| Sunday, 14th January 2024, 11:03 am

അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ നേരിടേണ്ടത് ഐക്യരാഷ്ട്ര സഭ: ഇസ്രഈൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹേഗ്: തീവ്രവാദ സംഘടനകളെ സേവിക്കുന്നതിന് അന്താരാഷ്ട്ര കോടതിയിൽ ഐക്യരാഷ്ട്ര സഭ വിചാരണ നേരിടണമെന്ന് യു.എന്നിലെ ഇസ്രഈൽ അംബാസിഡർ ഗിലാഡ് എർദാൻ.

വംശഹത്യ കുറ്റത്തിന് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക നൽകിയ കേസിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു എർദാൻ.

കഴിഞ്ഞ ദിവസം കേസ് റദ്ദാക്കണമെന്ന് യു.എന്നിന്റെ നീതിന്യായ കോടതിയോട് ഇസ്രഈൽ ആവശ്യപ്പെട്ടിരുന്നു.

വംശഹത്യ ആരോപണങ്ങൾ നിഷേധിച്ച ഇസ്രഈൽ, ബ്രസീൽ നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമം പാലിച്ചുകൊണ്ടുള്ളതാണെന്നും സ്വയം പ്രതിരോധത്തിനുള്ള മൗലികാവകാശം തങ്ങൾക്കുണ്ടെന്നും അവകാശപ്പെട്ടു.

ദക്ഷിണാഫ്രിക്കയുടെ ആരോപണങ്ങൾ പരിഗണിച്ച യു.എൻ ഹമാസുമായി സഹകരിക്കുകയാണ് എന്നും എർദാൻ ആരോപിച്ചു.

‘കണ്ണുകൾ മൂടിക്കെട്ടി ഗസയിൽ തീവ്രവാദത്തിന്റെ തുരങ്കങ്ങൾ സൃഷ്ടിക്കുന്നതിനും, മിസൈലുകളും ആയുധങ്ങളും നിർമിക്കാൻ അന്താരാഷ്ട്ര സഹായം നേടാനും കൊലപാതകവും വിദ്വേഷവും പഠിപ്പിക്കാനും കൂട്ടുനിൽക്കുന്നതിന് യു.എന്നാണ് അന്താരാഷ്ട്ര കോടതിയിൽ വിചാരണ നേരിടേണ്ടത്,’ എർദാൻ പറഞ്ഞു.

ഹമാസിന്റെ ആക്രമണം ശൂന്യതയിൽ നിന്ന് ഉടലെടുത്തതല്ല എന്ന യു.എൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറസിന്റെ പരാമർശമത്തിൽ അതൃപ്തനായ എർദാൻ, ഗുട്ടറസ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അധിനിവേശത്തെ ജനങ്ങൾ എപ്പോഴും പ്രതിരോധിക്കുമെന്ന മുൻ യു.എൻ ജനറൽ സെക്രട്ടറി ബാൻ കി മൂണിന്റെ പരാമർശത്തിനെതിരെയും ഇസ്രഈൽ രംഗത്ത് വന്നിരുന്നു.

Content Highlight: UN should face criminal court – Israel

We use cookies to give you the best possible experience. Learn more