| Saturday, 31st March 2012, 6:00 pm

ഇന്ത്യ സൈനിക കരിനിയമം പിന്‍വലിക്കണം; പോലീസ് ന്യൂനപക്ഷങ്ങളുടെ രക്ഷക്കെത്തുന്നില്ലെന്നും യു.എന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: കാശ്മീരിലും ഇന്ത്യയുടെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുള്ള ആംഡ് ഫോഴ്‌സെസ് സ്‌പെഷ്യല്‍ പവര്‍ ആക്ട് (AFSPA) പിന്‍വലിക്കണമെന്ന് ഐക്യരാഷ്ട്രസഭ ഇന്ത്യയോട് ആവശ്യപ്പെട്ടു. രാജ്യത്ത് ജനാധിപത്യം കൊണ്ടുവരുന്നതില്‍ സൈനിക പ്രത്യേകാധികാര നിയമത്തിന് ഒരു പങ്കും വഹിക്കാന്‍ കഴിയില്ലെന്നും ഐക്യരാഷ്ട്ര സഭ നിരീക്ഷിച്ചു. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാവുമ്പോള്‍ ഇന്ത്യയിലെ പോലീസ് സംവിധാനം ന്യൂനപക്ഷങ്ങളുടെ രക്ഷക്കെത്തുന്നില്ലെന്നും കസ്റ്റഡി മരണങ്ങളും ഏറ്റുമുട്ടല്‍ കൊലകളും ഇന്ത്യയില്‍ വര്‍ധിക്കുകയാണെന്നതുമുള്‍പ്പടെ ഗൗരവതരമായ പല നിരീക്ഷണങ്ങളും ഐക്യരാഷ്ട്ര സഭ നടത്തി.

ഇന്ത്യയിലെ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളെക്കുറിച്ചും കൂട്ടക്കൊലകളെക്കുറിച്ചും പഠിക്കാന്‍ ഐക്യരാഷ്ട്ര സഭ നിയോഗിച്ച പ്രത്യക അന്വേഷണ ഉദ്യോഗസ്ഥനും മനുഷ്യാവകാശ കൗണ്‍സില്‍ നിരീക്ഷകനുമായ ക്രിസ്റ്റഫ് ഹെയിന്‍സ് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഗൗരവതരമായ പല നിരീക്ഷണങ്ങളും നിര്‍ദേശങ്ങളും ഉള്‍പ്പെട്ടിരിക്കുന്നത്.

സൈന്യത്തിന് പ്രത്യേകാധികാരങ്ങള്‍ നല്‍കുന്ന നിയമം പിന്‍വലിക്കാന്‍ വേണ്ടി ശക്തമായ ആവശ്യം ഉയരുന്നതിനിടെയാണ് പ്രസ്തുത നിയമം പിന്‍വലിക്കാന്‍ യു.എന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഫ്‌സ്പ എന്ന സൈനിക കരിനിയമം പിന്‍വലിക്കണമെന്നാവസ്യപ്പെട്ട് മണിപ്പൂരില്‍ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള 11 വര്‍ഷമായി നിരാഹാര സമരത്തിലാണ്. കാശ്മീരില്‍ നിന്നും പ്രത്യേക സൈനിക കരിനിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വിവാദപരമായ പ്രസ്തുത നിയമം ഇന്ത്യന്‍ മേഖലകളില്‍ നിന്ന് പിന്‍വലിക്കല്‍ നിര്‍ബന്ധമാണെന്നും രാഷ്ട്രത്തിന്റെ അമിതമായ അധികാരത്തെയാണ് പ്രത്യേകാധികാര നിയമം സൂചിപ്പിക്കുന്നതെന്നും അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണിതെന്നും റിപ്പോര്‍ട്ട് പുറത്തു വിട്ടുകൊണ്ട് ക്രിസ്റ്റഫ് ഹെയിന്‍സ് മാധ്യമങ്ങളോട് പറഞ്ഞു.

വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാവുമ്പോള്‍ ഇന്ത്യയിലെ പോലീസ് സംവിധാനം ന്യൂനപക്ഷങ്ങളുടെ രക്ഷക്കെത്തുന്നില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഗുജറാത്ത് കലാപത്തില്‍ മുസ്ലിംകള്‍ക്കും കണ്ഡമാല്‍ കലാപത്തില്‍ ക്രൈസ്തവര്‍ക്കും ഭരണകൂടത്തിന്റെ സംരക്ഷണം ലഭിച്ചില്ലെന്നു മാത്രമല്ല, പോലീസ് കലാപകാരികള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്തു. കലാപത്തെ സംബന്ധിച്ചുള്ള അന്വേഷണവുമായി ഗുജറാത്ത് സര്‍ക്കാര്‍ സഹകരിച്ചില്ല-ക്രിസ്റ്റഫ് ഹെയിന്‍സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കസ്റ്റഡി മരണങ്ങളും ഏറ്റുമുട്ടല്‍ കൊലയും ഇന്ത്യയില്‍ വര്‍ധിച്ചിട്ടുണ്ട്. പൊലീസ് വെടിയേറ്റ് മരിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് അവര്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ പോരാടാനുള്ള സാമ്പത്തിക സ്വാധീനമില്ല. അതേസമയം, “ഏറ്റുമുട്ടല്‍ കൊല” ആസൂത്രണം ചെയ്ത് നടപ്പാക്കുന്നവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

നഗരങ്ങളിലെ അക്രമങ്ങളില്‍ ഏറെയും സ്ത്രീകളാണ് മരിക്കുന്നത്. ദലിതുകളും ആദിവാസികളും കൊല ചെയ്യപ്പെടുന്ന കേസുകളില്‍ നിയമം ശക്തമായി നടപ്പാക്കപ്പെടുന്നില്ല. ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള നിയമം ഇന്ത്യയിലുണ്ടെന്നും അവ വേണ്ട രീതിയില്‍ പ്രയോഗിക്കാത്തതാണ് പ്രശ്‌നമെന്നും ഐക്യരാഷ്ട്രസഭയുടെ നിരീക്ഷകന്റെ റിപ്പോര്‍ട്ട് പറയുന്നു.

ഗുജറാത്തിലെ കലാപബാധിത പ്രദേശങ്ങള്‍, കശ്മീര്‍, ആസാം, കേരളം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ പന്ത്രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനു ശേഷമാണ് ക്രിസ്റ്റഫ് ഹെയിന്‍സ് പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കിയത്. ഇന്ത്യയില്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ഇത്തരമൊരു അന്വേഷണം നടക്കുന്നത് ആദ്യമായാണ്. വിശദ റിപ്പോര്‍ട്ട് അടുത്ത വര്‍ഷം നടക്കുന്ന ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ സമര്‍പ്പിക്കും.

Malayalam News

Kerala News In English

We use cookies to give you the best possible experience. Learn more