| Friday, 16th February 2024, 5:43 pm

റഫയിൽ സൈനിക നീക്കമുണ്ടായാൽ ഫലസ്തീനികൾ ഈജിപ്തിലേക്ക് ഒഴുകും; കാര്യങ്ങൾ ഭീതിജനകം: യു.എൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: അതിർത്തി നഗരമായ റഫയിൽ ഇസ്രഈൽ സൈനിക ആക്രമണം നടത്തുമ്പോൾ അവിടെയുള്ള ലക്ഷക്കണക്കിന് ഫലസ്തീനികൾ ഈജിപ്തിലേക്ക് ഒഴുകുന്ന സാഹചര്യം ഉണ്ടാകുമെന്ന് മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ എയ്ഡ് അധ്യക്ഷൻ.

‘റഫയിൽ ഒരു സൈനിക നീക്കത്തിനുള്ള സാധ്യത, അതോടെ അതിർത്തി അടച്ചു പൂട്ടുന്നതിനുള്ള സാധ്യത, ജനസാഗരം ഒഴുകുന്നതിനുള്ള സാധ്യത… ഈജിപ്തിന്റെ പേടിസ്വപ്നം, അത് നമ്മുടെ കണ്മുമ്പിലുണ്ട്,’ ജനീവയിൽ നയതന്ത്രജ്ഞരോട് മാർട്ടിൻ ഗ്രിഫിത്‌സ് പറഞ്ഞു.

സുരക്ഷിതമായ സ്ഥാനത്തേക്ക് ഗസയിലെ ജനങ്ങൾ ഒഴിഞ്ഞുപോകുക എന്ന നിർദേശം വെറും മിഥ്യ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്രഈലിന്റെ സുഹൃത്തുക്കളും ഇസ്രഈലിന്റെ സുരക്ഷയെ കുറിച്ച് ഓർക്കുന്നവരും ഈ നിമിഷത്തിൽ അവർക്ക് നല്ല ഉപദേശം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്രിഫിത്‌സ് പറഞ്ഞു.

വ്യക്തമായ കുടിയേറ്റ പദ്ധതിയില്ലാത്തത് രോഗികളും പ്രായമായവരും ഉൾപ്പെടെയുള്ളവർ അനുഭവിക്കുന്ന ദുരിതം മറ്റൊരു തലത്തിലേക്ക് പോകുമെന്ന് ഗ്രിഫിത്‌സിനൊപ്പം യോഗത്തിൽ പങ്കെടുത്ത ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസിന്റെ അധ്യക്ഷ മിർജാന സ്പോൽജറിക് പറഞ്ഞു.

10 ലക്ഷത്തിലധികം ഫലസ്തീനികളാണ് ഈജിപ്തിന്റെ അതിർത്തിയിലുള്ള റഫ നഗരത്തിൽ കുടുങ്ങിക്കിടക്കുന്നത്. റഫയിലെ ഹമാസിന്റെ താവളങ്ങൾ കണ്ടുപിടിച്ച് ബന്ദികളെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ഇസ്രഈൽ സൈന്യം സിവിലിയന്മാരെ എങ്ങനെ ഒഴിപ്പിക്കും എന്നതിന് കൃത്യമായ നിർദ്ദേശം നൽകിയിട്ടില്ല.

എപ്പോഴാണ് റഫയിൽ കരയുദ്ധം നടത്തുക എന്നും നെതന്യാഹു ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Content Highlight: UN sees possible influx of Palestinians into Egypt if Israel attacks Rafah

Latest Stories

We use cookies to give you the best possible experience. Learn more