed